ട്രിപ്പിൾ എ റേറ്റിങ് ഉള്ള കോർപ്പറേറ്റ് ബോണ്ടുകൾ 7.5% മുതൽ 8.5% വരെ ആദായമാണ് നൽകുന്നത്. അതിനേക്കാൾ ഉയർന്ന നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ റിസ്ക് കൂടുമെന്ന് ചുരുക്കം. ബോണ്ട് വിപണിയിലെ ഉയർന്ന ആദായം പലപ്പോഴും റിസ്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

പരമ്പരാഗത സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് മാറി കോർപ്പറേറ്റ് ബോണ്ടുകളിലേക്ക് നിക്ഷേപകർ വൻതോതിൽ ചേക്കേറുന്ന സാഹചര്യമാണിപ്പോഴുള്ളത്. കാരണം സ്ഥിര നിക്ഷേപങ്ങളിലെ പലിശക്കുറവ് തന്നെ. ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളുടെ (OBPPs) വരവ് നിക്ഷേപം എളുപ്പമാക്കി. ഉയർന്ന ആദായം തേടുന്നവർ സ്വാഭാവികമായും ബോണ്ടുകളിലേയ്ക്ക് തിരിയും. കൂടുതൽ ലാഭം നോക്കി റിസ്ക് അവഗണിക്കുമ്പോൾ നിക്ഷേപിച്ച തുക പോലും നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം.
റിസ്കുകൾ
ക്രെഡിറ്റ് റിസ്ക്, ലിക്വിഡിറ്റി പരിമിതികൾ, സങ്കീർണമായ നിക്ഷേപ ഘടന എന്നിവയാണ് ബോണ്ട് നിക്ഷേപത്തിൽ നേരിടുന്ന നഷ്ടസാധ്യതകൾ. 2025 സെപ്റ്റംബറിലെ കണക്ക് പ്രകാരം നിക്ഷേപകരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും പലർക്കും ഇതിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധമില്ല.
വെല്ലുവിളികൾ
ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപമായി ബോണ്ടുകളെ കാണുന്ന സാഹചര്യമാണ് അപകടകരം.
ക്രെഡിറ്റ് റിസ്ക് (Credit Risk)
റേറ്റിംഗ് ഏജൻസികൾ നൽകുന്ന ഉയർന്ന റേറ്റിംഗുകൾ എല്ലായ്പ്പോഴും സുരക്ഷിതമാണെന്ന് കരുതാനാവില്ല.
- ഉദാഹരണത്തിന് SREI-ക്ക് എ.എ റേറ്റിംഗ് ഉണ്ടായിരുന്നിട്ടും 2021-ൽ പണം തിരികെ നൽകുന്നതിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.
- IL&FS: ഗവൺമെന്റിന് തുല്യമായ സുരക്ഷിതത്വം ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന ഈ സ്ഥാപനത്തിന്റെ തകർച്ച മ്യൂച്വൽ ഫണ്ടുകളെയും പെൻഷൻ ഫണ്ടുകളെയും ഒരുപോലെ ബാധിച്ചു.
ഒരു കമ്പനിയുടെ ബോണ്ട് റേറ്റിംഗ് എ.എയ്ക്ക് താഴെയാകുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും നിക്ഷേപിക്കാൻ മടിക്കുന്നു. ഇത്തരത്തിൽ വൻകിട നിക്ഷേപ സ്ഥാപനങ്ങൾ ഒഴിവാക്കുന്ന ബോണ്ടുകളാണ് പലപ്പോഴും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റീട്ടെയിൽ നിക്ഷേപകരിലേക്ക് എത്തുന്നത്.
ലിക്വിഡിറ്റി റിസ്ക് (Liquidity Risk)
ബോണ്ടുകൾ വാങ്ങുന്നത് എളുപ്പമാണെങ്കിലും അവ കാലാവധിക്ക് മുമ്പ് വിൽക്കുന്നത് (Secondary Market) എളുപ്പമുള്ള കാര്യമല്ല. സെക്കൻഡറി മാർക്കറ്റിലെ ബോണ്ട് ഇടപാടുകൾ ദുർബലമായതിനാൽ, പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ വിൽക്കാൻ വാങ്ങാൻ ആളുണ്ടായെന്നു വരില്ല. ഉണ്ടായാൽ തന്നെ കാര്യമായ വിലക്കുറവ് നേരിടേണ്ടി വരും.
