
കിർക്കൻ എന്ന സിനിമ ജോഷിനു നൽകുന്ന സന്തോഷം ചെറുതല്ല. നാടകസംവിധായകനായും ലൈറ്റ് ബോയിയായുമെല്ലാം കലയുടെ പിന്നാമ്പുറങ്ങളിൽ ആത്മാവർപ്പിച്ചുനടന്ന ജോഷ്, ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കുമരനെല്ലൂരിലെ സായിവിഹാറിൽ ഗോപാലന്റെ മകൻ ജോഷ് ആണ് ‘കിർക്കൻ’ എന്ന വ്യത്യസ്ത സിനിമയിലൂടെ സംവിധാനപദത്തിലെത്തിനിൽക്കുന്നത്.
പാലക്കാട് ജില്ലയിൽ തൃത്താലക്കടുത്ത് കുമരനെല്ലൂരിൽ ജനിച്ചു വളർന്നു. പ്ലസ് ടു വരെയുള്ള പഠനകാലം കുമരനെല്ലൂർ ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടകരചനയിലും സംവിധാനത്തിലും ചിത്രകലയിലും മിമിക്രി, മോണോആക്ട് തുടങ്ങിയ കലകളിലുമെല്ലാം തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച ആളായിരുന്നു ജോഷ്. ഷൊർണൂർ കൊളപ്പുള്ളിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജിയിൽ ആയിരുന്നു ഉപരിപഠനം. ഷൊർണൂരും ഒറ്റപ്പാലവുമെല്ലാം ജോഷിന്റെ കലാപരമായ ജീവിതത്തെ ഒട്ടേറെ സ്വാധീനിച്ച നാടുകളാണ്.
പ്രസാദ് ഒറ്റപ്പാലം എന്ന സംവിധായകന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ജോഷ് തന്റെ സംവിധാനജീവിതം ആരംഭിക്കുന്നത്. 2003-ൽ ദൂരദർശനിൽ നാടൻപാട്ടുകളുൾപ്പെടുന്ന പരിപാടിയിൽ പ്രോഗ്രാം ഡയറക്ടറായതോടെ സ്‌ക്രീനിലേക്ക് എത്തി. ഇടശ്ശേരിയുടെ പൂതപ്പാട്ടിന് വ്യത്യസ്ത രംഗഭാഷയൊരുക്കി പൂതൻ എന്ന പേരിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ഏറെ ജനശ്രദ്ധ നേടി. തുമ്പിതുള്ളലെന്ന നാടൻ കലയെക്കുറിച്ച് തയ്യാറാക്കിയ തുമ്പിയെന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. 2012-ൽ ബാദുഷയെന്ന പ്രൊഡക്ഷൻ കൺട്രോളറിലൂടെ മേജർ രവിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. അദ്ദേഹത്തിന്റെ ‘കർമയോദ്ധ’ എന്ന സിനിമയിൽ സഹസംവിധായകനായി. ആ പരിചയംകൂടിയായതോടെ ജോൺ റോബിൻസന്റെ കൂടെയും ജയറാം കൈലാസിന്റെ കൂടെയും പ്രവർത്തിച്ചു.
കോവിഡ് കാലത്ത് മനസ്സിലുദിച്ച ആശയമാണ് ‘കിർക്കൻ’ എന്ന സിനിമയായത്. ജോഷിന്റെ ചീഫ് അസോസിയേറ്റ് ആയ അമലും ഉല്ലാസ് ചെമ്പനും ചേർന്ന് ഒരു കഥ രൂപപ്പെടുത്തുകയും പിന്നീട് ജോഷ് അതിന്റെ തിരക്കഥ രചിക്കുകയും ചെയ്യുകയായിരുന്നു. സലിംകുമാർ, വിജയരാഘവൻ, കനി കുസൃതി, അപ്പാനി ശരത്, അനാർക്കലി മരക്കാർ, മക്ബൂൽ സൽമാൻ, ശീതൾ ശ്യാം, മീര വാസുദേവ്, ജാനകി മേനോൻ തുടങ്ങിയവരെല്ലാമടങ്ങുന്നതാണ് അഭിനേതാക്കളുടെ ലിസ്റ്റ്.
പാലക്കാട് പോത്തുണ്ടി ഡാം പരിസരം ആയിരുന്നു പ്രധാന ലൊക്കേഷൻ കോട്ടയം, എറണാകുളം ഭാഗങ്ങളിലും ചിത്രികരണം നടന്നു. 2002ൽ അഭ്യസിച്ച എഡിറ്റിംഗ് തന്റെ ഈ സിനിമയിൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു. കിർക്കന്റെ പ്രൊഡ്യൂസർ മാത്യു മാമ്പ്ര എന്ന വ്യക്തിയുടെ തികഞ്ഞ കലാ ബോധവും നിശ്ചയദാർഢ്യവും ഈ സിനിമയുടെ വിജയത്തിന് വലിയ പങ്കുവഹിച്ചുവെന്നും ജോഷ് അഭിപ്രായപ്പെട്ടു.
മാത്യു മാമ്പ്ര നിർമ്മാണം നിർവഹിച്ച കിർക്കന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഗൗതം ലെനിൻ ആണ്. രോഹിത് വി. എസ് ആണ് എഡിറ്റിംഗ്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ മ്യൂസിക് നിർവഹിച്ചിട്ടുള്ളത്. മാഫിയ ശശിയും അഷ്‌റഫ് ഗുരുക്കളും ചേർന്നാണ് സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അജിത് നായർ, അജീഷ് സാരംഗി, രമ്യ ജോഷ് എന്നിവരാണ് സഹ നിർമാതാക്കൾ.
Content Highlights: kirkkan movie director josh, kirkkan movie update
Published: 31 Jul 2023, 07:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented