എല്ലാവർഷവും കൃത്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നയാളാണ് രാജീവ്. കഴിഞ്ഞ വർഷം ശമ്പള വരുമാനം കൃത്യമായി റിട്ടേണിൽ കാണിച്ചെങ്കിലും സേവിങ്‌സ് അക്കൗണ്ടിൽനിന്ന് ലഭിച്ച ചെറിയ പലിശ വരുമാനം രേഖപ്പെടുത്താൻ വിട്ടുപോയി. പിന്നീടാണ് അക്കാര്യം ഓർത്തത്. ഇതൊക്കെ ആര് ശ്രദ്ധിക്കാനാണ്-എന്ന ചിന്തയിൽ അക്കാര്യം അവഗണിക്കുകയും ചെയ്തു. എന്നാൽ റിട്ടേൺ ഫയൽ ചെയ്ത് മാസങ്ങൾക്കകം ഐടി വകുപ്പിന്റെ എഐ സംവിധാനം പൊരുത്തക്കേട് കണ്ടെത്തുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തു. പലിശ വരുമാനം മറച്ചുവെച്ചതിനാൽ റീഫണ്ട് തടയുന്ന സാഹചര്യമുണ്ടായി. പിഴ അടയ്‌ക്കേണ്ടിവരികയും ചെയ്തു.

To advertise here,

എഐ നിരീക്ഷണം

പഴയതുപോലെ റിട്ടേൺ പരിശോധിക്കുന്നത് മനുഷ്യരല്ല, എ.ഐ സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും ഇതിനായി ഉപയോഗിക്കുന്നു. സമർപ്പിക്കുന്ന ഓരോ വിവരവും വിവിധ സ്രോതസ്സുകളിൽ (Source information) നിന്ന് നേരത്തെ തന്നെ ശേഖരിച്ച വിവരങ്ങളുമായി സിസ്റ്റം സ്വയം ഒത്തുനോക്കുന്നു.

തെറ്റായ വകുപ്പുകൾക്ക് കീഴിൽ ഇളവുകൾ അവകാശപ്പെടുകയോ മതിയായ രേഖകളില്ലാത്ത ഇളവുകൾ കാണിക്കുകയോ ചെയ്യുന്നത് എഐ കണ്ടുപിടിക്കും. ഇത്തരം പൊരുത്തക്കേടുകൾ (Mismatches) ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നോട്ടീസ് ലഭിച്ചേക്കാം. കനത്ത പിഴ ഒടുക്കേണ്ടിയും വന്നേക്കാം. ഡിജിറ്റൽ യുഗത്തിൽ സുതാര്യത പാലിക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ മാർഗം.

ആദ്യപടി ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക എന്നതാണ്.

ഫോം

ആർക്കൊക്കെ അനുയോജ്യം?

ITR-1

ശമ്പള വരുമാനമുള്ളവർ,

ഒരു വീട് ഉള്ളവർ,

മറ്റ് സ്രോതസ്സുകളിൽനിന്ന്

വരുമാനമുള്ളവർ.

ITR-2

വ്യക്തികൾ അല്ലെങ്കിൽ

ഹിന്ദു അവിഭക്ത കുടുംബം

(HUF), ബിസിനസ്സ് വരുമാനം

ഇല്ലാത്തവർ.

ITR-3

ബിസിനസ്സോ

പ്രൊഫഷനോവഴി

വരുമാനമുള്ള വ്യക്തികൾ

അല്ലെങ്കിൽ HUF.

ITR-4

ബിസിനസ്സിൽ

നിന്നോ പ്രൊഫഷനിൽ

നിന്നോ അനുമാന

വരുമാനം (Presumptive Income)

ഉള്ള നികുതിദായകർ.

2025-26 സാമ്പത്തിക വർഷത്തെ (FY) വരുമാനമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ, തിരഞ്ഞെടുക്കേണ്ട അസസ്മെന്റ് ഇയർ (AY) 2026-27 ആയിരിക്കണം. ഇത് തെറ്റിയാൽ വരുമാനത്തിന് ഇരട്ട നികുതി നൽകേണ്ടിവന്നേക്കാം.

അധിക വരുമാനം മറച്ചുവെക്കരുത്

നികുതിയിളവുള്ള വരുമാനവും മറ്റും രേഖപ്പെടുത്താത്തതാണ് നോട്ടീസുകൾ ലഭിക്കാൻ പ്രധാന കാരണം. ഇത്തരം വരുമാനങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് സാങ്കേതികമായി ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കും.

