'കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയും അപ്പുണ്ണിയിലെ അയ്യപ്പന്‍ നായരും കാറ്റത്തെ കിളിക്കൂടിലെ ഷെയ്ക്സ്പിയര്‍ കൃഷ്ണപിള്ളയും അടക്കം ഓരോ കഥാപാത്രത്തെയും കാണുമ്പോള്‍ അത്തരം ഛായയുള്ള ഒരാള്‍ അത് അയാള്‍ മാത്രമാണെന്നു തോന്നിപ്പോകും. നടനിലെ വ്യക്തി മാറിനില്‍ക്കുകയും നടന്‍ കഥാപാത്രത്തിലേക്ക് ആവാഹിക്കപ്പെടുകയും ചെയ്യുന്ന മാന്ത്രികത്വം നമുക്ക് ഗോപിയിലൂടെ കാണാന്‍ കഴിയും'- നടന്‍ ഭരത് ഗോപിയെ കുറിച്ച് സംവിധായകന്‍  സത്യന്‍ അന്തിക്കാട് എഴുതി. കഥാപാത്രങ്ങളുടെ വ്യാഖ്യാതാവായി അഭിനയത്തെ ഇത്രയും സൂക്ഷ്മാംശങ്ങളിലേക്ക് കൊണ്ടുപോയ ഭരത് ഗോപിയെക്കുറിച്ചുള്ള ഈ പ്രസ്താവന ആ നടനെക്കുറിച്ചുള്ള മൗലികമായ വിലയിരുത്തലാണ്. 2008 ജനുവരി 29-ന് അഭിനയവും ജീവിതവും എന്നത്തേക്കുമായി പിന്നിലാക്കി അദ്ദേഹം യാത്രയായെങ്കിലും ഇന്നും ഒളിമങ്ങാതെ ഇവിടെയുണ്ട് ഓരോ കഥാപാത്രങ്ങളും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.പി സുരേന്ദ്രന്റെ അഭിനയ ജീവിതം എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരുഭാഗം വായിക്കാം:
 
ഭരത് ഗോപി അഭിനയജീവിതം തുടങ്ങുന്നത് ചിറയിന്‍കീഴുനിന്നാണ്. മലയാളത്തിന്റെ നിത്യഹരിതനായകനായ പ്രേംനസീര്‍ അമ്പതുകളില്‍ തന്റെ അഭിനയയാത്ര തുടങ്ങുന്നതും ചിറയിന്‍കീഴുനിന്നാണ്. 

To advertise here,

നസീറിനുശേഷം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗോപി സിനിമയിലേക്കു വന്നത്. ഒരാള്‍ ഗ്ലാമറിന്റെ അപരനാമമായിരുന്നു. അപരന്‍ ഗ്ലാമറിന്റെ ആലഭാരമില്ലാതെ അഭിനയത്തിന്റെ പുതുവഴി വെട്ടിത്തീര്‍ത്തു. അയാള്‍ ഗ്ലാമറിന്റെ ചില്ലുജാലകങ്ങള്‍ എറിഞ്ഞുടച്ചുകൊണ്ടാണ് വേഷങ്ങള്‍ പകര്‍ന്നാടിയത്. അതുകൊണ്ടാണ് സദാഗതിയായ കാലം വളരെ വേഗത്തില്‍ ഒഴുകിപ്പോയെന്ന് തോന്നിപ്പോകുമെങ്കിലും ഗോപിയുടെ കഥാപാത്രങ്ങള്‍ കാലത്തില്‍ എഴുതിയ ശില്‍പ്പങ്ങളായി ഇന്നും നിലനില്‍ക്കുന്നത്.

ആ കഥാപാത്രങ്ങളിലൂടെ നടനം തേച്ചുമിനുക്കിയെടുക്കുന്ന ഒരു കല്ലിനെപ്പോലെയുള്ള സര്‍ഗാത്മകപ്രക്രിയയാണെന്ന ഒരു നടന്റെ സ്റ്റേറ്റ്മെന്റ് ശാശ്വതമായി നിലനില്‍ക്കുന്നു. ജീവിതരംഗം വിട്ട് ഗോപി, ഇതാ ഇപ്പോള്‍ പോയതേയുള്ളൂ എന്നോര്‍പ്പിക്കുന്നതും ഈ കഥാപാത്രങ്ങള്‍ തന്നെയാകുന്നു. മികച്ച അഭിനയം ഒരു മാതൃകയായി എടുക്കേണ്ടിവന്നാല്‍ ചൂണ്ടിക്കാട്ടാനുള്ളത് ഗോപി പകര്‍ന്നാടിയ കഥാപാത്രങ്ങളാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ക്കു മാത്രമേ, സംവിധായകന്റെയും കഥാപാത്രസമീക്ഷയെ മറികടന്ന് അതിനൊരു ആഴവും മൗലികതയും പകരാനാവുകയുള്ളൂ. 1971 മുതല്‍ 2008 വരെയുള്ള സമ്പൂര്‍ണമായ അഭിനയവര്‍ഷങ്ങളില്‍ 23 വര്‍ഷം ഈ നടന്‍ രോഗാവസ്ഥയിലായിരുന്നു എന്നുകൂടി ചിന്തിക്കുക. ഈ കാലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ 87 കഥാപാത്രങ്ങളെ മാത്രമേ ഗോപി പരിചരിച്ചിട്ടുള്ളൂ. എന്തുകൊണ്ട് 87 കഥാപാത്രങ്ങള്‍ എന്ന ചോദ്യത്തിന് ഈ നടന്‍തന്നെ മറുപടി നില്‍കുന്നുണ്ട്:

placeholder
പുസ്തകത്തിന്റെ കവർ

'ഇത്രയും ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ ഇരുനൂറ്റിയമ്പത് ചിത്രങ്ങളെങ്കിലും ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ മാനദണ്ഡം നല്ല കാഴ്ചപ്പാടോടെ രൂപപ്പെടുത്തുന്ന ചലച്ചിത്രങ്ങളിലെ പൂര്‍ണവ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രം നായകനാവണമെന്ന് നിഷ്‌കര്‍ഷയില്ല. കുറഞ്ഞ സീനുകളില്‍ അയാള്‍ ഇതിവൃത്തത്തിലെ ഗതിയെ നിയന്ത്രിക്കുന്ന കഥാപാത്രമായിരുന്നാല്‍ മതി. രണ്ടു സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെയും ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയമാണല്ലോ എന്റെ മാധ്യമം. അതിന്റെ സാധ്യതകള്‍ തേടി പ്രതീക്ഷയോടെയാണ് ഞാന്‍ ഓരോ സിനിമയേയും സമീപിച്ചത്.' ഗോപി എന്ന നടന്‍ ഇതു പറയുമ്പോള്‍ പെട്ടെന്ന് സ്വയംവരത്തിലെ ആ തൊഴില്‍രഹിതന്‍ മുമ്പില്‍ വന്നുനിന്നു.

സ്വയംവരത്തിലെ പിരിച്ചുവിടപ്പെട്ട തൊഴിലാളി ഫാക്ടറിയുടെ പടിക്കല്‍ നിശബ്ദമെങ്കിലും വാചാലമായി തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. പ്രേക്ഷകനോടു നിശബ്ദതയുടെ ഭാഷയില്‍ നിരന്തരം സംസാരിക്കുന്ന ആ തൊഴില്‍രഹിതന്റെ വേഷം ഏതാണ്ട് മൂന്നു സീനുകളിലേയുള്ളൂ. ഭരത് ഗോപിയുടെ ഭാഷയില്‍ പൊള്ളുന്ന ഒരു ആശയത്തിന്റെ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. ആ നില്‍പ്പ് അതിവാചാലമായ പ്രസ്താവനയാണ്. ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരധ്യായമാണ്.

ആ നിശബ്ദനായ തൊഴില്‍രഹിതനില്‍നിന്ന് പഞ്ചവടിപ്പാലത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ദുശ്ശാസനക്കുറുപ്പിലേക്കുള്ള കൂടുമാറ്റം ഒരു അഭിനേതാവിന്റെ സര്‍ഗാത്മകമായ പകര്‍ന്നാട്ടത്തിന്റെ സത്യവാങ്മൂലമാണ്. ദുശ്ശാസനക്കുറുപ്പ് ഇടയ്ക്കിടെ മുറുക്കുവാനായി പാക്ക് ചൊരുക്കുന്നത് ഗംഭീരമായ ടൈമിങ്ങോടെ ഫലിപ്പിക്കുന്നതു കാണുമ്പോള്‍, നടന്‍ കഥാപാത്രത്തിന്റെ ഉള്ളിലാണ് ഇരിക്കുന്നതെന്ന് കൃത്യമായി ബോധ്യമാവും.

വ്യവസ്ഥാപിതമായ അഭിനയസമ്പ്രദായങ്ങളോട് കലാത്മകമായി കലഹിച്ചും സെല്ലുലോയ്ഡിലെ ഉടലളവുകളെ തിരസ്‌കരിച്ചും സിനിമയിലും നാടകത്തിലും ഭരത് ഗോപി പകര്‍ന്ന അഭിനയത്തിന്റെ ആഴങ്ങള്‍ അത്രമാത്രം അര്‍ഥവത്തായ ശ്രമങ്ങളായിരുന്നു. നാടകം അഭിനയത്തിന്റെ നൈരന്തര്യമായ ആവിഷ്‌കാരമാണ്. സിനിമയാകട്ടെ സാങ്കേതികമായി അതിന്റെ വിച്ഛേദത്തിലൂടെയാണ് പുരോഗമിക്കുന്നത്. അടിസ്ഥാനപരമായ ഈ കലാബോധത്തെ ഉള്‍ക്കൊണ്ട് അരങ്ങിലും സെല്ലുലോയ്ഡിലും ഒരുപോലെ ആവിഷ്‌കാരം നടത്തിയ അധികം നടന്മാരെയൊന്നും നമുക്കു ചൂണ്ടിക്കാണിക്കാനില്ല.

പെട്ടെന്ന് ഓര്‍മയിലേക്ക് കയറിവരുന്നത് ഓര്‍മ്മക്കായ് എന്ന ഭരതന്‍ ചിത്രത്തിലെ നന്ദു എന്ന ശില്‍പ്പിയെയാണ്. ഊമയും ബധിരനുമായ ആ ശില്‍പ്പി സ്വന്തം കുഞ്ഞിനെ 'ചക്കി' എന്നു വിളിക്കാന്‍ ശ്രമിക്കുകയാണ്. മുഖത്തെ മാംസപേശികള്‍ വലിച്ചുമുറുക്കി പേരു വിളിക്കാനുള്ള നിസ്സഹായമായ ആ ശ്രമം തിയേറ്ററിലെ കാണികളാണ് പൂരിപ്പിച്ചത്. തന്റെ നിസ്സഹായത തിയേറ്ററിലേക്ക്, കാണികളിലേക്ക് പടര്‍ത്താന്‍ കഴിയുംവിധം ആ നടന്‍ ആവിഷ്‌കരിച്ച അഭിനയാംശത്തിന് നൂറില്‍ നൂറു മാര്‍ക്കും നല്‍കുന്നത് തിലകന്‍ എന്ന നടനാണ്.

കഥാപാത്രത്തിന്റെ ആന്തരികമായ സൂക്ഷ്മാംശങ്ങളിലേക്കാണ് ഗോപി സഞ്ചരിക്കുന്നത്. സെല്ലുലോയ്ഡിന്റെ ചിരപ്രതിഷ്ഠിതമായ ഉടലളവുകളോ രസപാനക്ഷമമായ ശാരീരിക രതിബിംബങ്ങളോ ഇല്ലാത്തൊരു നടനാണ് ഗോപി. ഈ നടന്‍ സിനിമയിലെത്തുമ്പോള്‍ മലയാളസിനിമയുടെ നിത്യതരുണമായ മോഹനബിംബം പ്രേംനസീറാണ്. നസീറിന്റെ ട്രേഡ്മാര്‍ക്കായ മാനറിസങ്ങളില്‍ വിജയത്തിന്റെ സമവാക്യങ്ങള്‍ കാണാനാകുമെന്ന് ശഠിച്ച ഒരുപറ്റം സംവിധായകര്‍ ആ നടന്റെ അഭിനയഭാഷയെയും സംവേദങ്ങളെയും തീര്‍ത്തും അവഗണിച്ചിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനില്‍പ്പോലും നാം പ്രേംനസീറിനെത്തന്നെയാണ് കണ്ടത്.

നസീറില്‍നിന്നു തുടങ്ങുന്ന ഈ അഭിനയശൈലിയോട് ഗോപി യോജിച്ചിരുന്നില്ല.സൂപ്പര്‍സ്റ്റാറുകളുടെ അഭിനയശൈലിയോടും സമ്പ്രദായങ്ങളോടും യാതൊരുവിധ ഒത്തുതീര്‍പ്പിനും ഗോപി തയ്യാറായിരുന്നില്ല. മോഹന്റെ വിടപറയും മുമ്പേയില്‍ ഗോപി ഡോ. തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായതുപോലും ഡയറക്ടറുടെ മുമ്പില്‍ ചില നിബ്ബന്ധനകള്‍ വെച്ചുകൊണ്ടാണ്. ആ ചിത്രത്തില്‍ പ്രേംനസീറും നെടുമുടി വേണുവും വേഷങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ മലയാളത്തിലെ നിത്യഹരിതനായകന്റെ യാതൊരു ഭാവഹാവങ്ങളും ഇല്ലാതെ പ്രേംനസീര്‍, സ്വാഭാവികമായ അലിവോടെ ഗോപിയുടെ വീട്ടുവിശേഷങ്ങള്‍ തിരക്കുകയായിരുന്നു. 

ആ സ്നേഹസംഭാഷണത്തില്‍ താന്‍ വീണുപോയെന്നും നസീറിന്റെ മനസ്സിന്റെ കന്മഷമില്ലാത്ത സ്നേഹം താന്‍ അനുഭവിച്ചുവെന്നും പില്‍ക്കാലത്ത് ഗോപി ഓര്‍മ്മിക്കുകയുണ്ടായി. താന്‍ നസീറിന്റെ അഭിനയസമ്പ്രദായങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതു ശരിതന്നെ. പക്ഷേ, സൂപ്പര്‍സ്റ്റാര്‍ ഇമേജില്ലാത്ത പെരുമാറ്റം തന്നെ ആകര്‍ഷിച്ചുവെന്നും പിന്നീടദ്ദേഹം വിശദീകരിച്ചു. പില്‍ക്കാലത്ത് തങ്ങളുടെ സൗഹൃദം അഗാധമായിരുന്നു.

ഗോപി എന്ന നടന്റെ അഭിനയശീലങ്ങള്‍ ഭിന്നവും മൗലികവുമായിരുന്നു. ചിറയിന്‍കീഴില്‍ നാടകത്തിനും നാടകാവതരണത്തിനും സ്വന്തമായി മണ്ണുണ്ടായിരുന്നു. നസീറും ഗോപിയും ജി.കെ. പിള്ളയും ജി. ശങ്കരപ്പിള്ളയുമൊക്കെ ആ മണ്ണില്‍ ചവിട്ടിനിന്നവരാണ്. കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയെന്ന ഗോപിയുടെ പിതാവും അവിടെ മികച്ച വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കള്‍ വേലായുധന്‍ പിള്ളയെ കുട്ലുഖാന്‍ എന്നാണ് വിളിച്ചിരുന്നത്. പിള്ള ചെയ്ത ഒരു അവിസ്മരണീയ കഥാപാത്രമായിരുന്നു ദുര്‍ഗ്ഗേശനന്ദിനിയിലെ കുട്ലുഖാന്‍. കഥാപാത്രങ്ങളെ പരിചരിക്കുകയാണ് തന്റെ കലാപ്രവര്‍ത്തനമെന്ന് ഈ നടന്‍ തിരിച്ചറിയുന്നതും ചിറയന്‍കീഴുനിന്നുതന്നെയാണ്.

നടന്റെ വെല്ലുവിളി പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള യാത്രയാണ്. ഒരു നടനെന്ന നിലയില്‍ ഗോപിക്കു മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമായി, അത് പ്രേക്ഷകരുടെ കൂടെ സഞ്ചരിക്കുന്നു. ഒരു നടനെന്ന നിലയില്‍ തന്റെ രൂപഭംഗിയില്ലാത്ത മുഖത്തെയും കഷണ്ടിയെയും മെലിഞ്ഞ ശരീരത്തെയും ഗോപി മെരുക്കി അധീനതയിലാക്കുന്നത് അതിനെ നിര്‍ദ്ദയം കീഴ്പ്പെടുത്തിക്കൊണ്ടാണ്. പക്ഷേ, നീണ്ട വര്‍ഷങ്ങള്‍, തന്റെ അധീനതയില്‍നിന്ന് ശരീരം വിട്ടുപോകുന്നതിന്റെ വേദന ഗോപിയും അതിന്റെ ആഘാതം ചലച്ചിത്രലോകവും അനുഭവിച്ചു. ഭരത് ഗോപി ആവിഷ്‌കരിച്ച കഥാപാത്രങ്ങളെക്കാള്‍ ആവിഷ്‌കരിക്കാതെപോയ കഥാപാത്രങ്ങളുടെ നഷ്ടബോധത്തിലൂടെയാണ് ഞാനും നിങ്ങളും ജീവിക്കുന്നത്.