വിദേശത്ത് താമസിക്കുന്നവർക്കും കുറച്ചു മാത്രം വാഹനം ഉപയോഗിക്കുന്നവർക്കും തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമായിരുന്നു മുമ്പ് താങ്ങാവുന്ന ചെലവിൽ ലഭിച്ചിരുന്നത്. പുതിയ സംവിധാനം വഴി കുറഞ്ഞ ചെലവിൽ ഫുൾ കവർ ഉറപ്പാക്കാം.

ഓടിക്കുന്ന ദൂരത്തിനനുസരിച്ച് ഇൻഷുറൻസ് പ്രീമിയം അടക്കുന്ന രീതി നടപ്പിലായിട്ടും പ്രയോജനപ്പെടുത്താതെ വാഹന ഉടമകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ, വാരാന്ത്യത്തിൽ മാത്രം വാഹനം പുറത്തെടുക്കുന്നവർ എന്നിവർക്കിത് പ്രയോജനം ചെയ്യും. പേ ആസ് യു ഡ്രൈവ് (PAYD) അതുകൊണ്ടുതന്നെ പരമ്പരാഗത ഇൻഷുറൻസ് പോളിസികളേക്കാൾ എന്തുകൊണ്ടും മികച്ചതാണ്. പ്രതിവർഷം 10,000 കിലോമീറ്ററിൽ താഴെ വാഹനം ഓടിക്കുന്നവർക്കാകും ഈ പദ്ധതി കൂടുതൽ അനുയോജ്യമാകുക. കിലോമീറ്റർ പരിധി കവിയുന്നത് ക്ലെയിമുകളെ ബാധിച്ചേക്കാമെന്നതിനാൽ കൃത്യമായ പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.
പ്രവർത്തന രീതി
പ്രധാനമായും വാഹനത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്.
കിലോമീറ്റർ സ്ലാബ്: പോളിസി വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഓടിക്കാൻ സാധ്യതയുള്ള ദൂരം തിരഞ്ഞെടുക്കണം. സാധാരണയായി 2,500 കി.മീ മുതൽ 10,000 കി.മീ വരെയുള്ള സ്ലാബുകളാണുള്ളത്.
ഓഡോമീറ്റർ റീഡിംഗ്: പോളിസി എടുക്കുന്ന സമയത്ത് വാഹനത്തിന്റെ നിലവിലെ ഓഡോമീറ്റർ റീഡിംഗ് ഇൻഷുറൻസ് കമ്പനിക്ക് നൽകണം. ഉദാഹരണത്തിന്, 20,000 കി.മീ റീഡിംഗ് ഉള്ളപ്പോൾ 5,000 കി.മീ സ്ലാബ് തിരഞ്ഞെടുത്താൽ, പുതുക്കുന്ന സമയത്ത് റീഡിംഗ് 25,000 കി.മീറ്ററിൽ കൂടാൻ പാടില്ല.
പ്രീമിയം ഘടന: പ്രീമിയത്തിൽ ഐആർഡിഎഐ (IRDAI) നിശ്ചയിച്ചിട്ടുള്ള തേർഡ് പാർട്ടി പ്രീമിയവും ഓൺ-ഡാമേജ് പ്രീമിയവും ഉൾപ്പെടുന്നു. ഇതിൽ ഓൺ-ഡാമേജ് പ്രീമിയം, നിശ്ചിത ഭാഗമായും കിലോമീറ്റർ അടിസ്ഥാനത്തിലുള്ള മാറ്റം വരാവുന്ന ഭാഗമായും തിരിച്ചിരിക്കുന്നു.
സാങ്കേതികവിദ്യ: ചില ആധുനിക പ്ലാനുകൾ ഡ്രൈവിംഗ് രീതി നിരീക്ഷിക്കാൻ ടെലിമാറ്റിക്സ് ഉപകരണങ്ങളോ വാഹനത്തിലെ തന്നെ ഇൻബിൽറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാറുണ്ട്.
കിഴിവ് ഇപ്രകാരം
എച്ച്ഡിഎഫ്സി ഏർഗോ
ഓൺ ഡാമേജ് പ്രീമിയത്തിന്മേൽ 25 ശതമാനംവരെ ഇളവ്.
ഡിജിറ്റ്
ഏറ്റവും കുറഞ്ഞ സ്ലാബുകൾ തിരഞ്ഞെടുക്കുന്നവർക്ക് 90 ശതമാനംവരെ കിഴിവ്.
ഐസിഐസിഐ ലൊംബാർഡ്
വ്യത്യസ്ത സ്ലാബുകളിൽ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.
ന്യൂ ഇന്ത്യ അഷ്വറൻസ്
4,000 മുതൽ 10,000 വരെ കിലോമീറ്ററുകൾക്ക് വ്യത്യസ്ത നിരക്ക് ഇളവുകൾ നൽകുന്നുണ്ട്.
(വിശദവിവരങ്ങൾക്ക് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക)
കൂടാതെ, പോളിസി പുതുക്കുന്ന സമയത്ത് ബാക്കിയുള്ള കിലോമീറ്ററുകൾ അടുത്ത വർഷത്തേക്ക് മാറ്റാം (Carry forward). നിശ്ചിത പരിധിക്കുള്ളിൽ വാഹനം ഓടിക്കുകയും ക്ലെയിമുകൾ കുറവായിരിക്കുകയും ചെയ്താൽ പുതുക്കൽ സമയത്ത് കൂടുതൽ ഡിസ്കൗണ്ട് നൽകാനും കമ്പനികൾ തയ്യാറായേക്കാം.
