ദുൽഖർ സൽമാൻ നായകനായ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയി'മിലെ രണ്ടാംഗാനം 'ലൂസർ' പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ ഗാനം ആലപിച്ചത് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. കെ. ബാലസാരംഗൻ, ജേക്സ് ബിജോയ് എന്നിവരാണ് ഗാനത്തിന് പിന്നണിയിൽ ശബ്ദം നൽകിയ മറ്റ് രണ്ട് ഗായകർ.

To advertise here,

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോളതലത്തിൽ മെഗാറിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന 'ഐ ആം ഗെയിം' ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. സംവിധാനം ചെയ്തത് നഹാസ് ഹിദായത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്-പ്രീ റിലീസ് ഇവന്റ് ഓഗസ്റ്റ് ശനിയാഴ്ച വൈകിട്ട് ആറിന് കൊച്ചി കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കും. നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ ട്രെയ്​ലറിനും 'മഴവില്ലായേ' എന്ന ആദ്യ ഗാനത്തിനും വമ്പൻ പ്രതികരണം ലഭിച്ചിരുന്നു.

തകർപ്പൻ ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തിയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്​ലർ സമ്മാനിച്ചത്. മലയാളി സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലർ ആയാവും ചിത്രം എത്തുക എന്നാണ് സൂചന. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച 'ഐ ആം ഗെയിം', ദുൽഖർ സൽമാന്റെ 40-ാം ചിത്രമായാണ് എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. 'ആർ.ഡി'എക്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമൻ ചാക്കോ, ആക്ഷൻ: അൻപറിവ്, പ്രൊഡക്ഷൻ ഹെഡ്: സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വി.എഫ്.എക്‌സ്: തൗഫീഖ് (എഗ്വൈറ്റ്), പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണൻ ഗണപത്, സ്റ്റിൽസ്: എസ്.ബി.കെ, മാർക്കറ്റിങ് ഹെഡ്: വിജിത് വിശ്വനാഥൻ, പി.ആർ.ഒ: ശബരി.