
കൊച്ചി: മലയാള സിനിമാ മേഖലയിലേക്ക് വിദേശത്തുനിന്ന് കള്ളപ്പണമെത്തുന്നുണ്ടെന്ന സംശയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം തുടങ്ങി. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങൾ നിർമിച്ച വ്യക്തിയെ ഇ.ഡി. അന്വേഷണ സംഘം ചോദ്യംചെയ്തു. ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇയാളുൾപ്പെടെ ആറ് നിർമാതാക്കൾ ഇ.ഡി.യുടെയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ്. കഴിഞ്ഞവർഷം ഇവരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.
മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. അടുത്തകാലത്ത് വലിയ മുതൽമുടക്കിൽ സിനിമയെടുത്ത നിർമാതാക്കളാണ് നിരീക്ഷണത്തിലുള്ളത്. ഇത്തരത്തിൽ ഒരു നിർമാതാവിനെയാണ് രണ്ടു ദിവസമായി കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.
ബിനാമികളെ നിർമാതാക്കളാക്കി അവതരിപ്പിച്ച് മലയാളസിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇറങ്ങുന്ന സിനിമകൾ സാമ്പത്തിക വിജയം നേടാഞ്ഞിട്ടും പണം മുടക്കാൻ നിർമാതാക്കൾ എത്തുന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. നിർമാതാക്കളുടെ അക്കൗണ്ട് വിവരങ്ങൾ അറിയുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരേയും ചോദ്യംചെയ്യുമെന്നാണ് സൂചന.
ഫെമ ചട്ടപ്രകാരം പണം കൈപ്പറ്റിയ രീതി പരിശോധിക്കുകയും ചട്ടലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുകയും ചെയ്യും. അവരുടെ മറുപടി ലഭിച്ചശേഷം അത് പരിശോധിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് പിഴ നിശ്ചയിക്കുക. സമയമെടുക്കുന്ന നടപടിക്രമങ്ങളാണിത്.
Content Highlights: black money, enforcement directorate investigation, malayalam movie industry
Published: 12 May 2023, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented