സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ചതോടെ 'പെർഫെക്ട് ലുക്കി'നായുള്ള സമ്മർദ്ദം സിനിമാമേഖലയിൽ കൂടിയെന്ന് നടി കാജൽ അഗർവാൾ. കാലം മാറുന്തോറും മാറിവരുന്ന സൗന്ദര്യസങ്കല്പങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു നടി. താൻ തുടക്കകാലത്ത് നേരിട്ടതിലും കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ തലമുറയിലെ നടിമാർ കടന്നുപോകുന്നത്. തന്നോട് ശരീരവണ്ണം കൂട്ടാനും കുറയ്ക്കാനുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൂരമായ സൗന്ദര്യസങ്കൽപങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന യുവനടിമാരോട് തനിക്ക് സഹതാപം തോന്നാറുണ്ടെന്ന് കാജൽ പറഞ്ഞു.

To advertise here,

രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്നത്തെ സാഹചര്യങ്ങളായിരുന്നില്ല. എന്നാൽ ഇന്നത്തേതുപോലെ സാമൂഹികമാധ്യമങ്ങളുടെ സമ്മർദ്ദം ഇല്ലായിരുന്നെങ്കിൽക്കൂടിയും അന്നും നടിമാർ ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ എത്തിപ്പിടിക്കാൻ പ്രയാസമായ മാനദണ്ഡങ്ങളുണ്ടായിരുന്നു.

'അന്ന് ഇതുപോലെയായിരുന്നില്ല. സാമൂഹികമാധ്യമങ്ങളുണ്ടായിരുന്നില്ല. പൊതുസമൂഹത്തിന്റെ വിചാരണകളുടെ അധികഭാരം ഉണ്ടായിരുന്നില്ല. ഇന്നുള്ളത് പോലെ 'എയർപോർട്ട് ലുക്കു'കൾക്ക് ന്യായീകരണം കൊടുക്കേണ്ടി വന്നിരുന്നില്ല. ഒരാൾക്ക് അയാളായിത്തന്നെ ഒരു മുറിയിലേക്കോ എയർപോർട്ടിലേക്കോ സമാധാനത്തോടെ കടന്നുചെല്ലാമായിരുന്നു. അണിഞ്ഞൊരുങ്ങി യാത്ര ചെയ്യുന്നത് എളുപ്പമല്ല. അതത്ര സുഖകരമായ കാര്യവുമല്ല, പ്രത്യേകിച്ച് ദീർഘദൂരയാത്രകളിൽ. ഭാഗ്യത്തിന് അന്നെനിക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നില്ല.' കാജൽ പറഞ്ഞു.

സിനിമാ സംവിധായകരിൽനിന്നാണ് നടിമാർ വിമർശനങ്ങൾ നേരിട്ടിരുന്നതെന്ന് നടി കൂട്ടിച്ചേർത്തു. അവർ തടിക്കാനും മെലിയാനും പറയും. അന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ ഇന്നത്തേതിലും എളുപ്പമായിരുന്നുവെന്ന് നടി പറഞ്ഞു. ഇന്നത് ക്രൂരമാണ്. അതുകൊണ്ട് യുവനടികളോട് സഹതാപം തോന്നിയിട്ടുണ്ട്. അവർക്ക് സുരക്ഷിതമായ ഒരിടം കിട്ടാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും നടി പറഞ്ഞു.

സുരക്ഷിതമല്ലെന്ന് തോന്നിയ ഇടങ്ങളിൽ നിന്നും പുറത്തുകടക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും, അവസരങ്ങൾ ലഭിക്കാനായി യെസ് പറയാൻ നിർബന്ധിതയായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. നോ പറയാൻ പഠിക്കുകയാണ് എല്ലാത്തിനും സമ്മതിക്കുന്നതിലും പ്രധാനപ്പെട്ട കാര്യം. കാര്യങ്ങൾ അനുകൂലമായി നടന്നാൽ നല്ലത്, ഇല്ലെങ്കിൽ അതുപേക്ഷിച്ച് മുന്നോട്ട് പോകാൻ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നുവെന്ന് കാജൽ കൂട്ടിച്ചേർത്തു.

ദി ഇന്ത്യ സ്റ്റോറിയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചേതൻ ഡി.കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രേയസ് തൽപാഡെ ആണ് നായകൻ. സ്വാതി വിനായക് സെയ്ന്താനെ, അനിത ജാദവ്, വിനായക് സെയ്ന്താനെ, കൽപേഷ് ഷാ, ദേവയാനി ഖൊരാട്ടെ, പ്രേം ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കീടനാശിനി ഉപയോഗിച്ചുള്ള കൃഷി സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രം ജൂലൈ 24-ന് പുറത്തിറങ്ങും.