10 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജോഷിക്കാണ് ഇക്കാര്യം അറിയേണ്ടത്. ഇതുവരെ കാര്യമായി സമ്പാദിക്കാനായിട്ടില്ല. കൈവശമുള്ളത് ചെലവാക്കാതെ നിക്ഷേപിക്കാനാണ് പ്ലാന്‍. ഓഹരിയില്‍ നിക്ഷേപിച്ചാല്‍ എളുപ്പത്തില്‍ സമ്പത്തുണ്ടാക്കാമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിലവില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന്‍ തയ്യാറാണ്. എസ്‌ഐപി വഴി ചെറിയ തുക നിക്ഷേപം നടത്താം.  

To advertise here,

എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. പുതിയതായി ഓഹരിയില്‍ നിക്ഷേപത്തിന് ഇറങ്ങുന്നവരില്‍ ഏറെപ്പേരുടെ ഉദ്ദേശവും അതുതന്നെയാണ്. വലിയ തുകയുടെ നിക്ഷേപ തട്ടിപ്പുകളില്‍ ഇരയാകുന്നവരില്‍ ഏറപ്പേരും ഈ മനോഭാവത്തിലുള്ളവരുമാണ്. 

ക്ഷമയോടെ കാത്തിരിക്കാനാകുമെങ്കില്‍ ഒരു കോടിയല്ല അതിലും എത്രയോ വിപണിയില്‍നിന്ന് നേടാനാകുമെന്നതാണ് യാഥാര്‍ഥ്യം. അത്യാഗ്രഹവും എളുപ്പത്തില്‍ നേടാമെന്നുള്ള മോഹവും മാറ്റിവെയ്ക്കണമെന്നുമാത്രം. 

ഇനി ഒരു കോടി രൂപയെന്ന ലക്ഷ്യത്തിലേയ്ക്കു വരാം. അദ്ദേഹത്തിന്റെ കൈവശം ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയാണുള്ളത്. എസ്‌ഐപിയായി നിക്ഷേപിക്കാന്‍ തയ്യാറുമാണ്. 

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍: 
മികച്ച മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുത്ത് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 27 വര്‍ഷംകൊണ്ട് ഒരു കോടി രൂപ നേടാം. 12 ശതമാനം വാര്‍ഷിക ആദായ പ്രകാരമാണ് ഈ വിലയിരുത്തല്‍. കാലാവധിയെത്തുമ്പോള്‍ 1.06 കോടി രൂപയാണ് ലഭിക്കുക. നിക്ഷേപത്തിന് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 22 വര്‍ഷം കൊണ്ട് ലക്ഷ്യം നേടാം. 1.08 കോടി രൂപ സമാഹരിക്കുകയും ചെയ്യാം. 

അഞ്ച് ലക്ഷത്തോടൊപ്പം എസ്‌ഐപി:
അഞ്ച് ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കുന്നതോടൊപ്പം മാസംതോറും 5,000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കുകയാണെങ്കില്‍ 18 വര്‍ഷംകൊണ്ട് ഒരു കോടി രൂപ സമാഹരിക്കാം. എസ്‌ഐപി തുകയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധനവരുത്തുകയും വേണം. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. 24.98 ലക്ഷം രൂപയാകും മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. 15 ശതമാനം ആദായം ലഭിച്ചാല്‍ 15 വര്‍ഷവും നാല് മാസവും കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിയും. 

ഏത് രീതിയായിരിക്കും അനുയോജ്യം?
ഒറ്റത്തവണ നിക്ഷേപം: ദീര്‍ഘകാലം കാത്തിരിക്കാന്‍ തയ്യാറുള്ള ചെറുപ്പക്കാരായ നിക്ഷേപകര്‍ക്കാണ് ഈ രീതി അനുയോജ്യം. 'നിക്ഷേപിക്കുക മറക്കുക' എന്ന സമീപന രീതി സ്വീകരിക്കാന്‍ തയ്യാറുള്ളവരാകണം. ദീര്‍ഘകാലയളവില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം.

ഒറ്റത്തവണ നിക്ഷേപവും എസ്‌ഐപിയും: നിലവിലെ നിക്ഷേപത്തോടൊപ്പം മാസംതോറും എസ്‌ഐപിയായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ കുറച്ചുകൂടി നേരത്തെ ലക്ഷ്യം നേടാം. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്ക് ഈ രീതി അനുയോജ്യമാണ്.

സ്‌റ്റെപ്പ് അപ് എസ്‌ഐപി: വിപണിയില്‍ സ്മാര്‍ടായി നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാനുള്ള അവസരമാണ് സ്റ്റെപ്പ് അപ് എസ്‌ഐപിയിലൂടെ ലഭിക്കുന്നത്. വാര്‍ഷിക വരുമാന വര്‍ധനവ് അനുസരിച്ച് നിക്ഷേപം നടത്താന്‍ ഇതിലൂടെ കഴിയും. താരതമ്യേന കുറഞ്ഞ കാലംകൊണ്ട് ലക്ഷ്യ തുക സമാഹരിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. 

ശ്രദ്ധിക്കാന്‍: ഓഹരി നിക്ഷേപത്തില്‍നിന്ന് ദീര്‍ഘകാലയളവില്‍ നേട്ടമുണ്ടാക്കുന്നതിന്റെ സാധ്യതകളാണ് ഇവിടെ വിലയിരുത്തിയത്. വിപണിയിലെ ദീര്‍ഘകാല ചരിത്രം കണക്കാക്കിയാണ് 12 ശതമാനം റിട്ടേണ്‍ പരിഗണിച്ചത്. ഭാവിയില്‍ ഈനേട്ടം ലഭിക്കണമെന്നില്ല. മികച്ച ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താന്‍ ശ്രമിക്കുക. ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോയാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം. 

antonycdavis@gmail.com