കന്നഡ താരം യഷിന്റെ പാൻ-ഇന്ത്യൻ ചിത്രം ടോക്സിക് ജൂണിലേക്ക് മാറ്റിവെച്ചതോടെ, രൺവീർ സിങ് നായകനാകുന്ന സ്പൈ ത്രില്ലർ ധുരന്ധർ 2 മാർച്ച് 19-ന് റിലീസിനൊരുങ്ങുന്നു. റിലീസിന് 15 ദിവസം ബാക്കി നിൽക്കെ തന്നെ അമേരിക്കയിൽ ചിത്രം ഒരു ലക്ഷം ഡോളർ  പ്രീ-സെയിൽസ് കടന്നു.

To advertise here,

 ഇതിൽ 70,000 ഡോളറും മാർച്ച് 18-ന് നടക്കാനിരിക്കുന്ന പ്രീമിയർ ഷോകളിൽ നിന്നാണ്. രൺബീർ കപൂർ ചിത്രം അനിമൽ നേടിയ 1.2 മില്യൺ ഡോളറിന്റെ പ്രീമിയർ റെക്കോർഡ് ധുരന്ധർ 2 മറികടക്കുമെന്നാണ് വിലയിരുത്തൽ.

മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ടോക്സിക് മാറ്റിവെക്കാൻ കാരണം പശ്ചിമേഷ്യയിലെ നിലവിലെ അനിശ്ചിതാവസ്ഥയാണെന്ന് നടനും സഹനിർമാതാവുമായ യഷ് വ്യക്തമാക്കി.  ജൂൺ 4-ന് ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. മാർച്ചിൽ മറ്റ് ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് ഇല്ലാത്തത് ധുരന്ധർ 2-ന് വലിയ മുതൽക്കൂട്ടാകും.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹംസ എന്ന ജസ്കിരാത് ആയാണ് രൺവീർ സിങ് എത്തുന്നത്. ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 2025-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം 1300 കോടി രൂപ ആഗോളതലത്തിൽ നേടിയിരുന്നു. രണ്ടാം ഭാഗം ആദ്യ വാരാന്ത്യത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് 150–200 കോടി രൂപ നേടുമെന്നാണ് പ്രവചനങ്ങൾ.