.രാജീവ് എം. (ഇടത്ത്)
1970-കളുടെ ആരംഭത്തിലാണ് ഹിപ്ഹോപ് എന്ന സംഗീതശാഖ ശ്രദ്ധനേടുന്നത്. അതിനുമുമ്പും പ്രാദേശികമായും മറ്റും ഹിപ്ഹോപ് പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് ചരിത്രരേഖകളിൽ. റാപ് മ്യൂസിക് എന്ന പേരിലും ഹിപ്ഹോപ് ആദ്യകാലത്തേതിൽ നിന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇന്ത്യയിലും ഹിപ്ഹോപ്പിന് ആരാധകരേറെയാണ്. കേരളത്തിന്റെ കാര്യമെടുത്താൽ, റാപ്മ്യൂസിക്കിന്റെ ആരാധകരുടെ എണ്ണത്തിൽ വലിയൊരു വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹിപ്ഹോപിനോടുള്ള ആരാധനയും ഇഷ്ടവും കൊണ്ടുമാത്രം ഈ മേഖലയിൽ തുടർന്ന മലയാളികലാകാരൻമാരുമുണ്ട്.
South Side എന്ന മ്യൂസിക് ആൽബത്തിലൂടെ മാതൃഭൂമി കപ്പ ഒറിജിനൽസിനുവേണ്ടി മ്യൂസിക് പ്രൊഡ്യൂസറായി എത്തുകയാണ് ഹിപ്ഹോപ് രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന 'പകർച്ചവ്യാധി' എന്ന അപരനാമത്തിലറിയപ്പെടുന്ന രാജീവ് എം. ഒരു മ്യുസീഷൻ മാത്രമല്ല അസലൊരു എഴുത്തുകാരനും പെർഫോമറും കൂടിയാണ് രാജീവ്. ഹിപ്ഹോപ്പിനെ കുറിച്ച്, സംഗീതരംഗത്തെ അനുഭവങ്ങളെ കുറിച്ച്, കേരളത്തിലെ ആസ്വാദകരെ കുറിച്ച് കപ്പയുമായുള്ള സഹകരണത്തെ കുറിച്ച് പകർച്ചവ്യാധി എന്ന രാജീവ് സംസാരിക്കുന്നു.
പകര്‍ച്ചവ്യാധി എന്ന പേരില്‍ നിന്നുതന്നെ തുടങ്ങാം, എന്തുകൊണ്ടാണ് അത്തരത്തിലൊരു പേര്? ഹിപ്‌ഹോപ് മേഖലയില്‍ വെറൈറ്റി പേരുകള്‍ക്ക് എന്താണ് പ്രസക്തി?
● വെറൈറ്റി പേരുകൾ എന്ന് വിശേഷിപ്പിച്ച "സ്റ്റേജ് / ആർട്ടിസ്റ്റ് നെയിമുകൾ" ഹിപ്‌ഹോപ് എന്ന കൗണ്ടർ / സബ്-കൾച്ചറുമായി ബന്ധപ്പെട്ട എല്ലാ സ്‌ട്രീമുകളിലും (റാപ്പ്, ഡി.ജെയിങ്, ബ്രേക്കിങ്, ഗ്രാഫിറ്റി) ഉള്ള വ്യക്തികൾ സർവ്വസാധാരണമായി ഉപയോഗിക്കുന്നതാണ്. വ്യക്തിജീവിതത്തിൽ കൽപിച്ചുനൽകിയ ഗവണ്മെന്റ് പേരുകൾക്കും അപ്പുറം, ക്രിയാത്മകമകതയിലൂന്നിയ ഓൾട്ടർനേറ്റ് ഈഗോയിലേക്ക് / പേരിലേക്ക് വെളിച്ചം വീഴ്ത്താൻ ഓരോരുത്തരും താത്പര്യപ്പെടുന്നു എന്നത് കൊണ്ടാണത്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തുകാർ തൂലികാനാമം ഉപയോഗിക്കുന്നത് പോലെ തന്നെയാണിതും.
