ടൂത്ത് പേസ്റ്റും ഫേസ് വാഷും ആയൂർവേദ ഉത്പന്നങ്ങളുമൊക്കെ പരീക്ഷിച്ച ബാബ രാംദേവിന്റെ പതഞ്ജലി ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവെക്കുന്നു. മാഗ്മ ജനറൽ ഇൻഷുറൻസിനെ ഏറ്റെടുക്കുന്നതിനുള്ള 4,500 കോടി രൂപയുടെ കരാറിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (IRDAI) അനുമതി നൽകി.

To advertise here,

നിത്യോപയോഗ സാധനങ്ങളിൽ നിന്ന് സാമ്പത്തിക സേവന രംഗത്തേക്കുള്ള ചുവടുമാറ്റം പതഞ്ജലിക്ക് നിർണായകമായ നീക്കമാണ്. ഉത്പന്ന വിപണിയിലെ ലാഭവിഹിതത്തിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് ഇൻഷുറൻസ് പ്രീമിയങ്ങളിലൂടെയുള്ള സ്ഥിരമായ വരുമാനത്തിലേക്ക് കമ്പനി മാറുന്നു എന്നതാണ് ശ്രദ്ധേയം. എഫ്.എം.സി.ജി ബ്രാൻഡിനപ്പുറം വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പതഞ്ജലിയുമെത്തുകയാണ്.

മൂലധന നിക്ഷേപം

പതഞ്ജലി ആയുർവേദയും ഭക്ഷ്യ-മിഠായി മേഖലയിലെ അതികായന്മാരായ ഡി.എസ് ഗ്രൂപ്പും സംയുക്തമായാണ് ഏറ്റെടുക്കൽ നടത്തുന്നത്. ഇപ്രകാരമായിരിക്കും ഓഹരി ഘടന.

നിക്ഷേപകർ

ഓഹരി

വിഹിതം (%)

പതഞ്ജലി ആയുർവേദ

73.56%

ഡി.എസ് ഗ്രൂപ്പ് 

24.5%

സനോട്ടി പ്രോപ്പർട്ടീസ്

എൽ.എൽ.പി

(പൂനവാല ഗ്രൂപ്പ്)

പൂർണമായും

ഒഴിവാകുന്നു 

കമ്പനിയുടെ 98 ശതമാനം ഓഹരികളും പതഞ്ജലിയുടെയും ഡി.എസ് ഗ്രൂപ്പിന്റെയും നിയന്ത്രണത്തിലാകും. അദാർ പൂനവാല ഗ്രൂപ്പിന്റെ ഭാഗമായ സനോട്ടി പ്രോപ്പർട്ടീസ് എൽ.എൽ.പി ഒഴിയുന്നതോടെ, ഭൂരിഭാഗം ഓഹരികളും കൈവശമുള്ള പതഞ്ജലിക്ക് കമ്പനിയുടെ നയരൂപീകരണത്തിലും ഭരണഘടനയിലും ഇടപെടാനാകും. ചെറുകിട ഓഹരി ഉടമകളിൽ നിന്നുള്ള ഇടപെടലുകളില്ലാതെ കമ്പനിയുടെ ബ്രാൻഡ് മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ ഇതിലൂടെ കഴിയും.

വിപണി സാധ്യത

ഇൻഷുറൻസ് കമ്പനി കെട്ടിപ്പടുക്കുന്നതിലെ വെല്ലുവിളികളും സാമ്പത്തിക റിസ്‌കുകളും ലഘൂകരിക്കാൻ നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്നതോടെ പതഞ്ജലിക്കാവും. വാഹനം, ആരോഗ്യം, വസ്തു എന്നീ വിഭാഗങ്ങളിൽ ഇതിനകം തന്നെ മാഗ്മ ജി.ഐ.സി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ പ്രകടനം

വരുമാനം: 2026 സാമ്പത്തിക വർഷത്തെ പ്രീമിയം വരുമാനം: 3,615.48 കോടി രൂപ (മുൻ വർഷത്തെ 3,334.4 കോടി രൂപയേക്കാൾ വർധന).

വിതരണ ശൃംഖല: ആയിരക്കണക്കിന് ഏജന്റുമാർ, കോർപ്പറേറ്റ് ഇടപാടുകാർ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ.

പ്രധാന നേട്ടം: പ്രമുഖ വാഹന നിർമാതാക്കളുമായുള്ള വിതരണ കരാറുകൾ.

മാഗ്മയ്ക്കുള്ള വാഹന നിർമാതാക്കളുമായുള്ള ബന്ധം മോട്ടോർ ഇൻഷുറൻസ് രംഗത്ത് പതഞ്ജലിക്ക് നേട്ടമാകും. സ്വന്തമായി വികസിപ്പിച്ചെടുക്കാൻ വർഷങ്ങളെടുക്കുന്ന വിതരണ ശൃംഖലകളിലേക്ക് നേരിട്ടുള്ള പ്രവേശനം ഇൻഷുറൻസ് വിപണിയിൽ പതഞ്ജലിക്ക് മികച്ച തുടക്കം നൽകും. അതോടൊപ്പം പതഞ്ജലിയുടെ സ്വന്തം റീട്ടെയിൽ ശൃംഖല കൂടി ചേരുന്നതോടെ വിപണിയിലെ മത്സരം കൂടുതൽ ശക്തമാകും.