  • സേവിങ്‌സ് അക്കൗണ്ട്, എഫ്.ഡി പലിശ: പലിശ വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിലും റിട്ടേണിൽ നിർബന്ധമായും കാണിക്കണം.
  • മൂലധന നേട്ടം (Capital Gain): ഓഹരിയിൽനിന്ന് 1.25 ലക്ഷം വരെയുള്ള നേട്ടത്തിന് നികുതിയില്ലെങ്കിലും മുഴുവൻ ലാഭവും കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
  • ജോലി മാറിയവർ: വർഷത്തിനിടയിൽ ജോലി മാറിയവർ എല്ലാ തൊഴിലുടമകളിൽ നിന്നുമുള്ള ഫോം 16 ശേഖരിക്കുകയും ആകെ വരുമാനം കൂട്ടി രേഖപ്പെടുത്തുകയും വേണം. ഒരു ഫോംമാത്രം ഉപയോഗിച്ച് ഫയൽ ചെയ്യുന്നത് പിഴവായി കണക്കാക്കും.
  • വാടക വരുമാനവും ഹ്രസ്വകാല നേട്ടവും: വീട് വാടകയ്ക്ക് നൽകി ലഭിക്കുന്ന വരുമാനവും ചെറിയ കാലയളവിലെ നിക്ഷേപ ലാഭങ്ങളും വെളിപ്പെടുത്തണം.

സൂക്ഷിക്കേണ്ട രേഖകൾ:

  1. തൊഴിലുടമകളിൽ നിന്നുമുള്ള ഫോം 16.
  2. ബാങ്ക് സ്റ്റേറ്റ്മെന്റ്.
  3. പലിശ സർട്ടിഫിക്കറ്റുകൾ.
  4. നിക്ഷേപ രേഖകൾ (Investment proofs).

എഐസ്, ടിഐഎസ്, ഫോം 26 എ.എസ്

സാമ്പത്തിക വർഷത്തെ എല്ലാ വിവരങ്ങളും ഈ രേഖകളിലുണ്ടാകും. റിട്ടേൺ നൽകുന്നതിന് മുമ്പായി ഇവ പരിശോധിക്കണം.

  • ഫോം 26 എ.എസ്: ടി.ഡി.എസ്, ടി.സി.എസ്, നേരത്തെ അടച്ച നികുതികൾ എന്നിവയുടെ വിവരങ്ങൾ ഇതിൽ ഉണ്ടാകും.
  • എഐഎസ് (Annual Information Statement): ജി.എസ്.ടി ടേൺഓവർ, ഓഹരി ഇടപാടുകൾ, വിദേശത്തേക്കുള്ള പണമിടപാടുകൾ, നിക്ഷേപ വിവരങ്ങൾ തുടങ്ങിയവ ഇതിലുണ്ടാകും.
  • ടിഐഎസ് (Taxpayer Information Summary): എഐഎസിലെ വിവരങ്ങളുടെ സംക്ഷിപ്ത രൂപമാണ് ടിഐഎസ്. ഐടിആറിൽ ഈ വിവരങ്ങളാകും മുൻകൂറായി ചേർത്തിട്ടുണ്ടാകുക.

പ്രത്യേകം ശ്രദ്ധിക്കുക: എഐഎസ്, ടിഐഎസ് എന്നിവയിലെ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ അക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്.

ഓഹരി ഇടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ ഇൻട്രാഡേ (Day Trading), എഫ് ആന്റ് ഒ (F&O) ഇടപാടുകൾ നടത്തുന്നവർ കൂടുതൽ ജാഗ്രതയോടെ ഐടിആർ-3 ഫയൽ ചെയ്യണം. ഇവർക്കുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

 

നികുതി വിഭാഗം

ബിസിനസ് കോഡ്

ഇൻട്രാഡേ ട്രേഡിങ്

സ്പെക്യുലേറ്റീവ്

ബിസിനസ് വരുമാനം

21009

F&O ട്രേഡിങ്

നോൺ-സ്പെക്യുലേറ്റീവ്

ബിസിനസ് വരുമാനം

21010

ഷെയർ ട്രേഡിങ് (ബിസിനസ്)

ഷെയർ ട്രേഡിങ്

ബിസിനസ്

21011

അക്കൗണ്ട് ബുക്കുകളും ഓഡിറ്റും:

  • ടേൺഓവർ 25 ലക്ഷത്തിന് മുകളിലോ ലാഭം 2.5 ലക്ഷത്തിന് മുകളിലോ ആണെങ്കിൽ അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കണം.
  • ക്യാഷ് ഇടപാടുകൾ അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിൽ ടേൺഓവർ 10 കോടിവരെ ടാക്‌സ് ഓഡിറ്റ് ആവശ്യമില്ല. എന്നാൽ ഇതിൽ കൂടുതൽ ക്യാഷ് ഇടപാടുകൾ ഉണ്ടെങ്കിൽ ഓഡിറ്റ് നിർബന്ധമാണ്.

അവസാന ഘട്ട പരിശോധനയും ഇ-വെരിഫിക്കേഷനും

റിട്ടേൺ ഫയൽ ചെയ്തതുകൊണ്ടുമാത്രം നടപടി പൂർത്തിയാകുന്നില്ല. വെരിഫിക്കേഷൻ പൂർത്തിയാകാത്ത റിട്ടേണുകൾ നിയമപരമായി അസാധുവാണ്.

ഫോർമാറ്റ് ശ്രദ്ധിക്കുക: തീയതികൾ രേഖപ്പെടുത്തുമ്പോൾ DD/MM/YYYY എന്ന ഫോർമാറ്റ് മാത്രമേ ഉപയോഗിക്കാവൂ. മറ്റൊരു രീതിയിൽ രേഖപ്പെടുത്തുന്നത് റിട്ടേൺ തള്ളാൻ കാരണമാകും.

ബാങ്ക് വിവരങ്ങൾ: IFSC, അക്കൗണ്ട് നമ്പർ എന്നിവയിൽ വരുന്ന ചെറിയ പിശക് പോലും റീഫണ്ടിന് തടസമാകും.

ആധാർ-പാൻ ബന്ധിപ്പിക്കൽ: ഇ-വെരിഫിക്കേഷൻ സുഗമമാകാൻ പാനും ആധാറുംതമ്മിൽ നേരത്തെ തന്നെ ബന്ധിപ്പിച്ചിരിക്കണം.

30 ദിവസത്തെ സമയപരിധി: റിട്ടേൺ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ആധാർ ഒ.ടി.പി വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ഇ-വെരിഫൈ ചെയ്യണം. അല്ലെങ്കിൽ ഒപ്പിട്ട ഐടിആർ-5 രേഖ 30 ദിവസത്തിനുള്ളിൽ ബംഗളൂരുവിലെ സിപിസി ഓഫീസിലേക്ക് അയക്കണം.

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ചുരുക്കത്തിൽ

  1. അനുയോജ്യമായ ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക.
  2. അസസ്മെന്റ് ഇയർ 2026-27 ആണെന്ന് ഉറപ്പുവരുത്തുക.
  3. ബാങ്ക് അക്കൗണ്ട് നമ്പർ, IFSC എന്നിവ കൃത്യമായി നൽകുക.
  4. സേവിങ്‌സ് ബാങ്ക് പലിശ ഉൾപ്പെടെയുള്ള എല്ലാ അധിക വരുമാനങ്ങളും റിപ്പോർട്ട് ചെയ്യുക.
  5. നികുതിയിളവുള്ള (Exempt income) വരുമാനങ്ങളും കൃത്യമായി വെളിപ്പെടുത്തുക.
  6. ജോലി മാറിയവരാണെങ്കിൽ എല്ലാ Form 16 കളും സംയോജിപ്പിച്ച് വരുമാനം കണക്കാക്കുക.
  7. AIS/Form 26AS എന്നിവയിലെ വിവരങ്ങൾ ഒത്തുനോക്കുക.
  8. TIS-ലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക.
  9. ട്രേഡർമാർ ശരിയായ ബിസിനസ് കോഡുകൾ (21009/21010) ഉപയോഗിക്കുക.
  10. അക്കൗണ്ട് ബുക്കുകളും ഓഡിറ്റും ബാധകമാണോ എന്ന് പരിശോധിക്കുക (ഓഗസ്റ്റ് 31-ന് മുൻപ് ഫയൽ ചെയ്യുക).
  11. തീയതികൾ DD/MM/YYYY ഫോർമാറ്റിലാണെന്ന് ഉറപ്പാക്കുക.
  12. ആധാർ-പാൻ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി 30 ദിവസത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കുക.