സിഗ്മണ്ട് ഫ്രോയിഡിന്റെ പേഴ്‌സണാലിറ്റി തിയറിയിൽ പറയുന്നത് പോലെ ഒരു മനുഷ്യന്റെ ഏറ്റവും പ്രിമിറ്റിവ് ആയ വികാരങ്ങൾ ഉള്ള ഒരിടമാണ് ഐ.ഡി. വളരെ പ്രാകൃതമായ / അഗ്രസ്സീവ് ആയ ഔട്ട്പുട്ട് വരുന്ന സ്ത്രോതസ്സിൽ നിന്ന് നോക്കിക്കണ്ടു കാര്യങ്ങൾ അവതരിപ്പിക്കുക എന്നൊരു രീതിയാണ് പകർച്ചവ്യാധി എന്ന ഈഗോയുടേത്. ആ പേര് വളരെ നെഗറ്റീവ് ഷേഡുള്ളതാണ്. മരണത്തേയും, മഹാമാരിയെയും പ്രതിനിധീകരിക്കുന്ന ഒന്ന്. റാപ്പർ / സോങ്റൈറ്റർ എന്ന നിലയിൽ പേരിനെ അന്വർഥമാക്കും വിധം, എന്റെ സൃഷ്ടികളുടെ കാമ്പും അവതരിപ്പിക്കുന്ന വിഷയങ്ങളും സർവ്വനാശത്തിൽ അധിഷ്ഠിതമായത് കൊണ്ടും, വളരെ നിഹിലിസ്റ്റിക് / സിനിക്കൽ അപ്രോച്ച് സ്വീകരിക്കുന്നത് കൊണ്ടും, വളരെ വിചിത്രമെന്ന് തോന്നാമെങ്കിലും, ഇത്തരമൊരു ആർട്ടിസ്റ്റ് നെയിം ഉപയോഗിച്ച് പോരുന്നത്. പ്രധാന ആർട്ടിസ്റ്റ് നെയിം ഇതാണെങ്കിൽ കൂടിയും രാജീവെന്ന സ്വന്തം പേരിലും, ആർ.ജെ.വി. എന്ന മറ്റൊരു ചുരുക്കപ്പേരിലും യഥാക്രമം പാട്ടെഴുത്തിലും മ്യൂസിക് പ്രൊഡക്ഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മാതൃഭൂമി കപ്പ ഒറിജിനല്‍സുമായി സഹകരിക്കുന്നതിന്റെ എക്‌സ്പീരിയന്‍സ്?
● യാതൊരുവിധ മുഖ്യധാരാ പിന്തുണയും ഇല്ലാതെ ലോകമെമ്പാടും പടർന്നു പന്തലിച്ച ഒരു സബ്-കൾച്ചറാണ് എങ്കിലും മെയിൻസ്ട്രീമിൽ നിന്നുള്ള അനുകൂലമായ പല സഹകരണങ്ങളും ഹിപ്‌ഹോപ്പിനെ ചിന്തിക്കാൻ കഴിയാത്ത ഉയരങ്ങളിൽ എത്തിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇന്ത്യയിൽ തന്നെ പ്രാദേശിക ഭാഷകളിൽ മുന്നിൽ നിൽക്കുന്ന ഹിന്ദിയുടെ കാര്യം എടുത്താൽ, ആ ഡെമോഗ്രാഫിക്സിലേക്ക് വലിയൊരു തരത്തിലുള്ള ശ്രദ്ധ മുഖ്യധാരാ മാധ്യമങ്ങൾ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. എംടിവി ഹസിൽ ഒരുദാഹരണം മാത്രം. അതുപോലെത്തന്നെ നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ വളർന്നുവരുന്ന ഹിപ്‌ഹോപ് ആർട്ടിസ്റ്റുകൾക്കായി കേരളത്തിലെ തലമുതിർന്ന ഒരു മാധ്യമഭീമനായ മാതൃഭൂമിയുടെ കപ്പ ചാനൽ "കപ്പ ഒറിജിനൽസ് - സൗത്ത്സൈഡ്" എന്ന ഈ ഒരു സംരംഭവുമായി കടന്നുവന്നത് പ്രശംസനീയമാണ്.
