ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ അടുത്ത ചിത്രത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിര്‍മാതാവുമായ വിന്‍ ഡീസലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ചിത്രത്തില്‍ റൊണാള്‍ഡോയ്ക്കായുള്ള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

To advertise here,

റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിന്‍ ഡീസല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിക്കുന്നു. ഞാന്‍ നിങ്ങളോട് പറയട്ടെ, അദ്ദേഹം ഒരു യഥാര്‍ഥ മനുഷ്യനാണ്. ഞങ്ങള്‍ അദ്ദേഹത്തിനായി ഒരു വേഷം എഴുതിയിട്ടുണ്ട്.' -വിന്‍ ഡീസല്‍ കുറിച്ചു. പോസ്റ്റ് വന്നതിന് പിന്നാലെ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ആരാധകര്‍ ഒരുപോലെ ആവേശത്തിലായി.

 

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ബ്രയാന്‍ ഒ'കോണര്‍ എന്ന കഥാപാത്രവും വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന ഡോം എന്ന കഥാപാത്രവും പുതിയ ചിത്രത്തില്‍ വീണ്ടും കണ്ടുമുട്ടുമെന്ന് വിന്‍ ഡീസല്‍ നേരത്തേ പറഞ്ഞിരുന്നു. അന്തരിച്ച നടന്‍ പോള്‍ വാക്കറാണ് ബ്രയാന്‍ ഒ'കോണര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.

പരമ്പരയിലെ ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ 2013 നവംബര്‍ 30-നാണ് പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിക്കുന്നത്. പിന്നീട് സിജിഐ സാങ്കേതികവിദ്യയും വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ചും പോള്‍വാക്കറിന്റെ സഹോദരന്മാരുടെ സഹായത്തോടെയുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.