ഓഹരി വിപണിയിൽ ഫെബ്രുവരി സാധാരണ തിരുത്തലിന്റെ മാസമായിരുന്നില്ല. വർഷങ്ങളായി രാജ്യത്തെ സമ്പദ്ഘടനയുടെ നെടുംതൂണുകളിലൊന്നായ ഐടി മേഖലയുടെ അടിത്തറ ഇളക്കുന്ന മാറ്റങ്ങൾക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. അതോടെ ഈ മാസം ഇതുവരെ മാത്രം നിഫ്റ്റി ഐടി സൂചിക 14.7 ശതമാനം ഇടിവ് നേരിട്ടു.

To advertise here,

മ്യൂച്വൽ ഫണ്ടുകളെയും ഈ ആഘാതം കാര്യമായി ബാധിച്ചു. ഐടി ഓഹരികളിലെ വിലയിടിവ് മൂലം ഫെബ്രുവരിയിൽ മാത്രം 50,000 കോടി രൂപയോളം ഫണ്ടുകളിൽനിന്ന് അപ്രത്യക്ഷമായി. പ്രധാന ഐടി ഫണ്ടുകളുടെ ആദായത്തിൽ ഒരാഴ്ചക്കുള്ളിൽ ആറ് ശതമാനവും ഒരു മാസത്തിനുള്ളിൽ 12 ശതമാനവും ഇടിവുണ്ടായി. വിപണിയിലെ സാധാരണ സംഭവവികാസമായി ഇതിനെ കാണാനാവില്ല. എഐ വരുത്തിയ വമ്പൻ മാറ്റങ്ങളോടുള്ള നിർണായകമായി പ്രതികണമാണിത്.

ഇക്കാരണങ്ങൾക്കൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് മാനേജർമാർ കരുതലോടെയാണ് നിങ്ങുന്നത്. ഐടി മേഖലയിൽനിന്ന് പല എഎംസികളും വൻതോതിൽ പണം പിൻവലിക്കുന്നതായി ജനുവരി-ഫെബ്രുവരി കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻഫോസിസിൽ നിന്ന് മാത്രം ഐസിഐസിഐ പ്രൂഡൻഷ്യൽ 1,953 കോടി രൂപയോളം പിൻവലിച്ചു. ടെക് മഹീന്ദ്രയിൽ നിന്ന് 966 കോടിയും എച്ച്‌സിഎൽ ടെകിൽനിന്ന് 817 കോടിയും ടിസിഎസിൽനിന്ന് 302 കോടിയുടെയും അറ്റവില്പന മ്യൂച്വൽ ഫണ്ടുകൾ നടത്തി.

പ്രധാന സൂചികകളിൽ ഐടിക്ക് 10 ശതമാനത്തോളം വിഹിതമാണുള്ളത്. എന്നാൽ പല മ്യൂച്വൽ ഫണ്ടുകളും ഐടിയിൽ ഉയർന്ന വിഹിതമാണ് നിലനിർത്തിയിട്ടുള്ളത്.

പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ്: രാജ്യത്തെ മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ ഏറ്റവും കൂടുതൽ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടുകളിലൊന്നാണിത്. ഐടി മേഖലയിൽ 25 ശതമാനത്തോളം വിഹിതം ഫണ്ടിന് ഉണ്ട്. ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ തകർച്ചക്ക് പുറമെ (യുഎസ് വിപണയിൽ എഐ നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ സമ്മർദം നേരിട്ട) ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഓഹരികളിലെ നിക്ഷേപവും ഫണ്ടിനെ ബാധിച്ചേക്കാം.

കൊട്ടക് മിഡ് ക്യാപ്, ഐസിഐസിഐ പ്രൂ വാല്യു: ഈ ഫണ്ടുകൾക്കാകട്ടെ 14-16 ശതമാനത്തോളം നിക്ഷേപവിഹിതം ഐടിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ മറ്റ് ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളേക്കാൾ കൂടുതൽ റിസ്‌ക് ഈ സ്‌കീമുകൾക്ക് നേരിടേണ്ടിവരുന്നു.

മ്യൂച്വൽ ഫണ്ട് പദ്ധതി

ഐടി വിഹിതം (%)

വിശകലനം

PPFAS FlexiCap Fund

25%

ഇന്ത്യൻ ഐടിയും യുഎസ് കമ്പനികളും (Microsoft, Alphabet, etc.) ചേർന്നതാണ് ഈ വിഹിതം.

Kotak Midcap Fund

14-16%

മിഡ്‌ക്യാപ് ഐടി കമ്പനികളിലെ നിക്ഷേപം.

ICICI Pru Value Fund

14-16%

വാല്യു ഇൻവെസ്റ്റിംഗിന്റെ ഭാഗമായുള്ള ഐടി വിഹിതം.

Kotak Flexicap Fund

14-16%

വൻകിട ഐടി ഓഹരികളിലെ നിക്ഷേപം.

വെറുമൊരു തരംഗമല്ല, വലിയ ഭീഷണി

ആന്ത്രോപിക് പുതിയ എഐ പ്ലാറ്റ്‌ഫോമായ ക്ലൗഡ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഐടി ഓഹരികളിൽ തകർച്ച തുടങ്ങിയത്. കുറച്ച് ആളുകളെവെച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ ജോലി ചെയ്യാൻ എഐ സഹായിക്കുമ്പോൾ ഐടി കമ്പനികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാരണത്താൽതന്നെ നാല് വർഷത്തിനുള്ളിൽ ഐടി മേഖലയുടെ വരുമാനത്തിൽ 12 ശതമാനംവരെ കുറവുണ്ടാകാനിടയാക്കുമെന്നാണ് വിലയിരുത്തൽ. അതായത് വരുമാനവളർച്ചയിൽ ഓരോ വർഷവും ഉണ്ടാകാനിടയുള്ള ഇടിവ് മൂന്ന് ശതമാനത്തോളം. കോഡിങ്, ടെസ്റ്റിങ് തുടങ്ങിയ ജോലികളിൽ 20-40 ശതമാനം ഉത്പാദന ക്ഷമത വർധിക്കുന്നത് കമ്പനികൾക്ക് ഭീഷണയാകും. കൂടുതൽ ആളുകളെവെച്ച് വരുമാനം കണ്ടെത്തുന്ന രീതി ഇതോടെ ഇല്ലാതാകും.

മുന്നിലുള്ള വഴി

പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 18 മടങ്ങ് (18 X P/E) മൂല്യത്തിലാണ് വൻകിട ഐടി ഓഹരികളിൽ വ്യാപാരം നടക്കുന്നത്. മുൻകാലങ്ങളിൽ വൻ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മൂല്യം 12 മടങ്ങ് വരെ താഴ്ന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ള ഇടിവിൽനിന്ന് ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ട്. അതേസമയം, കമ്പനികളുടെ കൈവശമുള്ള വൻ പണശേഖരവും ലാഭവീതവും ഓഹരി വിലയിൽ ഒരുപരിധിയിൽ കൂടുതൽ ഇടിവുണ്ടാകുന്നത് തടയുമെന്ന വിലയിരുത്തലുമുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തി ഐടി ഓഹരികളിൽ വൻതോതിൽ നിക്ഷേപമുള്ളവർ മാത്രം പുനഃക്രമീകരണത്തെക്കുറിച്ച് ആലോചിച്ചാൽ മതി. 5-10 ശതമാനം വരെ വിഹിതമുള്ളവർ ആശങ്കപ്പെടേണ്ടതില്ല. 20 ശതമാനനത്തിന് മുകളിലാണ് നിക്ഷേപമെങ്കിൽ ഉടൻ പുനഃപരിശോധിച്ച് കൂടുതലുള്ള നിക്ഷേപം മറ്റ് മേഖലകളിലേക്ക് മാറ്റുക.

നിലവിൽ നിക്ഷേപമുള്ളവർ പരിഭ്രാന്തരായി വിറ്റൊഴിയുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ വിറ്റൊഴിവാക്കിയാൽ നഷ്ടം പോർട്‌ഫോളിയോയിൽ പ്രതിഫലിക്കും. പരിമിതമായ വിഹിതമുള്ളവർ വിപണി തിരിച്ചുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. അതോടൊപ്പം പുതിയതായി വലിയ തുക(Lumpsum) നിക്ഷേപിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക. എസ്‌ഐപി തുടാരുകയും ചെയ്യാം. ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന ഐടി സമ്മിറ്റ് ശ്രദ്ധിക്കുന്നത് നല്ലതാണ്. കമ്പനികൾ മുന്നോട്ടുവെക്കുന്ന ഭാവി പദ്ധതികളെക്കുറിച്ചുള്ള സൂചനകൾ അതിൽനിന്ന് ലഭിച്ചേക്കാം.

മികച്ച മാനേജുമെന്റും സാമ്പത്തിക ഭദ്രതയും ഉള്ളവയാണ് ഇന്ത്യയിലെ ഐടി കമ്പനികൾ. എഐ സംഭവവികാസങ്ങൾക്കിടെ വെറും തൊഴിൽ സപ്ലൈ കമ്പനികളായി തുടർന്നാൽ നിലനിൽപിന് ഭീഷണിയാകുമെന്നകാര്യത്തിൽ സംശയമില്ല. സേവനങ്ങൾക്ക് എഐ പിന്തുണ എത്രത്തോളം വേഗത്തിൽ സ്വാംശീകരിക്കാൻ കഴിയുന്നു എന്നതിലാകും വിജയം. പോർട്‌ഫോളിയോയിലെ ഐടി ഓഹരികൾ പുതിയ മാറ്റങ്ങളെ പ്രതിനിധീകരിക്കുന്ന കമ്പനികളുടേതാണോ എന്നത് ആശ്രയിച്ചിരിക്കും നേട്ടസാധ്യത.