ആലപ്പുഴ വട്ടയാൽ ഹനീഫിന്റെയും അയിഷയുടേയും ഏകമകൻ അനസ് ഹനീഫിന് അഭിനയഭ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്ലസ് ടുവിന് പഠിക്കുമ്പോൾ നിനക്ക് അഭിനയമാണ് നല്ലതെന്ന് പറഞ്ഞ് പ്രാകിയിട്ടുണ്ട് ടീച്ചർമാർ. അങ്ങനെയിരിക്കേയാണ് ഫോട്ടോ​​ഗ്രാഫർ ഹാഫിസ് സജീവിനെ പരിചയപ്പെടുന്നത്. ഇതിനി‌ടെ മെക്സിക്കൻ അപാരത, മോഹൻലാലിന്റെ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ഈ പരിചയമാണ് സിനിമയിൽ ഒരുകൈനോക്കാമെന്ന ആത്മവിശ്വാസം അനസിലുണ്ടാക്കുന്നത്. പക്ഷേ അഭിനയം മാത്രം പോര അതിനൊപ്പം ഒരു ഡി​ഗ്രിയും വേണമെന്ന ചിന്തയും ഈ ചെറുപ്പക്കാരനിലുടലെടുത്തു. 

To advertise here,

വായിൽ നിന്ന് വെള്ളം തെറിപ്പിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ് അനസിലെ കലാകാരനെ നാലാൾ അറിയാൻ കാരണമായത്. യാദൃശ്ചികമായെടുത്ത ചിത്രം ഫെയ്സ്ബുക്കിലായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. കോളേജിൽ പഠിക്കുമ്പോഴായിരുന്നു അത്. ഫോട്ടോ കണ്ടപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായം. ഒരിക്കൽ അനസില്ലാത്ത ഒരു ഫോട്ടോ ഹാഫിസ് പോസ്റ്റ് ചെയ്തു. ആ സമയത്ത് 3333 പേരായിരുന്നു അനസിന്റെ ഇൻസ്റ്റാ​ഗ്രാം ഫോളോവർമാർ. ഹാഫിസിട്ട ആ പോസ്റ്റ് കണ്ടപ്പോൾ കോളേജിലുള്ളവർ തന്റെ ഫോട്ടോയെന്താണ് വരാത്തതെന്ന് ചോദിപ്പോഴാണ് ചിത്രങ്ങളൊക്കെ ആളുകൾക്ക് ഇഷ്‌പ്പെടുന്നുണ്ടെന്ന് അനസ് മനസിലാക്കിയത്. അങ്ങനെയാണ് ഫോട്ടോയിൽ അഭിനയം കൊണ്ടുവന്നാൽ എങ്ങനെയിരിക്കും എന്ന ചിന്ത അനസിനും ഹാഫിസിനും വരുന്നത്.

 

2018 ഫെബ്രുവരി-മാർച്ച് സമയമായിരുന്നു അത്. അക്കാലത്ത് രണ്ട് മൂന്ന് ക്രിയേറ്റീവ് ചിത്രങ്ങളിട്ടു. കൂട്ടത്തിൽ കലം എറിയുന്ന ഫോട്ടോ ഇട്ടതോടെ ഫോളോവർമാരുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തി. പക്ഷേ യഥാർത്ഥ ട്വിസ്റ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇതേ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇട്ടു സോഷ്യൽ മീഡിയയിൽ കയറി കൊളുത്തി. ജീവിതത്തിൽ അനസ് ഒരുപാട് സന്തോഷിച്ച സമയമായിരുന്നു അത്. ഹാഫിസുമൊത്തുള്ള കൂട്ടുകെട്ട് തുടരാം എന്ന് അതോടെ തീരുമാനിച്ചു.

 

കുറേ പേർ ഈ മാതൃക പിന്തു‌ടരാൻ തുടങ്ങിയതോടെ ഒന്ന് ട്രാക്ക് മാറ്റാൻ തീരുമാനിച്ചു. സിനിമാരം​ഗങ്ങൾ അടിസ്ഥാനമാക്കി ചിത്രങ്ങളെടുക്കാൻ തുടങ്ങുന്നത് അങ്ങനെയാണ്. അതും ക്ലിക്കായി. സിനിമ എന്ന സ്വപ്നം അപ്പോഴും അനസ് കൈവിട്ടുകളഞ്ഞില്ല. അതിന്റെ തുടക്കമെന്നോണമാണ് സേവ് ദ ഡേറ്റ് എന്ന വെബ് സീരിസിന്റെ കഥയും സംഭാഷണവും എഴുതുന്നത്. സംവിധായകൻ സാജിദ് യഹിയയും സുഹൈൽ കോയയുമായിരുന്നു നിർമാണം.

ചെറിയ ഒരു തുക തരാം. അത് നിങ്ങൾ എത്രത്തോളം നന്നായി ഉപയോ​ഗിക്കുന്നു എന്നതിലാണ് കാര്യമെന്നാണ് അനസിനോടും ടീമിനോടും സാജിദ് യഹിയ അന്ന് പറഞ്ഞത്.  ഇതിന്റെ നാലാമത്തെ എപ്പിസോഡിലെ ഫോൺകോൾ രം​ഗം കയറി വൈറലായി. യൂട്യൂബ് ട്രെൻഡിങ്ങിൽ വന്ന അനസിന്റെ ആദ്യ വീഡിയോ ആയിരുന്നു അത്. ആ രം​ഗം സൃഷ്ടിച്ചത് ഒരുപറ്റം ട്രോളർമാരെക്കൂടിയാണ്. ഇത് നന്നായി പോകുമ്പോഴാണ് മേറ്റ്സ് എന്ന വെബ് സീരീസിലേക്ക് വിളി വരുന്നത്. അഭിനയജീവിതത്തിലെ അടുത്ത പടി എന്നോണം. അതിലെ ഒരു തള്ള് ഡയലോ​​ഗും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ മേരി പ്യാരി സോനാരേ എന്ന വെബ്സീരീസിൽ നായകവേഷം കിട്ടിയിരിക്കുകയാണ് അനസിന്. അതിന്റെ ടൈറ്റിൽ പോസ്റ്ററും ഈയിടെ ഇറങ്ങി. അതിന്റെ സന്തോഷത്തിലിരിക്കുകയാണ് ഈ യുവതാരം. ടിപ്പിക്കൽ കാമുകനിലും നല്ല വേഷമായിരുന്നു. ഇപ്പോൾ ഒരു സിനിമയും റെഡിയായിട്ടുണ്ട്. വെബ്സീരീസ് വഴി ഇപ്പോൾ യൂട്യൂബിൽ നല്ല പ്രതിഫലവും കിട്ടുന്നുണ്ട്. ഇതിനിടെ ചെയ്ത അച്ഛന്റെ വാഴ എന്ന പാട്ടിനും നല്ല പ്രതികരണം കിട്ടി. നിരവധി റീലുകളാണ് ഈ പാട്ടിന്റെ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ടത്. ഹിന്ദിയിൽ ഒരു റിയാക്ഷൻ വീഡിയോയും അച്ഛന്റെ വാഴയെക്കുറിച്ച് വന്നു. നന്ദൻ ഉണ്ണിക്കും ആർ.ജെ നിൽജയ്ക്കുമൊപ്പം ചെയ്ത ടിക് ടോക് കല്ല്യാണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

ഹാഫിസിനൊപ്പം തൃക്കണ്ണൻ ടീം ഒരുക്കുന്ന ഒരു വെബ്സീരീസാണ് ഇപ്പോൾ അനസിന്റെ പദ്ധതിയിലുള്ളത്. രണ്ടുപേരുടേയും ഇപ്പോഴത്തെ തിരക്കുകൾ കഴിഞ്ഞ ശേഷമായിരിക്കും ഇതിന്റെ തുടങ്ങും.

Content Highlights: thrikkannan, viral photos actor anas interview, new malayalam web series