കാവാലം ശ്രീകുമാർ, ഹെഡ്മാസ്റ്ററിൽ ദേവി, തമ്പി ആന്റണി, ബാബു ആന്റണി
രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റര് എന്ന ചിത്രത്തെക്കുറിച്ച് കാവാലം ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി കാവാലം ശ്രീകുമാര്‍. കാവാലം ശ്രീകുമാര്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് ഹെഡ്മാസ്റ്റര്. ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളുമൊരുക്കി സംഗീത രംഗത്ത് സജീവമായി നില്ക്കുന്ന ശ്രീകുമാറിനോട് എന്തുകൊണ്ട് സിനിമയില്‍ വരുന്നില്ല എന്ന് ഒരുപാടാളുകള്‍ ചോദിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. എന്നാല്‍ അതിനെല്ലാം സൗമ്യമായ പുഞ്ചിരി മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് ലക്ഷ്മി പറയുന്നു. രാജീവ് നാഥിന്റെ തീരുമാനമായിരുന്നു തീരുമാനമാണ് ശ്രീകുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മിയുടെ കുറിപ്പ്
ശ്രീകുമാറിനോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്, എന്നാണ് ഒരു സിനിമ? പലപ്പോഴും ഒരു ചെറു ചിരി മാത്രമായിരുന്നു ശ്രീയുടെ മറുപടി.
ശ്രീയോട് ചോദിച്ചിട്ടില്ലെങ്കിലും, ഞാനും മനസ്സില്‍ ആലോചിട്ടുണ്ട്. ഒരു സിനിമ വേണ്ടേ ശ്രീക്ക്? ഞാന്‍ ചോദിച്ചാലും ഒരു പക്ഷേ ആ സൗമ്യമായ ചിരി തന്നെയാവും ശ്രീയുടെ മറുപടി. അനുഗ്രഹമായി അച്ഛന് കാവാലം നാരായണപ്പണിക്കരില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സംഗീതത്തെ സ്വന്തം ഇടനെഞ്ചില്‍ ഒളിപ്പിച്ച്, ലളിത ഗാനങ്ങളും, ഭക്തിഗാനങ്ങളും. ഇതൊക്കെ ആയി ശ്രീ....
അപ്പോഴാണ് 2021 ഡിസംബര്‍ ആദ്യം ഞങ്ങളുടെ പ്രിയപ്പെട്ട രാജീവ് നാഥ് ശ്രീയെ വിളിക്കുന്നത്. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് പറയുന്നു. പ്രസിദ്ധ ചെറു കഥാകൃത്തു കാരൂര്‍ നീലകണ്ഠ പിള്ളയുടെ പൊതിചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റര് എന്ന് പറയുന്നു. പതിവ് പോലെ ശ്രീ എല്ലാം കേട്ട് കൊണ്ടേയിരുന്നു.. ഇടയ്ക്ക് ചില കുഞ്ഞു കുഞ്ഞു ചോദ്യങ്ങള്‍. ചാനല്‍ ഫൈവ്ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും, തമ്പി ആന്റണിയും ബാബു ആന്റണിയും ചിത്രത്തില്‍ ഒരുമിക്കുന്നുവെന്നും, രാജിവ് നാഥ് പറഞ്ഞു. പ്രഭാവര്‍മ്മയാണ് ഗാനരചന എന്നും പറഞ്ഞു. അങ്ങിനെ ഹെഡ്മാസ്റ്റര് എന്ന സിനിമയെ കുറിച്ച് രാജിവ് നാഥ് എല്ലാ വിശേഷവും പറഞ്ഞു. ഒന്ന് മാത്രം പറഞ്ഞില്ല, ആരാണ് സംഗീത സംവിധായകന് എന്ന്. ഒരു പക്ഷേ മറന്നു പോയതാവും.
