'എമ്പുരാന്' സിനിമ റിലീസിനുശേഷം സംഘപരിവാര്‍ കോര്‍ണറുകളില്‍നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ്. ഗുജറാത്ത് വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പര്‍ശിക്കുമ്പോള്‍ പോലും സംഘപരിവാര്‍ അസ്വസ്ഥരാവുന്നുവെന്നും കേരളത്തെ അപമാനിക്കാന്‍ 'കേരള സ്റ്റോറി' എന്ന പേരില്‍ മറ്റൊരു സൃഷ്ടി വന്നപ്പോള്‍ നൂറുശതമാനം ഫാക്ട് എന്ന സര്‍ട്ടിഫിക്കറ്റ് അടിച്ചുകൊടുത്തവരാണ് സംഘപരിവാറുകാരെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു.
ഡി.വൈ.എഫ്.ഐയുടെ വാര്‍ത്താക്കുറിപ്പ്:
ഗുജറാത്തില്‍ സംഘപരിവാര്‍ വാളും തൃശ്ശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പര്‍ശിക്കുമ്പോള്‍ പോലും അവര്‍ എത്ര അസ്വസ്ഥമാണ് എന്നാണ് തെളിയിക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹന്‍ലാലിനെയും, പൃഥ്വിരാജിനെയും, മുരളി ഗോപിയേയും, ആന്റണി പെരുമ്പാവൂരിനെയുമൊക്കെ നേരെ കേട്ടാല്‍ അറക്കുന്ന തെറി അഭിഷേകവും, വര്‍ഗ്ഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്. കേരളത്തെ അപമാനിക്കാന്‍ 'കേരള സ്റ്റോറി' എന്നൊരു പ്രൊപ്പഗാന്റ പടച്ചുവിട്ടപ്പോള്‍ '100% ഫാക്ട്' എന്ന് സര്‍ട്ടിഫിക്കറ്റ് അടിച്ചുകൊടുത്തവരാണ് ഇപ്പോള്‍ പൃഥ്വിരാജിനെയും മോഹന്‍ലാലിനെയുമൊക്കെ തെറി പറയുന്നത്.
ബാബറി സംഭവത്തിനുശേഷം ഇന്ത്യയില്‍ ഏറ്റവും വിധ്വംസകമായ വര്‍ഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ല്‍ നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികള്‍
മുസ്ലീങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചുവിട്ടു. തന്നെ രണ്ട് ദിവസം ജയില്‍ മോചിതനാക്കിയാല്‍ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി ഗവണ്മെന്റ്. വംശഹത്യാ കാലത്ത് മുസ്ലീം സ്ത്രീകളെ പീഡിപ്പിച്ചു കൊലപാതകം നടത്തിയതും അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട സംഘികള്‍ക്ക് ശിക്ഷാഇളവ് നല്കി വിട്ടയയ്ക്കാന് ശ്രമിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി രാജ്യം കണ്ടു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിര് ശബ്ദങ്ങളെയും നിഷ്കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകത ആരേലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍, തുറന്ന് കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഉറപ്പായും അഭിനന്ദനം അര്‍ഹിക്കുന്നു.
മുരളി ഗോപി എന്ന എഴുത്തുകാരനും പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനും, ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിനും, മലയാളികളുടെ സ്വകാര്യ അഭിമാനം മോഹന്‍ലാലിനും, എമ്പുരാന് സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍
കേരളം ഒറ്റക്കെട്ടായി ഉണ്ടാവും.
Content Highlights: dyfi state secretariat declares support to film empuran against rss propaganda
Published: 28 Mar 2025, 09:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented