''എടാ...രക്ഷപ്പെട്ട് പൊക്കോ.. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നിന്റെ കാലും കൈയും വെട്ടിയരിഞ്ഞില്ലെങ്കില്‍ ഈ പരമേശ്വരന്‍ സ്വയം കുത്തി മരിക്കുമെടാ...''

To advertise here,

അടിച്ചിട്ടിട്ടും വീണിടത്തു കിടന്നുള്ള ഈ ഭീഷണിയോര്‍ത്തുകൊണ്ടാണ് ചെങ്കോലില്‍ സേതുമാധവന്‍ വര്‍ഷങ്ങള്‍ക്കുശേഷം പരമേശ്വരനെ കാണാനായെത്തുന്നത്. കിരീടം കണ്ടവര്‍ക്കെല്ലാം സേതുമാധവന്റെ ജീവിതം തകര്‍ത്തതില്‍ ചെറുതല്ലാത്ത പങ്കുള്ള ഒരു ദേഷ്യം പരമേശ്വരനോട് സ്വാഭാവികമായും തോന്നിയിട്ടുണ്ടാകണം. എന്നാല്‍ ഈ മുന്‍വിധികള്‍ക്കു മുകളിലേക്കൊരു കസേര വലിച്ചിട്ടുകൊണ്ടാണ് കുണ്ടറ ജോണിയുടെ പരമേശ്വരന്‍ ചെങ്കോലില്‍ അവതരിക്കുന്നത്. ആ കസേരയില്‍ ഒരു ചായ ഗ്ലാസ് ചുണ്ടൊപ്പം ചേര്‍ത്ത് കുടിക്കാന്‍പോലും മകളുടെ സഹായം വേണ്ടിവരുന്ന ആ ഭൂതകാല ചട്ടമ്പി ചാരിക്കിടന്നു.

'നിങ്ങള്‍ക്ക് എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ' എന്ന സേതുമാധവന്റെ ചോദ്യത്തിന് ഒരു ചെറിയ പുഞ്ചിരിയാണ് പരമേശ്വരന്‍ ആദ്യം മറുപടിയായി നല്‍കുന്നത്.

അച്ചില്‍വാര്‍ത്തപോലുള്ള വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടുപോയിരുന്ന മനുഷ്യനിലെ നടന്റെ ആഴങ്ങള്‍ വെളിവാക്കുന്ന ഒരു പുഞ്ചിരി. സേതുമാധവന്‍ ആ ചിരിയില്‍ ഒന്നുമല്ലാതായിപ്പോകുന്നത് നമുക്ക് കാണാം. തൊട്ടുമുമ്പുവരെ രാമപുരത്തെ ചട്ടമ്പി പരമേശ്വരനോട്, സിനിമ കാണുന്നയാള്‍ക്കുണ്ടായിരുന്ന അമര്‍ഷം അനുകമ്പയോ അലിവോ ആയി മാറ്റാന്‍ ആ ചിരി ധാരാളമായിരുന്നു. സുഹൃത്തുക്കളാരും സഹായിക്കാതെ വരുമ്പോഴും സേതുവിനു കിടക്കാനിടം നല്‍കുന്നതും ഒരു തൊഴില്‍ ഒപ്പിച്ചുകൊടുക്കുന്നതും പരമേശ്വരനാണ്. പിന്നീടുള്ള കഥാഗതിയില്‍ ഒരിക്കല്‍ തന്നെ ജീവച്ഛവമായി ഉപേക്ഷിച്ചുപോയ സേതുമാധവന്റെ ജീവന്‍തന്നെ പരമേശ്വരന്‍ രക്ഷിക്കുന്നുണ്ട്. ലോഹിതദാസിന്റെ എഴുത്തിന്റെ ആഴവും പരപ്പും പ്രതിഫലിച്ച കഥാപാത്രമായിരുന്നു പരമേശ്വരന്‍. തിലകനെയും മോഹന്‍ലാലിനെയും പോലെയുള്ള മഹാരഥന്മാര്‍ മത്സരിച്ചഭിനയിച്ച ചെങ്കോല്‍, കുണ്ടറ ജോണിക്ക് തന്റെ പ്രതിഭയുടെ മാനങ്ങള്‍ തുറന്നുകാട്ടാനുള്ള ഒരിടംകൂടിയാണ് നല്‍കിയത്. നാലു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ഒരുപാടുണ്ടെങ്കിലും മലയാളിയുടെ ചലച്ചിത്ര ഓര്‍മകളില്‍ ചെങ്കോലിലെ പരമേശ്വരന്‍ ഏറ്റവും മുന്നില്‍ത്തന്നെയുണ്ടാകും.