രവി മോഹന്‍ നായകനാകുന്ന തമിഴ് ചിത്രം 'ജീനി'യിലെ ആദ്യഗാനത്തിലെ കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍. ആരാധകരെ ആകെ ഞെട്ടിച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു കല്യാണിയുടെ ഡാന്‍സ് നമ്പര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. കല്യാണിയുടെ പ്രകടനത്തെ ചിലര്‍ പ്രശംസിക്കുമ്പോള്‍ വിമര്‍ശനവുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്.

To advertise here,

ആഗോളഹിറ്റായി മാറിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യ്ക്കുശേഷം കല്യാണിയുടെ ഒരു ചിത്രത്തെ സംബന്ധിച്ച് വരുന്ന ആദ്യ അപ്‌ഡേറ്റാണ് 'ജീനി'യുടേത്. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ 'അബ്ഡി അബ്ഡി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പാട്ടില്‍ രവി മോഹനും കൃതി ഷെട്ടിക്കുമൊപ്പം ഞെട്ടിക്കുന്ന പ്രകടനമാണ് കല്യാണി കാഴ്ചവെച്ചത്.

പാട്ടില്‍ ഗ്ലാമറസായി എത്തിയ താരം ബെല്ലി ഡാന്‍സില്‍ തിളങ്ങി. പാട്ടിലുടനീളം വലിയ എനര്‍ജിയാണ് താരം കാഴ്ചവെക്കുന്നത്. പ്രകടനത്തിന് പുറമേ കല്യാണിയുടെ ലുക്കിനേയും പ്രശംസിച്ച് ആരാധകര്‍ എത്തി. എന്നാല്‍, വലിയൊരു വിജയത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ കേവലമൊരു ഐറ്റം ഡാന്‍സിന് കല്യാണി തയ്യാറാവണമായിരുന്നോ എന്ന് ചോദിക്കുന്നവരും ഒട്ടേറെയാണ്.

കല്യാണിയുടേയും കൃതിയുടേയും പ്രായം താരതമ്യംചെയ്തും വിമര്‍ശനമുണ്ട്. 22-കാരിയായ കൃതി ഷെട്ടിക്കുമുന്നില്‍ 32-കാരിയായ കല്യാണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. കല്യാണിയേക്കാള്‍ നന്നായത് കൃതി ഷെട്ടിയാണെന്നും ഇത്തരം രംഗങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അവര്‍ പ്രൊഫഷണലാണെന്നും അഭിപ്രായങ്ങളുണ്ട്. ഭാവങ്ങള്‍ കല്യാണിയേക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് കൃതിയാണെന്നും ചിലര്‍ പറഞ്ഞു.

കല്യാണി ഗ്ലാമര്‍ വേഷംചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത്തരമൊരു മേക്കോവര്‍ വേണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. 'ലോക വിജയിച്ചു നില്‍ക്കുമ്പോള്‍ ഇത്തരമൊരു വേഷത്തിന് തലവെക്കേണ്ടായിരുന്നു. ശരീരപ്രദര്‍ശനം വേണ്ടായിരുന്നു. നിന്നെ കണ്ടത് അയലത്തെ വീട്ടിലെ അനിയത്തിയെപ്പോലെ. ആക്ഷന്‍ ഹീറോയായി കത്തിനില്‍ക്കുമ്പോള്‍ ഗ്ലാമര്‍ വേഷം വേണമായിരുന്നോ. കല്യാണി ആളാകെ മാറിപ്പോയി', എന്നെല്ലാം കമന്റുകള്‍ വരുന്നുണ്ട്. ചില വിമര്‍ശനങ്ങള്‍ അതിരുകടന്ന് അധിക്ഷേപമായും മാറി.

'ഇത്രയും ഉയരത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറങ്ങുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കല്യാണി 'ജീനി' തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. ‘ലോക’യുടെ വിജയത്തിന് ശേഷം ഇറങ്ങേണ്ടിയിരുന്നത് ഇതല്ല. കൃതിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കല്യാണിക്ക് സാധിക്കുന്നില്ല. ഇത് കല്യാണിക്ക് പറ്റിയതല്ല, മടങ്ങി പോകൂ മകളേ. ലേഡി സൂപ്പര്‍സ്റ്റാറായി മാറി കല്യാണി അന്യഭാഷകളില്‍ അനാവശ്യവേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തണം', തുടങ്ങീ ആവശ്യങ്ങളും സോഷ്യല്‍മീഡിയയിലുണ്ട്.

'300 കോടി അടിക്കാന്‍ പോവുന്ന നായിക, തമിഴില്‍ 100 കോടിയുടെ മാര്‍ക്കറ്റ് പോലും ഇല്ലാത്ത നടന്റെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നു', എന്നും ചിലര്‍ വിമര്‍ശിച്ചു. അതേസമയം, സിനിമകളില്‍ ഐറ്റം ഡാന്‍സുകളുടെ ആവശ്യകത തന്നെ ചോദ്യംചെയ്യുന്നവരും കുറവല്ല. സ്ത്രീകളെ ഗ്ലാമര്‍ വേഷത്തില്‍ അവതരിപ്പിക്കുന്ന സിനിമകള്‍ മാറണം. കണ്ടന്റിനെ ആശ്രയിച്ചാവണം സിനിമ എന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.

 

അഭിനേതാവെന്ന നിലയില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അത്തരത്തില്‍ ഒന്നാണ് ഈ ഡാന്‍സ് നമ്പറെന്നും കല്യാണി നേരത്തെ പ്രതികരിച്ചിരുന്നു. 'സംവിധായകന്‍ ഭുവനേഷ് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇത്രയും കൊമേഷ്യല്‍ ആയ ഒരു ഗാനത്തെ അദ്ദേഹം എത്ര മനോഹരമായാണ് ചിത്രത്തിന്റെ കഥയുടെ ഭാഗമായി മാറ്റിയതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരുപാട് കഠിനാധ്വാനംചെയ്ത് പുതിയൊരു കാര്യം പരീക്ഷിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നു', കല്യാണി എക്‌സില്‍ കുറിച്ചു.

അറബിക് സ്‌റ്റൈലിലുള്ള പാട്ട് എഴുതിയിരിക്കുന്നത് മഷൂക് റഹ്‌മാന്‍ ആണ്. മയ്സ കരായും ദീപ്തി സുരേഷും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫ്രീക്ക് ആണ് റാപ്പ് ആലപിച്ചിരിക്കുന്നത്. കല്യാണിയുടേയും കൃതിയുടേയും ബെല്ലി ഡാന്‍സ് ആണ് പാട്ടിന്റെ പ്രത്യേകത.

ജയം രവിയെ നായകനാക്കി അര്‍ജുനന്‍ ജൂനിയര്‍ സംവിധാനംചെയ്യുന്ന 'ജീനി' നിര്‍മിക്കുന്നത് വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ്. കല്യാണിക്കും കൃതി ഷെട്ടിക്കും പുറമേ വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്നു.