പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള അനുമോദനചടങ്ങിൽ ഹൃദ്യമായ പ്രസംഗവുമായി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുന്നത് ചെറിയ കാര്യമല്ലെന്ന് ബേസിൽ അഭിപ്രായപ്പെട്ടു. എന്നാൽ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടാത്തവരെ മോശക്കാരായി കാണരുതെന്നും നടൻ അഭിപ്രായപ്പെട്ടു.

To advertise here,

പാലക്കാട് മണ്ഡലത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ 'ജയ ജയ ജയം ഹോ' എന്ന പേരിൽ രമേഷ് പിഷാരടി എം.എൽ.എ. അനുമോദചന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കാണിക്കമാത ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഞായറാഴ്ച നടന്ന പരിപാടിയിൽ ബേസിൽ ഉദ്ഘാടകനായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായിരുന്നു അനുമോദനം.

'ഞാനും സ്‌കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അന്നും ഫുൾ എ പ്ലസ് ഭയങ്കരമായിരുന്നു. ഇതുപോലത്തെ അവാർഡും മെമെന്റോയും കിട്ടുന്നത് ഞങ്ങൾക്ക് പ്രചോദകമായിരുന്നു. ജീവിതത്തിൽ ആദ്യമായി കിട്ടുന്നത് ഇത്തരം അംഗീകാരങ്ങളാണല്ലോ? നിങ്ങളെപ്പോലെ ഇത്തരം വേദിയിൽ ഇരുന്ന ഓർമകൾ എനിക്കുമുണ്ട്', ബേസിൽ ഓർത്തെടുത്തു.

'ശരിയായ വിദ്യാഭ്യാസം കിട്ടുക എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ കാര്യം. ഇനിയുള്ള കാലത്ത് പിടിച്ചുനിൽക്കണമെങ്കിൽ മിനിമം വിവരവും വിദ്യാഭ്യാസവും വേണം. അത്രയും മത്സരമുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അവാർഡ് കിട്ടാത്തവരെ ആരെയും മോശക്കാരായി കാണരുത്. ചിലപ്പോൾ ആ വിഷയത്തിൽ മോശമായതുകൊണ്ടായിരിക്കാം അവർക്ക് അവാർഡ് കിട്ടാത്തത്. എല്ലാവർക്കും എല്ലാ വിഷയങ്ങൾക്കും നന്നായി മാർക്കുവാങ്ങിക്കാൻ പറ്റണമെന്നില്ല', ബേസിൽ അഭിപ്രായപ്പെട്ടു.

'ഓരോരുത്തർക്കും അവരുടേതായ കഴിവുകളുണ്ട്. അത് കണ്ടെത്തി അതിനെ പിന്തുണയ്ക്കണം. ഫുൾ എ പ്ലസ് കിട്ടാത്തവർ ആരും മോശക്കാരല്ല. അവരെ വേറെ ഏതെങ്കിലും രീതിയിൽ കാലം അംഗീകരിക്കും. അതിനുവേണ്ടി അധ്വാനിക്കുക', നടൻ വ്യക്തമാക്കി.

'ഫുൾ എ പ്ലസ് വാങ്ങിക്കുക എന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇതുകൊണ്ട് തീർന്നു എന്നാരും വിചാരിക്കേണ്ട. ഇനിയങ്ങോട്ട് കുറച്ചുകൂടെ കടുപ്പമേറിയതായിരിക്കും. ജീവിതകാലം മൊത്തമുള്ള പോരാട്ടമാണ്. അതിൽ തുടർച്ചയായും അച്ചടക്കത്തോടെയും പരിശ്രമിക്കുന്നവർക്കെ എന്നെങ്കിലും എവിടെയെങ്കിലും എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഇതൊരു മാരത്തൺ ആയി എല്ലാവരും കാണുക. മാരത്തണിന്റെ ഇടയ്ക്ക് കുറച്ച് കുടിവെള്ളം, ഓറഞ്ച് ഒക്കെ തരും. അങ്ങനെയൊരു റിഫ്രഷ്‌മെന്റ് ആയി മാത്രം ഇതിനെ കണ്ടാൽ മതി. ഇത് ഇവിടെയൊന്നും തീരുന്നില്ല', ബേസിൽ ഓർമിപ്പിച്ചു.

'ആരെയും പേടിപ്പിക്കാൻ പറയുന്നതല്ല. മുമ്പോട്ടുപോകുമ്പോൾ ഉറപ്പായും അങ്ങനെ തന്നെയാണ്. ഹ്രസ്വകാല ലക്ഷ്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല. എല്ലാം ദീർഘകാലത്തേക്കുള്ളത് മാത്രമായിരിക്കുക. അൻപതോ എഴുപതോ വയസിൽ നമ്മൾ എവിടെയുണ്ടാവണം എന്ന് ആലോചിച്ച് മുന്നോട്ടുപോവുക', ബേസിൽ ജോസഫ് കൂട്ടിച്ചേർത്തു.