എന്റെ ഉറ്റസുഹൃത്തും സ്ട്രീറ്റ് അക്കാദമിക്‌സ് മെമ്പറുമായ അസുരന്റെ "തോക്ക്" എന്ന പാട്ടിന് വേണ്ടിയാണ് ഞാൻ കപ്പയ്ക്ക് വേണ്ടി മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിട്ടുള്ളത്. ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപ് അസുരൻ എഴുതിയ വരികളും അത്രയും വർഷങ്ങൾക്ക് മുൻപ് ചെയ്തുവച്ചു പൊടിപിടിച്ചു തുടങ്ങിയ ഫങ്ക് / ജാസ്-ഹോപ്പ് ശൈലിയിലുള്ള എന്റെ മ്യൂസിക് ട്രാക്കും കൂടെ ചേർന്നപ്പോൾ ഒരു ഏകദേശ രൂപം ഉണ്ടായി. പിന്നീട് അസുരൻ അത് "മനുഷ്യർ" എന്ന ബാൻഡിലെ മ്യൂസിക് പ്രൊഡ്യൂസർ ആയ സുശീലനെ ഏൽപ്പിക്കുകയും ചെയ്തു. "തോക്ക്" എന്ന ട്രാക്ക് പിന്നീട് നിങ്ങൾ ഇന്ന് കേൾക്കുന്ന വിധത്തിലേക്ക് പല എലമെന്റ്സ് ചേർത്ത്, തേച്ചുമിനുക്കി ഒരുക്കിയത് സുശീലനും അസുരനും ചേർന്നാണ്. പൊതുവെ സമാന്തര കലാരൂപങ്ങളും മുഖ്യധാരാ പ്രൊമോട്ടർമാരും കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങൾ കപ്പയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല, എങ്ങനെയാണോ ഞങ്ങൾ ആ ട്രാക്കിനെ സമീപിച്ചത് അവർ അതേപടി അതിനെ അംഗീകരിക്കുകയും, ക്രിയേറ്റീവ് ഡയറക്ഷനെ പരമാവധി ബഹുമാനിച്ചു ഒരുമാറ്റവും കൂടാതെ, സകല പിന്തുണയും തന്ന് പുറത്തിറക്കാൻ തയ്യാറാവുകയും ചെയ്തു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്.
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്തുകൊണ്ട് ഹിപ്‌ഹോപ്? ഇത്രയും കാലത്തെ അനുഭവം, സ്വതന്ത്രമായാണോ അതോ ഏതെങ്കിലും ബാന്‍ഡുമായി ചേര്‍ന്നാണോ സംഗീതപ്രവര്‍ത്തനം?
● കലയുമായോ സംഗീതവുമായോ എഴുത്തുമായോ യാതൊരുവിധ ബന്ധവും ഇല്ലാത്ത ഒരു പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. അതുകൊണ്ടു തന്നെ നമ്മുടെ സമൂഹത്തിലെ യാഥാസ്ഥിതിക / പരമ്പരാഗത കലകളിൽ ഒന്നും തന്നെ അടിത്തറ ഉണ്ടായിരുന്നില്ല, ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. സിനിമകളിലും പ്രൊഫഷണൽ റെസ്ലിങ്ങിലും ഉള്ള വേർബൽ ഡെലിവറിയും സൗണ്ട്ട്രാക്കുകളും എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു, പ്രത്യേകിച്ച് ഡ്രം ബ്രേക്കുകൾ / ബ്രേക്ക്ബീറ്റുകൾ. അതുകൊണ്ട് തന്നെ ഞാൻ അക്കാലത്ത് കാസറ്റുകളുടെ ടേപ്പ് ലൂപ്പ് ചെയ്ത് (ഫിസിക്കലായും, ഓവർ ഡബ്ബ് ചെയ്തും) എക്സ്റ്റൻഡ് ചെയ്ത ട്രാക്കുകൾക്ക് മുകളിലൂടെ എന്റെ എഴുത്തുകൾ വിവരിക്കുമായിരുന്നു. ഒരു സ്പോക്കൺ വേഡ് ശൈലി. പിന്നീട് അത് റാപ്പ് ആയി പരിണമിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാലക്രമേണ എഴുത്തുകൾ കൂടുതൽ വടിവൊത്തതാകുകയും മ്യൂസികിന് കുറച്ചുകൂടെ വ്യക്തത കൈവരികയും ചെയ്തു.
എന്നിരുന്നാലും പോലും ഒരിക്കലും മുഖ്യധാരയിലുള്ള സംഗീതശാഖകളുമായി എനിക്കൊരു ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നില്ല. സംഗീതത്തിന്റെ പരമ്പരാഗത നിയമങ്ങളെ എതിർക്കുന്ന ആന്റി-മ്യൂസിക്കൽ അപ്രോച്ച് ആയിരുന്നു എന്റെ വ്യക്തിത്വവുമായി കൂടുതൽ അടുത്തു നിന്നത്. മറ്റു സംഗീതശാഖകളെ അപേക്ഷിച്ച് എഴുത്തിന് കൂടുതൽ പ്രാമുഖ്യം നൽകുന്നത് കൊണ്ടും, കോൺക്രീറ്റ് മ്യൂസിക്ക് / ഇൻഡസ്ട്രിയൽ / ഹാർഡ്കോർ പങ്ക് തുടങ്ങിയ ഴോനറുകളുടെ ആന്റി-മ്യൂസിക്കൽ / ഡി.ഐ.വൈ. സ്വഭാവസവിശേഷതകൾ വലിയൊരളവിൽ അണ്ടർഗ്രൗണ്ട് / ഗോൾഡൻ ഏജ് / ഇൻഡി ഹിപ്‌ഹോപ് മ്യൂസിക്കിന് ഉണ്ടായിരുന്നത് കൊണ്ടും എനിക്കത് കൂടുതൽ അനുയോജ്യമായി തോന്നി.
രണ്ടായിരമാണ്ടിന്റെ തുടക്കകാലത്തും മധ്യത്തിലും ഹിപ്‌ഹോപ് ഇന്ത്യയിൽ തികച്ചും ഏലിയൻ ആയൊരു സ്‌ട്രീം ആയിരുന്നു. ഇന്ത്യയുടെ നാനാഭാഗത്തായി അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ചുരുക്കം ചില ആർട്ടിസ്റ്റുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവരും പരസ്പരം അറിഞ്ഞിരുന്നു, കാര്യങ്ങൾ പങ്കുവച്ചിരുന്നു, ഹിപ്‌ഹോപ് ട്രാക്കുകൾ ഇറക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. കോഴിക്കോടുകാരനായ ഹാരിസിനെ അങ്ങനെയാണ് പരിചയപ്പെടുന്നത്. ഹാരിസിന്റെ ജൂനിയർ ആയ അംജദ് (അസുരൻ) കൂടെ വന്നതോടെ ഞങ്ങൾ "സ്ട്രീറ്റ് അക്കാദമിക്‌സ്" എന്ന ഓൾട്ടർനേറ്റിവ് ഹിപ്‌ഹോപ് ഗ്രൂപ്പ് ആയി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി വിവിധ ആൽബങ്ങളും മിക്സ്ടേപ്പുകളും മ്യൂസിക്ക് വീഡിയോകളും പുറത്തിറക്കുകയും, ഇന്ത്യയൊട്ടാകെയും വിദേശത്തും പെർഫോം ചെയ്തുവരുന്നു.
ദീര്‍ഘകാലമായി ഹിപ്‌ഹോപ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ കേരളത്തിലെ ആസ്വാദകരെ ഏതുവിധത്തിലാണ് വിലയിരുത്തുന്നത്? ആസ്വാദകതലത്തിലുണ്ടായ മാറ്റം?
● പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഹിപ്‌ഹോപ് ആർട്ടിസ്റ്റിന് കേരളത്തിൽ തന്റെ പെർഫോമൻസ് കാഴ്ചവയ്ക്കാനുള്ള ഇടം പോലും ഉണ്ടായിരുന്നില്ല. ഇനി അഥവാ ഒരു പെർഫോമൻസ് സ്ലോട്ട് കിട്ടിയാൽ പോലും ഓഡിയൻസായി എണ്ണത്തിൽ വളരെ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ ഡിജിറ്റൽ വിപ്ലവം വഴി സമൂഹം കൂടുതൽ ഗ്ലോബലൈസ്ഡ് ആവുകയും, ഇത്തരം ശാഖകൾക്ക് സ്വീകാര്യത കൈവരികയും ചെയ്തു. അതോടൊപ്പം തന്നെ, ഇന്ത്യൻ ഹിപ്‌ഹോപ് കൂടുതൽ പ്രാദേശികത കൈവരിക്കാൻ തുടങ്ങി. ഇന്ത്യൻ ഭാഷകളിൽ ഹിപ്‌ഹോപ് ട്രാക്കുകൾ പുറത്തിറങ്ങാൻ തുടങ്ങി. അത് കേരളത്തിലും സംഭവിച്ചു.
മുൻഉദാഹരണങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് മലയാളത്തിൽ റാപ്പ് ചെയ്യുക എന്നത് ബാലികേറാ മലയാണെന്ന തോന്നൽ തുടക്കത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിലും, ട്രയൽ ആൻഡ് എറർ രീതി പിടിച്ച് മുന്നോട്ട് നീങ്ങി. അത് വിജയം കാണുകയും ചെയ്തു. അതേപോലെത്തന്നെ വിവിധ ശൈലിയിൽ ഹിപ്‌ഹോപ് മ്യൂസിക്കിന് അവതരിപ്പിക്കുന്ന ഒരുപറ്റം കലാകാരന്മാർ മുന്നിരയിലേക്ക് വരികയും, അവരവരുടേതായ രീതിയിൽ ഒരു ഫോളോവിങ് സൃഷിക്കുകയും ചെയ്തു. ഇത് ഒരു ഇൻഡി ഹിപ്‌ഹോപ് എക്കോസിസ്റ്റം ജനിക്കാൻ കാരണമായി. അതുകൊണ്ടു തന്നെയാണ് ഇന്നത് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുകയും, ഒരു ഹിപ്‌ഹോപ് മ്യൂസിക്ക് ഷോ കാണാൻ ഇന്ന് കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ വരുന്ന അവസ്ഥയിലേക്ക് മാറിയതും.
മ്യൂസിക് പ്രൊഡ്യൂസര്‍ മാത്രമല്ല മറ്റുപലമേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനെക്കുറിച്ച്?
● പ്രാഥമികമായി ഞാൻ ഒരു എഴുത്തുകാരനും റാപ്പറും സോങ്റൈറ്ററും വിഷ്വൽ ആർട്ടിസ്റ്റും ആണ്. ആ ഒരു ഐഡന്റിറ്റിയിലാണ് സ്ട്രീറ്റ് അക്കാദമിക്‌സ് ഗ്രൂപ്പ് മെമ്പർ എന്ന രീതിയിൽ എന്റെ സ്ഥാനം. എന്റെ റാപ്പ് രീതികൾക്ക് അനുയോജ്യമായ രീതിയിൽ മ്യൂസിക് സൃഷ്ടിക്കണം എന്ന തോന്നലിൽ നിന്നാണ് മ്യൂസിക് പ്രൊഡക്ഷനിലേക്ക് കടന്നത് തന്നെ. തികച്ചും യാദൃശ്ചികമായി വന്നതാണെങ്കിലും കാലാകാലങ്ങളായി അതിൽ നിലനിന്നതിനാലും, ഇന്ത്യൻ ഹിപ്ഹോപ്പിന്റെ ആദ്യ തലമുറയിൽ പെട്ട എന്റെ സമകാലീനരായ ആർട്ടിസ്റ്റ്കൾക്ക് വേണ്ടി പല തവണ മ്യൂസിക് പ്രൊഡ്യൂസ് ചെയ്യുക വഴിയുണ്ടായ കാറ്റലോഗ് മൂലം അതിനും മറ്റുള്ളവയ്ക്കുള്ളത് പോലുള്ള പ്രാധാന്യം പ്രത്യക്ഷത്തിൽ കൈവന്നു. അതിനോടുള്ള സ്നേഹം കൊണ്ട് ഇന്നും പല പരീക്ഷണങ്ങളും തുടർന്നുകൊണ്ട് പോകുന്നു.
അതുകൂടാതെ തന്നെ ഒരു മ്യൂസിക് ജേണലിസ്റ്റ് എന്ന നിലയിൽ ഹിപ്‌ഹോപ് എന്ന കൗണ്ടർ കൾച്ചർ എന്റെ ഒരു റിസർച്ച് ടോപിക്കും കൂടെയാണ്. ഈ ഒരു സബ്-കൾച്ചറിനു വേണ്ടി വഴിവെട്ടിയ പലരുമായും, ലോകം അറിയുന്നവരുമായും അറിയാത്തവരുമായും, ഞാൻ സംസാരിക്കുകയും ചരിത്രം പറയാൻ മറന്നതോ, കാലം മറച്ചതോ ആയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇഷ്ടം ഉള്ളത് കൊണ്ട് മാത്രം. ഹിപ്‌ഹോപ് ചരിത്രത്തിന്റെ നാൾവഴികളിൽ മണ്ണുമൂടിപോയ കഥകൾ കാലം മറന്നുപോയവരിൽ നിന്ന് പകർത്തി ഇതിന്റെ ഒരു ആർകൈവ് ഉണ്ടാക്കാനുള്ള ശ്രമത്തിലും ആണ്. അതുപോലെതന്നെ പ്രൊഫഷണൽ റെസ്ലിങ്ങിന്റെ ചരിത്രത്തിലും സൈക്കോളജിയിലും പ്രസന്റേഷനിലും പഠനം നടത്തുകയും ഗവേഷണം തുടരുകയും ചെയ്യുന്ന വ്യക്തിയാണ്.
Content Highlights: Interview, Pakarcha Vyadhi, RJV Ernesto, Southside Music Album, Kappa Originals, Hip Hop Music


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..