ആർക്കൊക്കെ അനുയോജ്യം
അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ ഓഡോമീറ്റർ റീഡിംഗിനെ വാഹനത്തിന്റെ പ്രായം കൊണ്ട് ഹരിക്കുക. ശരാശരി വാർഷിക ദൂരം ഇതിലൂടെ കണക്കാക്കാൻ കഴിയും.
പ്രതിവർഷം 10,000 കിലോമീറ്ററിൽ താഴെ മാത്രം വാഹനം ഓടിക്കുന്നവർക്കാണ് അനുയോജ്യം. ദിവസവും ദീർഘദൂരം യാത്ര ചെയ്യുന്നവർ, വർഷാവർഷം ഡ്രൈവിംഗ് രീതികളിൽ മാറ്റമുണ്ടാകുന്നവർ എന്നിവർക്ക് പ്ലാൻ അനുയോജ്യമല്ല.
പരിധി കൈവിട്ടാൽ?
തിരഞ്ഞെടുത്ത കിലോമീറ്റർ പരിധി കഴിഞ്ഞും വാഹനം ഓടിക്കുന്നത് ക്ലെയിമിനെ ബാധിച്ചേക്കാം.
ടോപ്പ്-അപ്പ് പ്രീമിയം: പരിധി കഴിയുന്നതിന് മുൻപ് അധിക പ്രീമിയം അടച്ച് സ്ലാബ് പുതുക്കേണ്ടി വരും.
ക്ലെയിം നിരസിക്കൽ: പരിധി കഴിഞ്ഞതിന് ശേഷം ടോപ്പ്-അപ്പ് ചെയ്തില്ലെങ്കിൽ ഓൺ-ഡാമേജ് ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനി നിരസിക്കാൻ സാധ്യതയുണ്ട്.
ആനുപാതിക സെറ്റിൽമെന്റ്: ചില കമ്പനികൾ ക്ലെയിം പൂർണമായി നിരസിക്കുന്നതിന് പകരം പരിധി കവിഞ്ഞ ദൂരത്തിനനുസരിച്ച് ആനുപാതികമായി തുക കുറച്ച് ക്ലെയിം അനുവദിച്ചേക്കാം. ഉദാഹരണത്തിന്, 10 ശതമാനം ഡിസ്കൗണ്ട് വാങ്ങി 10,000 കി.മീ സ്ലാബ് എടുത്തയാൾ 11,000 കി.മീറ്ററിൽ അപകടം സംഭവിച്ചാൽ ആകെ തുകയുടെ 90 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.
ജനകീയമാകാത്തത് എന്തുകൊണ്ട്?
അറിവില്ലായ്മ: ഇത്തരം പോളിസിയെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധമില്ലാത്തതാണ് പ്രധാനകാരണം.
നിലവിലെ ഡിസ്കൗണ്ടുകൾ: സാധാരണ ഇൻഷുറൻസ് പ്രീമിയങ്ങളിൽ തന്നെ നിലവിൽ നോ ക്ലെയിം ബോണസ് (NCB) വഴിയും മറ്റും കാര്യമായ ഇളവുകൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് PAYD നൽകുന്ന അധിക ലാഭം പലപ്പോഴും ആകർഷകമായി തോന്നുന്നില്ല.
ചെറിയ വ്യത്യാസം: 12,000 കി.മീ സ്ലാബും പരിധിയില്ലാത്ത പ്ലാനും തമ്മിലുള്ള വ്യത്യാസം ചിലപ്പോൾ വളരെ കുറവായിരിക്കാം (ഉദാഹരണത്തിന് 565 രൂപയുടെ വ്യത്യാസം).
കർശനമായ നിബന്ധനകൾ: ഓഡോമീറ്റർ റീഡിംഗ് അടിസ്ഥാനമാക്കി ഇൻഷുറൻസ് കമ്പനികളാണ് സ്ലാബ് ലഭ്യത തീരുമാനിക്കുന്നത്. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് റീഡിംഗ് കൂടുതലാണെങ്കിൽ കുറഞ്ഞ സ്ലാബുകൾ ലഭിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- പ്രീമിയം കുറയ്ക്കാൻ വേണ്ടി മാത്രം കുറഞ്ഞ സ്ലാബ് തിരഞ്ഞെടുക്കരുത്. സർവീസ് റെക്കോർഡുകളോ ഇന്ധന ബില്ലുകളോ പരിശോധിച്ച് കൃത്യമായ ദൂരം കണക്കാക്കുക.
- കിലോമീറ്റർ പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്നും ഇൻഷുറൻസ് കമ്പനി എങ്ങനെയാണ് ദൂരം ട്രാക്ക് ചെയ്യുന്നതെന്നും വ്യക്തമായി മനസ്സിലാക്കുക.
വിദേശത്ത് താമസിക്കുന്നവർക്കും കുറച്ചു മാത്രം വാഹനം ഉപയോഗിക്കുന്നവർക്കും തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമായിരുന്നു മുമ്പ് താങ്ങാവുന്ന ചെലവിൽ ലഭിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനം വഴി കുറഞ്ഞ ചെലവിൽ ഫുൾ കവർ ഉറപ്പാക്കാം.
Content Highlights: Lower premiums for low-mileage drivers (under 10,000 km/year)., Flexible mileage slabs ranging from 2,500 km to 10,000 km., Option to carry forward unused kilometers to the next policy year., Top-up premiums available if you exceed your selected mileage limit., Technological monitoring via telematics or odometer readings.
Published: 03 Jul 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented