ടൊവിനോയെ നായകനാക്കി രോ​ഹിത് വി.എസ് സംവിധാനം ചെയ്ത കള തീയേറ്ററിലെത്താൻ പോകുന്നു. ടൊവിനോ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഫൈറ്റ് രം​ഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രമെന്നാണ് ട്രെയ്ലറും നൽകുന്ന സൂചനകൾ. അത് ശരിവയ്ക്കുകയാണ് സംവിധായകൻ രോഹിത്. ദൈർഘ്യമേറിയ ഫൈറ്റ് രം​ഗത്തിന്റെ പേരിലാണ് ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് വ്യക്തമാക്കുന്നു രോഹിത്. എങ്കിലും കുടുംബ പ്രേക്ഷകരെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നും രോഹിത് പറയുന്നു. 

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങിയ പരീക്ഷണ ചിത്രങ്ങളിലൂടെ മലയാള സിനിമാ സംവിധാന രം​ഗത്തേക്കെത്തിയ രോഹിത് കളയെ പ്രേക്ഷകർ എങ്ങനെയാകും സ്വീകരിക്കുക എന്ന ആകാംക്ഷയിലാണ്. ചിത്രത്തെക്കുറിച്ച് സംവിധായകൻ മനസ് തുറക്കുന്നു.

എന്താണ് കള ?

ഒരു പുതിയ സിനിമാറ്റിക് അനുഭവം തരുന്ന ചിത്രമാകും കള. ഒരു സാധാരണ ചിത്രം. ഇന്ന ജോണറിൽ പെടുന്ന ചിത്രമെന്ന് പറയാനാവില്ല. പ്രേക്ഷകരെ നിരന്തരമായി പിടിച്ചിരുത്തുന്ന ഒരു ചിത്രം. ത്രില്ലിങ്ങ് അനുഭവമാകും. 

കളയ്ക്ക് 'എ'

സിനിമ പറയുന്ന വിഷയത്തിന്റെയും സിനിമയുടെ എക്സിക്യൂഷന്റെയും ഭാ​ഗമായാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫൈറ്റുണ്ട്. അതാണ് പ്രധാന കാരണം. കുടുംബ പ്രേക്ഷകരെ അത് ഒരു തരത്തിലും ബാധിക്കില്ല. ലൂസിഫർ എന്ന ചിത്രം ദുബായിയിൽ 18 പ്ലസ് റേറ്റഡ് ആയിരുന്നു. കളയ്ക്ക് പക്ഷേ ദുബായിൽ 15 പ്ലസ് റേറ്റിങ്ങ് ആണ് ലഭിച്ചിരിക്കുന്നത്. അടിപിടിയുടെ ദൈർഘ്യവും മറ്റുമാണ് നമ്മുടെ ചിത്രത്തിന് എ സെൻസറിങ്ങ് ലഭിക്കാനിടയായ സാഹചര്യം. 

ടൊവിനോയുടെ മികച്ച പ്രകടനം

ടൊവിനോയുടെ മികച്ച പ്രകടനങ്ങളിലൊന്നായി മാറാനുള്ള സാധ്യതയുണ്ട് കള. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു പുതിയ വേഷമാണ് ടൊവിനോയുടേത്. ചിത്രത്തിലെ ഫൈറ്റ് സീൻ എടുക്കുന്ന സമയത്താണ് ടൊവിനോയ്ക്ക് അപകടം സംഭവിക്കുന്നതും ഒന്നൊന്നര മാസത്തോളം ചിത്രീകരണം നിർത്തിവയ്ക്കുകയും വേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ടൊവിനോ. ലോക്ഡൗണിന് മുമ്പും ശേഷവും സിനിമയ്ക്കായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ശാരീരികമായും മാനസികമായും അതിന്റെ ഫലം ചിത്രത്തിൽ കാണാനാകും. 

പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം

പരീക്ഷണ ചിത്രങ്ങൾ മനഃപൂർവം ചെയ്യുന്നതല്ല, അങ്ങനെ വന്നുചേരുന്നതാണ്. എന്നെ ആവേശം കൊള്ളിക്കുന്ന ചിത്രങ്ങൾ ചെയ്തു എന്നേയുള്ളൂ. അല്ലാതെ പരീക്ഷണചിത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന് കരുതി എടുക്കുന്നതല്ല. എനിക്ക് പ്രേക്ഷകരോട് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ അതേ ആവേശത്തോടെ അവരിലേക്ക് എത്തിക്കുന്നു എന്നേയുള്ളൂ.

ഇബ്ലീസിന് തീയേറ്ററിൽ മികച്ച പ്രതികരണമല്ല ലഭിച്ചത്. എന്നാൽ ചിത്രം പിന്നീട് ഡിവിഡിയായും ടെല​ഗ്രാമിലും മറ്റും ഇറങ്ങിയതോടെയാണ് സ്വീകാര്യത ലഭിക്കുന്നത്. അത് ഇന്ന തരത്തിലുള്ള ചിത്രമാണെന്ന് പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ റിലീസിന് മുന്നേ ഞങ്ങൾക്ക് സാധിച്ചില്ല. അത് കൃത്യമായി എത്തിക്കേണ്ടിയിരുന്നത് ഞങ്ങളുടെ കടമയായിരുന്നു. പക്ഷേ സാധിച്ചില്ല. അതാകും തീയേറ്ററിൽ ചിത്രത്തെ പ്രേക്ഷകർ സ്വീകരിക്കാതിരുന്നതിന് കാരണം. ഈ മൂന്ന് ചിത്രങ്ങളിലും എനിക്കേറെ പ്രിയപ്പെട്ട ചിത്രവും ഇബ്ലീസ് ആണ്. അങ്ങനെയൊരു ചിത്രം ചെയ്യാനായത് എനിക്കേറെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ പ്രേക്ഷകർക്ക് അത് കള ആകാനാവും സാധ്യത.

ആസിഫ് എന്ന സഹോദരൻ

എന്റെ രണ്ട് ചിത്രങ്ങളിലെ നായകനാണ് ആസിഫ്.  ആസിഫിനോടൊപ്പം ജോലി ചെയ്യുക എന്നത് വളരെ രസകരമായ സം​ഗതിയാണ്. ഇനിയും ഒന്നിച്ച് ജോലി ചെയ്യുന്നതാണ്. ഒരു സുഹൃത്തെന്നതിലുപരി സഹോദരനെപ്പോലെയാണ് ആസിഫ്. 

കള തീയേറ്ററിലെത്തുമ്പോൾ

നമ്മൾ ചെയ്ത ഒരു സിനിമ തീയേറ്ററിൽ പരാജയപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും അത് നമ്മൾ പഠിച്ചു വരുന്നതിന്റെ ഭാ​ഗമായി കാണാനാണ് എനിക്കിഷ്ടം. കള തീയേറ്ററിലെത്താൻ പോകുന്നു. പ്രേക്ഷക പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാനും. വേറെ മാതൃകകൾ മുന്നിൽ ഇല്ലാത്തത് കൊണ്ട് ഇന്ന തരം ചിത്രമാകും കള എന്നും പറയാനാവില്ല. എങ്കിലും അവരുടെ പ്രതികരണം അറിയാനാണ് ഞാനിപ്പോൾ കാത്തിരിക്കുന്നത്.

Content Highlights : Tovino Thomas Kala Movie director Rohith VS interview