വർഷങ്ങൾക്കുശേഷം നടൻ ദിലീപും മഞ്ജു വാര്യരും ഒരേ ചടങ്ങിന് ഒന്നിച്ചുണ്ടായിരുന്ന വീഡിയോ വൈറലാവുന്നു. കാക്കനാട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ ചടങ്ങിൽ ഒരേസമയത്ത് എത്തുന്നത്.

To advertise here,

തിയേറ്റർ ഉദ്ഘാടനത്തിന് പിന്നാലെ സ്‌ക്രീനിങ്ങും നടന്നിരുന്നു. ഇരുവർക്കും ഒരേ വരിയിലായിരുന്നു ഇരിപ്പിടങ്ങൾ ഒരുക്കിയത്. ഒരേ വരിയിൽ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമാ തോമസ് എം.എൽ.എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലീപ് ഇരുന്നത്.

കാക്കനാട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. നാല് സ്‌ക്രീനുകളാണ് പുതിയ തിയേറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്‌ക്രീൻ എന്ന പ്രത്യേകതയാണ് കാക്കനാട്ടെ തിയേറ്ററിനെ വേറിട്ടുനിർത്തുന്നത്.

ഉദ്ഘാടന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സ്‌ക്രീൻ ഒന്നിൽ താരങ്ങൾക്കും സിനിമാ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി പ്രത്യേക പ്രദർശനവും നടന്നു.