.jpg?$p=74dd70a&w=610&q=0.8)
പക്ഷേ, സംസാരത്തിന്റെ അവസാനം മറന്നു പോയ ഒരു കാര്യം പെട്ടെന്ന് ഓര്‍ത്തു പറയും പോലെ അദ്ദേഹം പറഞ്ഞു. ശ്രീ, ഹെഡ്മാസ്റ്ററിലെ സംഗീതം ശ്രീ തന്നെ ചെയ്യണം.
അതായിരുന്നു തുടക്കം. പ്രഭാവര്‍മ്മയുടെ കവിത നിറഞ്ഞ വരികള്‍. വിശേഷങ്ങള്‍ ഒന്നുമേ ആവശ്യമില്ലാത്ത ജയചന്ദ്രനും, പുതു തലമുറയുടെ വിസ്മയം നിത്യ മാമ്മനും ഗായകര്‍. ഹെഡ്മാസ്റ്റര് ലെ രണ്ട് ഗാനങ്ങളും പിറവി കൊള്ളുന്ന ഓരോ നിമിഷത്തിനും സാക്ഷിയാവാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നു. പറയാന്‍ ഒന്നുമില്ല, മനോഹരമായിരിക്കുന്നു ഹെഡ്മാസ്റ്ററിലെ രണ്ട് ഗാനങ്ങളും.
ഗാനങ്ങളെകുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ലെങ്കിലും ഹെഡ്മാസ്റ്റര് എന്ന സിനിമയെ കുറിച്ച് ഞാന്‍ ഒന്ന് പറയട്ടെ. ഒരു മാസ്റ്റര്‍പീസ് ആണ് ഈ ചിത്രം, എല്ലാ അര്‍ത്ഥത്തിലും. സത്യം ഹെഡ്മാസ്റ്റര് നമ്മെളെ പലതും ഓര്‍മ്മിപ്പിക്കും, പലതും പഠിപ്പിക്കും, പുതിയതായി പലതും പറഞ്ഞു തരും..
പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഹെഡ്മാസ്റ്റര്. നന്മയും കാരുണ്യവും പുതിയ തലമുറയ്ക്ക് കൈമോശം വരുന്നു എന്നോര്‍ത്ത് നാം വിഷമിക്കുമ്പോള്‍, അതിനൊരു ഉത്തരമാണ് ഹെഡ്മാസ്റ്റര്. പോയ തലമുറ എങ്ങിനെയാണ് ജീവിതം ജീവിച്ചുതീര്ത്തതെന്നു, പച്ചയായി ഹെഡ്മാസ്റ്റര് പറഞ്ഞു തരുന്നു..
ഹെഡ്മാസ്റ്റര് ഒരനുഭവമാണ്. ഓരോ ഫ്രെയിമിലും കണ്ണുനീര് തുള്ളിയുടെ ഒരു ചെറു നൊമ്പരം നിറഞ്ഞു നില്ക്കുന്ന ചിത്രം. ചിത്രം കണ്ട് ഇറങ്ങിയാലും,ഒരു വിതുമ്പലായി, വിങ്ങലായി, മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ ആവാത്ത ഓര്‍മ്മയായി തമ്പി ആന്റണി നമ്മുടെ ഉള്ളിലുണ്ടാവും..എത്രയോ മനോഹരമായി തമ്പിച്ചേട്ടന് പകര്‍ന്നാടിയിരിക്കുന്നു. ചിത്രീകരണത്തിനിടയില്‍ രാജിവ് നാഥ് പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. ഈ വേഷം നമ്മുടെ മോഹന്‍ലാല്‍ ചെയ്യാന്‍ ആഗ്രഹിച്ച, സമ്മതിച്ച വേഷമായിരുന്നു എന്നാവും. ഹെഡ്മാസ്റ്ററിന്റെ അധിക വിശേഷങ്ങള്‍ ഞാന്‍ പറയുന്നില്ല. നിങ്ങള്‍ കാണുക. ഈ മാസം 29 നു ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..