വിപണിയിലെ പലിശനിരക്ക് ഉയരുമ്പോൾ ബോണ്ട് ആദായത്തിൽ കുറവുണ്ടാകും (Inverse Relationship). കാലാവധിയെത്തും മുമ്പ് അപ്പോൾ ബോണ്ട് വിറ്റ് പണമാക്കാൻ ശ്രമിച്ചാൽ കാര്യമായ നഷ്ടം നേരിടേണ്ടിവരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
| ക്രെഡിറ്റ് റേറ്റിംഗ് | നിക്ഷേപത്തിന്റെ സുരക്ഷിതത്വം സൂചിപ്പിക്കുന്നു (ഉയർന്ന റേറ്റിംഗ് അഭികാമ്യം). |
| സെക്യൂർഡ് vs അൺസെക്യൂർഡ് | ബോണ്ട്സുരക്ഷിതമാണോ (Secured) എന്ന് പരിശോധിക്കുക. മുതൽ തിരികെ ലഭിക്കുമെന്ന് ഇതിലൂടെ ഉറപ്പാക്കാം. |
| ലിസ്റ്റിംഗ് പദവി | ബോണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. |
| കമ്പനിയുടെ ചരിത്രം | പ്രവർത്തന ചരിത്രം, ലാഭക്ഷമത, ബോർഡ് അംഗങ്ങളുടെ വിശ്വാസ്യത എന്നിവ പരിശോധിക്കുക. |
| ആദായം (Yield) | AAA റേറ്റിംഗുള്ള ബോണ്ടുകളേക്കാൾ 2-3% കൂടുതൽ ആദായം നൽകുന്നുണ്ടെങ്കിൽ ഉയർന്ന റിസ്ക് ഉണ്ടെന്ന് മനസ്സിലാക്കുക. |
കൂടുതൽ സങ്കീർണം
സാധാരണ ബോണ്ടുകൾക്ക് പുറമെ, സെക്യൂരിറ്റൈസ്ഡ് ഡെറ്റ് ഇൻസ്ട്രുമെന്റുകൾ (SDI) പോലുള്ള സങ്കീർണമായ നിക്ഷേപങ്ങളിലേക്കും റീട്ടെയിൽ നിക്ഷേപകരെത്തുന്നുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(NBFCs) നൽകിയ വായ്പകൾ ഒരുമിച്ച് ചേർത്ത് സെക്യൂരിറ്റികളായി മാറ്റുന്ന രീതിയാണിത്. അടിസ്ഥാന വായ്പക്കാർ തിരിച്ചടവ് നടത്തിയാൽ മാത്രമേ നിക്ഷേപകർക്ക് പണം ലഭിക്കൂ എന്ന കാര്യം പലപ്പോഴും ഓർക്കാറില്ല. 2025 ഓഗസ്റ്റിനും 2026 ജനുവരിക്കും ഇടയിൽ ഇത്തരം വായ്പകൾ നിഷ്ക്രിയ ആസ്തികളായി (NPA) മാറിയതിനെത്തുടർന്ന് പല റീട്ടെയിൽ നിക്ഷേപകർക്കും പണം നഷ്ടമായിട്ടുണ്ട്.
ട്രിപ്പിൾ എ റേറ്റിങ് ഉള്ള കോർപ്പറേറ്റ് ബോണ്ടുകൾ നിലവിൽ 7.5% മുതൽ 8.5% വരെ ആദായമാണ് നൽകുന്നത്. എന്നാൽ അതിനേക്കാൾ ഉയർന്ന നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ റിസ്ക് കൂടുമെന്ന് ചുരുക്കം. ബോണ്ട് വിപണിയിലെ ഉയർന്ന ആദായം പലപ്പോഴും റിസ്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ, നിക്ഷേപിക്കും മുമ്പ് ലാഭത്തെക്കാൾ അപകടസാധ്യത വിലയിരുത്തുക.
ആദായവും അപകടസാധ്യതയും
|
| അടിസ്ഥാന ആദായം | പ്രതീക്ഷിക്കാവുന്ന ആദായം (Total Yield) | അപകടസാധ്യത |
|---|---|---|---|
| AAA റേറ്റിംഗ് ബോണ്ടുകൾ | മാർക്കറ്റ് സ്റ്റാൻഡേഡ് | 7.5% - 8.5% | കുറഞ്ഞ റിസ്ക് |
| സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ | G-Sec + (0.30% to 0.50%) | G-Sec നിരക്കിനേക്കാൾ അല്പം കൂടുതൽ | വളരെ കുറഞ്ഞ റിസ്ക് |
| ഉയർന്ന ആദായം | 2% - 3% അധികം | 10% - 12% | അതീവ അപകടസാധ്യത |
❓കോർപ്പറേറ്റ് ബോണ്ട് നിക്ഷേപത്തിലെ പ്രധാന റിസ്കുകൾ എന്തൊക്കെയാണ്?
ക്രെഡിറ്റ് റിസ്ക്, ലിക്വിഡിറ്റി പരിമിതികൾ, സങ്കീർണമായ നിക്ഷേപ ഘടന എന്നിവയാണ് ബോണ്ട് നിക്ഷേപത്തിലെ പ്രധാന അപകടസാധ്യതകൾ.
❓എന്താണ് ക്രെഡിറ്റ് റിസ്ക്?
റേറ്റിംഗ് ഏജൻസികൾ ഉയർന്ന റേറ്റിംഗ് നൽകിയാലും കമ്പനികൾ പണം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടാനുള്ള സാധ്യതയാണ് ക്രെഡിറ്റ് റിസ്ക്. SREI, IL&FS എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
❓ലിക്വിഡിറ്റി റിസ്ക് എങ്ങനെയാണ് ബാധിക്കുന്നത്?
ബോണ്ടുകൾ കാലാവധിക്ക് മുമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ സെക്കൻഡറി മാർക്കറ്റിൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥയോ, കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുന്ന സാഹചര്യമോ ഉണ്ടാകാം.
❓ബോണ്ട് ആദായവും വിപണിയിലെ പലിശനിരക്കും തമ്മിലുള്ള ബന്ധം?
വിപണിയിൽ പലിശ ഉയരുമ്പോൾ ബോണ്ട് ആദായത്തിൽ കുറവുണ്ടാകും. കാലാവധിക്ക് മുമ്പ് ബോണ്ട് വിറ്റ് പണമാക്കാൻ ശ്രമിച്ചാൽ വലിയ നഷ്ടത്തിന് കാരണമാകും.
❓ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ഉയർന്ന ആദായം പലപ്പോഴും ഉയർന്ന റിസ്കിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ലാഭത്തെക്കാൾ നിക്ഷേപത്തിലെ അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തണം.
Content Highlights: High bond yields often correlate with increased default risks., Secondary market liquidity remains a major challenge for retail investors., Credit ratings are not absolute guarantees of capital safety., Complex instruments like SDIs carry significant hidden risks., Inverse relationship between interest rates and bond prices can cause losses.
Published: 28 May 2026, 01:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented