പ്രശസ്ത ഭോജ്പുരി നടന്‍ പവന്‍ സിംഗിന്റെ ആരാധകരില്‍നിന്ന് വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടുവെന്ന് നടി ആഹന കുമ്ര. ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായിരുന്നു ആഹനയും പവന്‍ സിംഗും. ഷോയില്‍വെച്ച് ഇരുവരും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് അവിടെവെച്ചുതന്നെ പരിഹരിച്ചതാണെന്നും ആഹന പറഞ്ഞു. എങ്കിലും പവന്‍ സിംഗിന്റെ ആരാധകര്‍ നിര്‍ത്താതെ ഉപദ്രവം തുടര്‍ന്നുവെന്നും ഇക്കാര്യം ഷോയുടെ നിര്‍മാതാക്കളെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയെന്നും ആഹന പറഞ്ഞു.

To advertise here,

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുവന്ന ഭീഷണികളെക്കുറിച്ച് ആഹന കുമ്ര വെളിപ്പെടുത്തിയത്. താന്‍ ഷോയില്‍നിന്ന് പുറത്തായപ്പോള്‍ ധാരാളം വധഭീഷണികളും ബലാത്സംഗ ഭീഷണികളും ലഭിച്ചെന്ന് ആഹന വെളിപ്പെടുത്തി. അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഷോയുടെ നിര്‍മ്മാതാക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഷോയില്‍ താന്‍ ആരെയും അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഒരു കാര്യം പറഞ്ഞതിന് ഇത്രയേറെ ഭീഷണികള്‍ ലഭിച്ചു. തന്നെക്കുറിച്ച് പലതും പറയുന്നു. നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് നടി ചോദിച്ചു.

റിയാലിറ്റി ഷോയ്ക്കിടെ സിംഗിന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും, ആ വിഷയം വേദിയില്‍ വെച്ച് സൗഹാര്‍ദ്ദപരമായി പരിഹരിച്ചിരുന്നുവെന്ന് കുമ്ര വിശദീകരിച്ചു. ഒരുപാട് മത്സരാര്‍ത്ഥികള്‍ തന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പവന്‍ സിംഗ് മാത്രമാണ് മാപ്പുപറഞ്ഞിട്ടുള്ളത്. അക്കാരണത്താല്‍ തനിക്ക് പവന്‍ സിംഗിനോട് വലിയ ബഹുമാനമുണ്ടെന്നും കുമ്ര കൂട്ടിച്ചേര്‍ത്തു.

സലാം വെങ്കി എന്ന ചിത്രത്തിലാണ് ആഹന കുമ്ര ഒടുവില്‍ വേഷമിട്ടത്. കജോളും വിശാല്‍ ജെത്‌വയുമായിരുന്നു മുഖ്യവേഷങ്ങളില്‍.