ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് അവസരങ്ങൾ തേടുന്നവർക്ക് മുന്നറിയിപ്പുമായി ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി. ഉന്നതബന്ധങ്ങൾ ഒരിക്കലും തന്നിലേക്കെത്താനുള്ള വഴിയല്ലെന്ന് ദദ്‌ലാനി സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. അങ്ങനെ അവസരം തേടുന്നവരുമായി താൻ ഒരിക്കലും പ്രവർത്തിക്കില്ലെന്നും വിശാൽ ദദ്‌ലാനി മുന്നറിയിപ്പ് നൽകി.

To advertise here,

മന്ത്രിയെക്കൊണ്ട് ശുപാർശ ചെയ്യിച്ച് അവസരം തേടിയ ആളെ അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. എന്നാൽ, വിളിപ്പിച്ച വ്യക്തിയാരാണെന്നോ വിളിച്ച മന്ത്രിയാരാണെന്നോ വിശാൽ വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേരേയും താൻ ബ്ലോക്ക് ചെയ്തതായും ദദ്‌ലാനി അറിയിച്ചു.

'പുതിയ ഗായകർക്ക് കുറച്ച് ഉപദേശം. ഏതെങ്കിലും മന്ത്രിമാരെക്കൊണ്ടോ അയാളുടെ സെക്രട്ടറിയേക്കൊണ്ടോ എന്നെ വിളിപ്പിക്കേണ്ട. എന്നെ കാണാനുള്ള വഴി ഒരിക്കലും അതല്ല. ബന്ധങ്ങളിലൂടെ അവസരം തേടുന്നവരോട് എനിക്ക് ഒരു മമതയുമില്ല. ആ വഴി തേടിയ വ്യക്തിയോട്, മന്ത്രി ജിയേയും നിങ്ങളേയും ഞാൻ ബ്ലോക്ക് ചെയ്തു. ഇനി നിങ്ങൾ ശരിക്കും മികച്ച ഗായകനാണെങ്കിൽപ്പോലും ഒപ്പം പ്രവർത്തിക്കാൻ എനിക്ക് താത്പര്യമില്ല. ക്ഷമിക്കണം'- എന്നായിരുന്നു കുറിപ്പ്.

'നിങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിക്കുക. കഠിനമായി ജോലിചെയ്യാൻ തയ്യാറാവുക, ക്ഷമയോടെ കാത്തിരിക്കുക. കഴിവുണ്ടെങ്കിൽ, നിങ്ങളുടെ സമയം വരും. ശുപാർശയുമായി വരരുത്. അത് പഴയ ഏർപ്പാടാണ്. എല്ലാത്തിലുമുപരി, കഴിവിൽ നിങ്ങളുടെ വിശ്വാസമില്ലായ്മയാണത്'- അദ്ദേഹം കൂട്ടിച്ചേർത്തു.