സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ അധിക്ഷേപം നേരിടുന്ന നടന്‍ കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോള്‍ പരിഹാസങ്ങള്‍ ശക്തമായത്. ഒരാളുടെ ജീവിതത്തെ വച്ചല്ല പരിഹസിക്കേണ്ടതെന്നും അങ്ങനെ ചെയ്യുന്നത് മനുഷ്യത്വരഹിതവുമാണെന്ന് അപ്പാനി ശരത് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

''കൈലാഷ് എന്ന നടന്‍ 10 വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത നീലത്താമര എന്ന മികച്ച ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. രണ്ട് സിനിമകളാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം ചെയ്തത്. അതില്‍ രണ്ടാമത്തേതാണ് മിഷന്‍ സി. വ്യക്തിപരമായി അദ്ദേഹത്തിനെ എനിക്ക് നന്നായി അറിയാം.

വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന അര്‍പ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. മിഷന്‍ സിയില്‍ അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടുന്ന ഒരു രംഗം പോലുമുണ്ട്. പെര്‍ഫക്ഷന് വേണ്ടി ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അദ്ദേഹം ചെയ്തത്. 

അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ എല്ലാവരെപ്പോലെയും നിലനില്‍പ്പിനായി സിനിമകള്‍ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. ഇത്തരം പരിഹാസങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഇവര്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതൊന്നും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ മോശമാണെങ്കില്‍ വിമര്‍ശിക്കാം, എന്നാല്‍ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണമെന്നതാണ് എനിക്ക് പറയാനുള്ളത്''- അപ്പാനി ശരത് പറഞ്ഞു.

Content Highlights: Mission C Kailash poster troll, Appani Sarath reacts to trolls