പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഒരു പ്ലാന്റർ കുടുംബത്തിൽ നിന്നും തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തിയതായിരുന്നു പി.കെ.ബി.നായർ. 1970-കളുടെ അവസാനത്തിൽ തൈക്കാട്ടുള്ള അമൃത ഹോട്ടൽ സിനിമാക്കാരുടെ താവളമായിരുന്നു. ഇലന്തൂരുകാരനായ മോഹൻലാലിന്റെ കുടുംബവുമായി ബാലന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നെങ്കിലും ഇരുവരും പരിചയപ്പെടുന്നത് അമൃതയിൽ വച്ചായിരുന്നു. സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിച്ച ഗാന്ധിമതി ഫിലിംസിന് ലാഭമുണ്ടാക്കിയത് ചില ചിത്രങ്ങൾ മാത്രമായിരുന്നു. വിതരണത്തിനെടുത്ത മോഹൻലാൽ അഭിനയിച്ച ‘അരം+ അരം= കിന്നരം’ എന്ന ചിത്രമാണ് അദ്ദേഹത്തിന് ആദ്യമായി ലാഭം നൽകിയത്. 'ചേട്ടന്റെ ആർട് ചിത്രങ്ങളൊക്കെ ഇരിക്കട്ടെ, ലാഭമുണ്ടാക്കാൻ ഞങ്ങളൊക്കെത്തന്നെ വേണം' എന്ന് മോഹൻലാൽ, ബാലനോട് തമാശയായി പറയുമായിരുന്നു. ‘സ്ഫടിക’ത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ബാലനാണ് സിനിമയ്ക്കുവേണ്ടി മോഹൻലാലിനോട് സംസാരിച്ചത്.
വായിച്ച് കഥ കണ്ടെത്തുക, എഴുത്തുകാരെ തിരക്കഥ ഏൽപ്പിക്കുക, നടന്മാരെ തിരഞ്ഞെടുക്കുക, ആദ്യവസാനം സിനിമ ഒരുക്കുക തുടങ്ങി സർഗാത്മകമായ നിർമാണപ്രക്രിയയാണ് ഗാന്ധിമതി ബാലന്റെ ശൈലി. നിർമാതാവിന് വില ഇല്ലാതായതോടെ, കാശിറക്കുന്ന ചാക്ക് മാത്രമായതോടെ സിനിമ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിർമിച്ച ‘മൂന്നാം പക്കം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്. രാജ ഒരു പടത്തിന് 15 ലക്ഷത്തോളം വാങ്ങുന്ന കാലമായിരുന്നു. വളരെ ശങ്കയോടെ ബാലൻ ഇളയരാജയ്ക്ക് നൽകിയത് മൂന്നുലക്ഷം രൂപ. അതിൽ ഒരു ലക്ഷം ഇളയരാജ തിരിച്ചു നൽകി. നല്ല സിനിമയ്ക്ക് സംഗീതം നൽകുന്നതു തന്നെ മികച്ച പ്രതിഫലമാണെന്നാണ് രാജ അന്ന് ബാലനോട് പറഞ്ഞത്.
നഷ്ടം സഹിച്ചും കലാമേന്മയ്ക്കുവേണ്ടി നിലകൊണ്ട വലിയ മനസ്സായിരുന്നു ഗാന്ധിമതി ബാലന്റേതെന്ന് പി.പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ അനുസ്മരിച്ചു. 'അദ്ദേഹം ഒപ്പമുള്ളത് അച്ഛന് വലിയ ബലമായിരുന്നു. 'ഇന്നലെ', ‘ഞാൻ ഗന്ധർവൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾ വേറെയാണെങ്കിലും നടത്തിപ്പിന് ബാലനുണ്ടായിരുന്നു. 'ഇന്നലെ' എന്ന ചിത്രം നിർമിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും വീണ്ടും നഷ്ടം വരുത്തുന്നത് ഒഴിവാക്കാൻ അച്ഛൻ മാറ്റിനിർത്തി. -അനന്തപദ്മനാഭൻ പറഞ്ഞു. പദ്മരാജന്റെ ‘നക്ഷത്രങ്ങളെ കാവൽ’ എന്ന നോവൽ വായിച്ച ആവേശത്തിലാണ് ബാലൻ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഉണ്ടായ ആ ബന്ധം പദ്മരാജന്റെ മരണംവരെ ഒപ്പം നടന്നു.
അനാരോഗ്യം കാരണം യാത്ര ഒഴിവാക്കിയിരുന്ന ബാലൻ, പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മിയുടെ 80-ാം പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു. ചേച്ചിയുടെ കാര്യത്തിൽ ഒഴിവു പറയാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ദീർഘകാലം പദ്മരാജൻ ട്രസ്റ്റിന്റെ സാരഥിയായിരുന്നു. പദ്മരാജന്റെ സംവിധാനത്തിൽ അദ്ദേഹം നിർമിച്ച ‘നൊമ്പരത്തിപ്പൂവ് ‘എന്ന സിനിമയ്ക്ക് 37 വർഷം തികയുന്ന ദിവസമാണ് അദ്ദേഹം ഓർമയായത്.
Content Highlights: remembering late film producer gandhimathi balan
Published: 11 Apr 2024, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented