ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഓഹരി വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 4,000 പോയിന്റിലധികം ഉയരുകയും നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലവാരമായ 26,373-ന് അടുത്തെത്തുകയും ചെയ്തു.

To advertise here,

2024 ഒക്ടോബർ മുതൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII) വിപണിയിൽ നിന്ന് പിൻവലിച്ച 3.06 ലക്ഷം കോടി(34 ബില്യൺ ഡോളർ) നിക്ഷേപം ഈ കരാറിലൂടെ തിരികെ എത്തുമെന്നാണ് പ്രതീക്ഷ. ഐടി, ഫാർമ, ടെക്‌സ്‌റ്റൈൽസ്, കെമിക്കൽസ് തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത മേഖലകൾക്ക് കരാർ ആശ്വാസമാകും. ഹ്രസ്വകാല നേട്ടത്തേക്കാൾ ഇടക്കാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് കരാർ വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തൽ.

വിപണിയിലെ കുതിപ്പ്

  • സെൻസെക്‌സ് 4,000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 5 ശതമാനത്തോളം കുതിച്ചു.
  • 2024 ഒക്ടോബറിന് ശേഷം വിദേശ നിക്ഷേപകർ നടത്തിയത് 34 ബില്യൺ ഡോളറിന്റെ റെക്കോഡ് വിറ്റൊഴിയലാണ്. ഇതിന് താൽക്കാലികമായെങ്കിലും വിരാമമായേക്കാം. രാജ്യത്തെ വിദേശ നിക്ഷേപ ആസ്തിയിൽ 41 ശതമാനവും അമേരിക്കയിൽ നിന്നുള്ളതായതിനാൽ ഈ കരാർ നിർണായകമാണ്.
  • വിദേശ മൂലധനം കൂടുതലായി എത്തിയാൽ ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്‌മെന്റ് മെച്ചപ്പെടും. അതിലൂടെ രൂപയുടെ മൂല്യത്തിൽ വർധനവുമുണ്ടാകും. വിപണിയിലെ ലിക്വിഡിറ്റി മെച്ചപ്പെടുകയും ചെയ്യും.

സാധ്യതയുള്ള മേഖലകൾ

യുഎസ് താരിഫുകൾ നേരിട്ട് ബാധിച്ചിരുന്ന മേഖലകൾക്കാണ് കരാർ കൂടുതൽ ഗുണം ചെയ്യുക.

കയറ്റുമതി കേന്ദ്രീകൃത മേഖലകൾ

കുറഞ്ഞ താരിഫ് നിരക്കുകൾ ഇന്ത്യൻ കമ്പനികൾക്ക് യുഎസ് വിപണിയിൽ കൂടുതൽ മത്സരക്ഷമത നൽകുന്നു.

ഐടി സേവനങ്ങളും ഫാർമസ്യൂട്ടിക്കൽസും: യുഎസ് വിപണിയെ ഏറെ ആശ്രയിക്കുന്ന ഈ മേഖലകളിൽ വരുമാന വർധന പ്രതീക്ഷിക്കാം.

ടെക്‌സ്‌റ്റൈൽസ്, ജെംസ് & ജ്വല്ലറി: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50ശതമാനം താരിഫ് കൂടുതൽ ബാധിച്ച തൊഴിൽ അധിഷ്ഠിത മേഖലകളാണിവ. പുതിയ കരാർ ഈ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

കെമിക്കൽസ്, ഓട്ടോ അനുബന്ധ വ്യവസായം: സ്‌പെഷ്യാലിറ്റി കെമിക്കൽസ്, ഓട്ടോ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കും.

വ്യവസായം, ഊർജം

സോളാർ: സൗരോർജ മേഖലയിലെ പ്രമുഖ കമ്പനികൾക്ക് യുഎസ് കരാർ കൂടുതൽ ഓർഡറുകൾ ലഭിക്കാൻ ഇടയാക്കും.

പവർ ട്രാൻസ്മിഷൻ: പവർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, കേബിളുകൾ, കണ്ടക്ടറുകൾ എന്നിവ നിർമിക്കുന്ന കമ്പനികൾക്ക് കരാർ ഗുണകരമാകും.

ഉയർന്ന എഫ്‌ഐഐ പങ്കാളിത്തമുള്ള മേഖലകൾ

ധനകാര്യ സേവനം, റിയൽ എസ്റ്റേറ്റ്, ടെലികോം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം തിരികെയെത്തും. ഈ മേഖലകളിൽ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

നേട്ടം ഈ കമ്പനികൾക്ക്

കാറ്റഗറി

ശ്രദ്ധേയമായ ഓഹരികൾ

ഓട്ടോ & അനുബന്ധം 

ഭാരത് ഫോർജ്, സോന കോംപ്സ്, സൻസേര എൻജിനീയറിംഗ്, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, മദേഴ്‌സൺ.

ഫാർമ

ഡോ. റെഡ്ഡീസ്, ലുപിൻ, അരബിന്ദോ ഫാർമ, സൺ ഫാർമ, ഡിവിസ് ലാബ്.

ഐടി സേവനങ്ങൾ

ഇൻഫോസിസ്, എച്ച്സിഎൽ ടെക്, എൽടിഐ മൈൻഡ്ട്രീ.

കെമിക്കൽസ്

നവീൻ ഫ്ലൂറിൻ, പിഐ ഇൻഡസ്ട്രീസ്, എസ്ആർഎഫ്, ആർതി ഇൻഡസ്ട്രീസ്, യുപിഎൽ.

സോളാർ & എനർജി

വാരി, പ്രീമിയർ എനർജീസ്, എംവി (Emmvee).

ടെക്സ്റ്റൈൽസ്

വെൽസ്പൺ ലിവിംഗ്, കെപിആർ മിൽ, ഗോകുൽദാസ് എക്സ്പോർട്ട്, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ്, കിറ്റെക്‌സ്‌

---------------------------------------------------------------------------------------------------------------

സാധ്യതകൾ

ഹ്രസ്വകാല മുന്നേറ്റം എന്നതിലുപരി ഇടക്കാലയളവിൽ മികച്ച ഉത്പാദനശേഷിയുള്ള കമ്പനികൾക്ക് മുൻഗണന നൽകാമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അതേസമയം, രാജ്യത്തെ നാല് ലക്ഷം കോടി ഡോളർ ജിഡിപിയുടെ ചെറിയൊരു ഭാഗം മാത്രമാണ് യുഎസിലേക്കുള്ള കയറ്റുമതിയെന്നും കരാറുകൊണ്ട് വിപണിയിൽ അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ലെന്നും വിലയിരുത്തുന്നവരുമുണ്ട്.

ഏതായാലും വിപണിക്ക് കരാർ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കയറ്റുമതി കേന്ദ്രീകൃത മേഖലകൾക്ക് മികച്ച വളർച്ചാ സാധ്യതയുണ്ട്. വിദേശ നിക്ഷേപം തിരികെ എത്തുന്നതും രൂപയുടെ മൂല്യം സ്ഥിരപ്പെടുന്നതും വളർന്നുവരുന്ന വിപണികളിലെ (Emerging Markets) സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി മാറ്റാൻ ഇന്ത്യയെ സഹായിക്കും. ശക്തമായ ബാലൻസ് ഷീറ്റും യുഎസ് വിപണിയിൽ സാന്നിധ്യവുമുള്ള കമ്പനികൾക്കുമായിരിക്കും ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുക.