മലയാള സിനിമയിൽ പതിറ്റാണ്ടുകൾ പിന്നിട്ട അനുഭവസമ്പത്തിനുടമയാണ് അഷ്റഫ് ഗുരുക്കൾ. നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ ഇപ്പോഴിതാ ഫൈറ്റ് മാസ്റ്റർ. അങ്ങനെ വേഷപ്പകർച്ചകൾ ഏറെയാണ് ഗുരുക്കൾക്ക്. അനുഭവങ്ങളുടെ ഒരു കുത്തൊഴുക്ക് നീന്തിയ ജീവിതം തന്നെയാണ് ഗുരുക്കളുടേത്. 

To advertise here,

പക്ഷേ ഇന്നും സിനിമയിലെ തന്റെ മഹാത്ഭുതമായി അദ്ദേഹം കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ യാത്രപറച്ചിലാണ്. 'മാമാങ്ക'ത്തിന്റെ സെറ്റിൽ വെച്ച് വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്ന് തന്നെ കൈവീശി യാത്രപറഞ്ഞ് നടന്നുപോകുന്ന മമ്മൂക്കയെ മറക്കാനാവില്ലെന്ന് ഗുരുക്കൾ പറയുന്നു. അഷ്റഫ് ഗുരുക്കൾ തന്റെ മലയാള സിനിമാ ജീവിതത്തിലെ അപൂർവ്വ സുന്ദരമായ ആ ഓർമ്മ വീണ്ടെടുക്കുന്നു.

മമ്മൂക്ക എല്ലാവരെയും പോലെ എനിക്കും ഒരു വിസ്മയം തന്നെയാണ്. അങ്ങനെയെരാൾ എന്നോട് യാത്ര പറയുക, അതും വലിയ ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന എന്നെ മാത്രം നോക്കി യാത്ര പറഞ്ഞു. ഒരു പക്ഷേ സിനിമയിൽ ആർക്കും ഇതിൽ പുതുമ ഇല്ലായിരിക്കാം, പക്ഷേ എനിക്ക് അങ്ങനെയല്ല. വർഷങ്ങൾ പിന്നിട്ട സിനിമാജീവിതം ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ചു. എങ്കിലും ഇന്നും മനസ്സിൽ മായാതെ മമ്മൂക്കയുടെ യാത്രാമൊഴിയുണ്ട്. മാമാങ്കത്തിൻ്റെ ചിത്രീകരണത്തിനിടയിൽ വച്ചായിരുന്നു ആ സ്നേഹം നിറഞ്ഞ ഓർമ്മ എനിക്ക് ലഭിച്ചത്.

35 വർഷങ്ങൾ കഴിഞ്ഞു ഞാൻ സിനിമയിലെത്തിയിട്ട്. സിനിമാ മേഖലയിൽ നിർമ്മാണ നിയന്ത്രണത്തിൽനിന്നും അഭിനയവും പിന്നീട് ആക്ഷനും. അങ്ങനെ സിനിമയിൽ പുതിയ വഴികളിൽ സഞ്ചരിച്ചു. 'കായംകുളം കൊച്ചുണ്ണി' സീരിയലിലൂടെ തുടങ്ങി ഇപ്പോൾ മലയാളം കൂടാതെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാഠി ഭാഷകളിലും ആക്ഷൻ കൊറിയോഗ്രാഫി ചെയ്തുകൊണ്ടിരിക്കുകയാണ്. ജനഗണമന, മേപ്പടിയാൻ, രേഖ, ഓ മേരി ലൈല, അപ്പൻ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലും പ്രവർത്തിച്ചു.

ഒരു ദിവസം മൂന്ന് സിനിമവരെ ചെയ്തിട്ടുണ്ട്. നോക്കി നിന്ന് ഞാൻ പഠിച്ചതാണ് ഫൈറ്റ്. മനസ്സുകൊണ്ട് ആക്ഷനിൽ എന്റെ ഗുരു ത്യാഗരാജൻ മാഷാണ്. ഇതിനിടെ എന്നെ അർബുദവും ബാധിച്ചു, പക്ഷേ ദൈവം തുണച്ചു, ആ രോഗത്തെയും ഞാൻ അതീജിവിച്ചു.

സിനിമ പോലെ രസകരമാണ് അഷ്റഫ് ഗുരുക്കളുടെ ജീവിതവും. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിതം.