മ്മൂട്ടി നായകനായി വരുന്ന ചിത്രങ്ങൾക്കെന്നപോലെ അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള ചിത്രങ്ങൾക്കും വലിയ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച മമ്മൂട്ടിയുടേതായി പുറത്തുവന്നിരിക്കുന്ന ഒരു ഫോട്ടോയെക്കുറിച്ചാണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽനിന്നുള്ളതാണ് ഈ ചിത്രമെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മമ്മൂട്ടി താൻ മുൻപ് അവതരിപ്പിച്ച ഒരു കഥാപാത്രമായി വീണ്ടുമെത്തുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു.

To advertise here,

രഞ്ജിത് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്. ഇപ്പോൾ ലീക്കായിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പിന് ഷൺമുഖനുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ കണ്ടെത്തൽ.


കടുക്കനിട്ട്, ഡബിൾ പോക്കറ്റ് ഷർട്ട് ധരിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. പിന്നിലായ് രഞ്ജിത്തിനേയും കാണാം. കാരിക്കാമുറി ഷൺമുഖന്റെ രണ്ടാം വരവ് അതിഥി വേഷത്തിലായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

തുടരും എന്ന ചിത്രത്തിൽ വില്ലനായെത്തിയ പ്രകാശ് വർമയാണ് രഞ്ജിത് ചിത്രത്തിൽ പ്രധാനവേഷത്തിൽ. പുതുമുഖങ്ങളും പ്രധാന വേഷത്തിലുണ്ട്. അഭിരാമിയാണ് മറ്റൊരു മുഖ്യവേഷത്തിൽ. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. എട്ടുവർഷങ്ങൾക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. 2018-ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ഡ്രാമ'യാണ് രഞ്ജിത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ മമ്മൂട്ടി കമ്പനി നിർമിച്ച ആരോ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രഞ്ജിത് ആയിരുന്നു. ശ്യാമപ്രസാദ്, മഞ്ജുവാര്യർ, അസീസ് നെടുമങ്ങാട് എന്നിവരായിരുന്നു അഭിനേതാക്കൾ.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചത്താ പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലുണ്ട്. ഇന്ത്യയിൽ ആദ്യമായി WWE ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചത്താ പച്ച. ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാകും മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും.