ഐ.ഐ.എഫ്.ടി.സി (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ്) 2023-ൽ സിനിമാറ്റിക് എക്സലൻസ് പുരസ്കാരം കരസ്ഥമാക്കി മലയാളചിത്രം ദി പ്രൊപ്പോസൽ. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപ്പോസൽ. പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകകൂടിയാണ് ഈ അവാർഡ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി കൺവീനർ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
2022ൽ സൈന പ്ളേ ഒടിടിയിലാണ് ദി പ്രൊപ്പോസൽ റിലീസ് ചെയ്തത്. കോവിഡ് കാലത്ത് അഞ്ച് ലക്ഷം രൂപയിൽ താഴെ വരുന്ന ബഡ്ജറ്റിൽ ഒരു പരീക്ഷണ സിനിമയായി പൂർത്തീകരിച്ച ഈ ചിത്രത്തിന് കിട്ടിയ അവാർഡ് അത്ഭുതത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ് പറഞ്ഞു. റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗിൽ നിന്നും RRR, കന്നഡ ചിത്രമായ റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചു.

സ്‌റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്ന നായക കഥാപാത്രം വിസ അവസാനിച്ചതിന് ശേഷം, അതേ രാജ്യത്ത് തന്നെ തുടർന്ന് ജീവിക്കാനായി കേരളത്തിലെ ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നും പെർമനന്റ് വിസയുള്ള ഒരു മലയാളി വധുവിനെ കണ്ടെത്താൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സന്ദർഭങ്ങളുമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. സംവിധായകൻ കൂടിയായ ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.
ഒക്ടോബർ 12 മുതൽ 14 വരെ നീണ്ടു നിന്ന ഐ.ഐ.എഫ്.ടി.സി ചലച്ചിത്ര മേളയിൽ തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി എന്നീ ഇൻഡസ്‌ട്രികളിലെ ശ്രദ്ധേയരായ നിർമാതാക്കളും സംവിധായകരും പങ്കെടുത്തു. ഇന്ത്യൻ സിനിമ നിർമാണ കമ്പനികളെ ലാഭകരവും സുതാര്യവുമായ ചിത്രീകരണത്തിനായി തങ്ങളുടെ രാജ്യങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് ടർക്കി, പോളണ്ട്, കെനിയ, പോർചുഗൽ, യൂഎഇ , സ്പെയിൻ, അമേരിക്ക, സെർബിയ, മൗറീഷ്യസ്, അസിർബൈജാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഫിലിം ബോർഡ് പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. 10 വർഷമായി നടക്കുന്ന മേളയിലെ ഈ വർഷത്തെ ഇവന്റുകൾ ഇംത്യാസ് അലി, കബീർ ബേഡി, ആർ. ബാൽകി തുടങ്ങി അനേകം പ്രഗൽഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
Content Highlights: IIFTC award, the proposal malayalam movie
Published: 17 Oct 2023, 12:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented