ടാറ്റാ മോട്ടോഴ്‌സിന്റെ യാത്രാ, വാണിജ്യ വാഹന ബിസിനസുകളുടെ വിഭജനം അന്തിമഘട്ടത്തില്‍. പുനഃസംഘടനയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 14 ആണ്. രണ്ടായി വിഭജിക്കുന്നതിലൂടെ കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തോടൊപ്പം മൂല്യവര്‍ധനവും കമ്പനി ലക്ഷ്യമിടുന്നു. കൈവശമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓരോ ഓഹരിക്കും പുതിയ വാണിജ്യ വാഹന കമ്പനി(TMLCV)യുടെ ഒരു ഓഹരി വീതം ലഭിക്കും.

To advertise here,

വിഭജനത്തിന് മുന്നോടിയായി ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികളില്‍ കഴിഞ്ഞ ദിവസം കാര്യമായ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇയില്‍ 682 രൂപ നിലവാരത്തിലാണ് ഓഹരി ഇപ്പോള്‍. ഹ്രസ്വകാല അനിശ്ചിതത്വും നിക്ഷേപകരുടെ ലാഭമെടുപ്പുമാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

രണ്ട് കമ്പനികള്‍

പുനഃസംഘടന പ്രകാരം രണ്ട് പുതിയ ലിസ്റ്റഡ് സ്ഥാപനങ്ങളാകും.

1. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്: യാത്രാ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (EV), ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) ബിസിനസ് എന്നിവ.

2. ടിഎംഎല്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് (TMLCV): വാണിജ്യ വാഹന വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും.

പ്രധാന വ്യവസ്ഥകള്‍:

ഓഹരി വിഭജന അനുപാതം: ടാറ്റ മോട്ടോഴ്സിന്റെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ ഓഹരിക്കും ഒരു ടിഎംഎല്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ഓഹരി ലഭിക്കും (1:1 അനുപാതം).

റെക്കോര്‍ഡ് തീയതി: വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 14.

ലിസ്റ്റിംഗ്:രണ്ട് കമ്പനികളുടെയും ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയിലെ ഇടിവ്:

വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി അടുക്കുമ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. പിന്നിട്ട അഞ്ച് വ്യാപാര ദിനങ്ങളിലായി ഓഹരി വിലയില്‍ 9.5% ഇടിവുണ്ടായി, ബിഎസ്ഇയില്‍ 669 രൂപ എന്ന താഴ്ന്ന നിലവാരത്തിലെത്തി.

പ്രധാന ലക്ഷ്യങ്ങള്‍:

പ്രവര്‍ത്തന മികവ്: ഓരോ ബിസിനസ് യൂണിറ്റിനും സ്വന്തം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും.

മൂല്യം കണ്ടെത്തല്‍ (Value Unlocking): രണ്ട് വ്യത്യസ്ത കമ്പനികളാകുന്നതോടെ ഓരോന്നിനും അതിന്റേതായ മൂല്യം ആകര്‍ഷിക്കാന്‍ കഴിയും. ഓഹരി ഉടമകള്‍ക്ക് ഇത് കൂടുതല്‍ മൂല്യവര്‍ധനവിന് കാരണമായേക്കാം.

സ്വതന്ത്ര വളര്‍ച്ച: ഓരോ സ്ഥാപനത്തിനും സ്വന്തം തന്ത്രങ്ങള്‍ക്കനുസരിച്ച് സ്വതന്ത്രമായി വളരാനും നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും.

വിപണിയിലെ നിയന്ത്രണങ്ങള്‍:

ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് (F&O):

ടാറ്റ മോട്ടോഴ്സിന്റെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അവസാനിക്കേണ്ട എല്ലാ എഫ്ആന്‍ഡ് ഒ കരാറുകളും ഒക്ടോബര്‍ 13-ന് നേരത്തെ അവസാനിപ്പിക്കും. അന്നേ ദിവസത്തെ ക്ലോസിംഗ് വിലയില്‍ നിര്‍ബന്ധിത ഫിസിക്കല്‍ സെറ്റില്‍മെന്റ് നടത്തുകയാണ് ചെയ്യുക.

വ്യാപാര നിയന്ത്രണങ്ങള്‍:

വിഭജനത്തിന് മുന്നോടിയായി വിലയില്‍ കനത്ത ചാഞ്ചാട്ടം ഒഴിവാക്കുന്നതിനായി ഒക്ടോബര്‍ 8 മുതല്‍ പുതിയ എഫ്ആന്‍ഡ്ഒ, മാര്‍ജിന്‍ ട്രേഡിംഗ് ഫെസിലിറ്റീസ് (MTF) പൊസിഷനുകള്‍ എടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.