തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

To advertise here,

വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ നല്‍കിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്‌.

ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകള്‍ പറയും ബാലന്‍ എന്ന നിര്‍മ്മാതാവിന്റെ മേല്‍വിലാസം. മലയാള സിനിമയുടെ തലപ്പൊക്കങ്ങളായ കെ.ജി ജോര്‍ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള്‍ പലതും പിറന്നത് ഈ ബാനറിലായിരുന്നു. മഹാന്മാരായ സംവിധായകരുമായുള്ള വ്യക്തിബന്ധങ്ങളും സൗഹൃദവും മികച്ച കലാസൃഷ്ടികള്‍ക്കായി കാശിറക്കാന്‍ ബാലന്‍ എന്ന നിര്‍മ്മാതാവുമുണ്ടാതുകൊണ്ടാണ് ഒരുപക്ഷേ  തൂവാനത്തുമ്പികളും പഞ്ചവടിപ്പാലവും മൂന്നാപക്കവും സുഖമോ ദേവിയും മലയാളത്തിന് ലഭിച്ചത്‌. ബാലചന്ദ്ര മേനോന്‍, ശശികുമാര്‍, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിര്‍മിച്ചു.

പത്മമരാജന്റെ അകാലവിയോഗത്തിന് ശേഷം ഗാന്ധിമതി ബാലന്‍ പിന്നീട് സിനിമ നിര്‍മിച്ചില്ല. എന്നാല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആയിരുന്നു. 2015 നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍, അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

63 വയസില്‍ ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനം ആയി വളര്‍ത്തി. 

ഭാര്യ - അനിത ബാലന്‍.  മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ - മെഡ്‌റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ - ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോര്‍ട്‌സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).