2026 ഓഗസ്റ്റ് 22. വൈറ്റ് ഹൗസിലെ അധികാര കേന്ദ്രങ്ങളെയും ആഗോള വിപണികളെയും ഒരുപോലെ പിടിച്ചുലച്ച അതീവ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വെളിപ്പെടുത്തലുകൾ പുറത്തുവന്ന ദിവസം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിക്ഷേപ പോർട്ട്ഫോളിയോയിൽ നടന്ന അട്ടിമറികളാണ് യു.എസ്. ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്‌സിന്റെ (OGE) റിപ്പോർട്ടിലൂടെ ലോകമറിഞ്ഞത്. ജൂൺ മാസത്തിൽ മാത്രം നടന്ന 1,000-ലധികം ഇടപാടുകളും അതിന്റെ മൂല്യവും ഏതൊരു നിക്ഷേപകനെയും അമ്പരപ്പിക്കുന്നതാണ്. ഏകദേശം 7.81 കോടിമുതൽ 26.31 കോടി ഡോളറുവരെ മൂല്യം വരുന്ന സാമ്പത്തിക നീക്കങ്ങൾ വെറുമൊരു പോർട്ട്ഫോളിയോ മാനേജ്മെന്റല്ല, ആഗോള വിപണിയെ സ്വാധീനിക്കാൻ ശേഷിയുള്ള തന്ത്രപരമായ നീക്കങ്ങളാണെന്ന് വ്യക്തം.

To advertise here,

ഞെട്ടിക്കുന്ന വ്യാപാരക്കണക്കുകൾ

യുഎസ് പോലുള്ള വൻകിട രാജ്യത്തിന്റെ ഭരണാധികാരിയുടെ അക്കൗണ്ടുകളിൽ ഇത്രത്തോളം ഇടപാടുകൾ നടന്നത് അസാധാരണമാണ്.

  • 1,051 ഓഹരി ഇടപാടുകളാണ് ജൂണിൽ റിപ്പോർട്ട് ചെയ്തത്.
  • ഇതിൽ 550-ലധികം വാങ്ങലുകളും 450ഓളം വിൽപ്പനകളും ഉൾപ്പെടുന്നു.
  • ജൂൺ 22-ന് നടന്ന വാങ്കാർഡ് (Vanguard) ഡിവിഡന്റ് അപ്രസിയേഷൻ ഇൻഡക്‌സ് ഫണ്ട് ഇടിഎഫിന്റെ വിറ്റഴിക്കലാണ് ഏറ്റവും മൂല്യമേറിയത് (5 ദശലക്ഷം മുതൽ 25 ദശലക്ഷം ഡോളർ വരെ).
  • അതേ ദിവസം തന്നെ ഫിഡിലിറ്റി നാഷണൽ ഇൻഫർമേഷൻ സർവീസസ്, ഹോം ഡിപ്പോ എന്നിവയിൽ ഓരോന്നിലും 10 ലക്ഷം മുതൽ 50 ലക്ഷം ഡോളർ വരെ നിക്ഷേപം നടത്തി.

ഈ വൻകിട ഇടപാടുകൾക്ക് പിന്നിൽ 'ഡയറക്ട് ഇൻഡക്‌സിംഗ്' (Direct Indexing) എന്ന സങ്കീർണമായ തന്ത്രമാണുള്ളത്. ഒരു ഇൻഡക്‌സ് ഫണ്ട് മൊത്തമായി വാങ്ങുന്നതിന് പകരം, അതിലെ നൂറുകണക്കിന് വ്യക്തിഗത ഓഹരികൾ നേരിട്ട് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതിയാണിത്. 2025-ൽ നടന്ന 21,000 ട്രേഡുകൾക്കും ഇതാണ് കാരണമായത്. നികുതി ഭാരം കുറയ്ക്കുന്നതിനുള്ള 'ടാക്‌സ് ലോസ് ഹാർവെസ്റ്റിംഗ്' എന്ന ലക്ഷ്യത്തോടെയാണ് കമ്പ്യൂട്ടർ മോഡലുകൾ ഈ ഇടപാടുകൾ ആസൂത്രണം ചെയ്യുന്നത്.

ബ്ലൂ ചിപ്പിലെ തന്ത്രപരമായ നീക്കം

ലോക സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ബ്ലൂ-ചിപ്പ് കമ്പനികളുടെ ഓഹരികളിൽ ട്രംപിന്റെ ഇടപാടുകൾ വൻ ചർച്ചകൾക്ക് വഴിവെച്ചു. ബെർക്ഷെയർ ഹാത്ത്വേ, മെറ്റ, വിസ, മാസ്റ്റർകാർഡ്, സിന്റാസ്, മോട്ടറോള സൊല്യൂഷൻസ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് അതിൽ പ്രധാനം.

ബെർക്ഷെയർ ഹാത്ത്വേയുടെ 1.5 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ ജൂൺ 18 വാങ്ങി ആറ് ദിവസത്തിനുശേഷം വിറ്റൊഴിഞ്ഞു. ജൂൺ 18-ന് തന്നെ മെറ്റാ പ്ലാറ്റ്ഫോംസിന്റെയും മോട്ടറോള സൊല്യൂഷൻസിന്റെയും ഓഹരികൾ വിറ്റഴിക്കുകയും പകരം സിന്റാസ്, മാസ്റ്റർകാർഡ്, വിസ എന്നിവയിൽ നിക്ഷേപം നടത്തുകയും ചെയ്തു.

സമയക്രമം(ടൈമിങ്)-ആണിവിടെ ഗൗരവകരമായ വസ്തുകൾ വെളിപ്പെടുത്തുന്നത്. ഫെഡ് റിസർവിന്റെ പുതിയ ചെയർമാൻ വിളിച്ച ആദ്യ യോഗവും നിർണായകമായ യുഎസ്-ഇറാൻ സമാധാന കരാറും നടന്ന അതേ കാലയളവിലാണ് ഈ ട്രേഡുകൾ നടന്നത്. ഭൗമരാഷ്ട്രീയ ചലനങ്ങൾ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടുള്ള 'തന്ത്രപരമായ ഇൻസൈഡർ' രീതി ഇതിന് പിന്നിലുണ്ടോയെന്ന് നിക്ഷേപക ലോകം സംശയിക്കുന്നു.

വിവാദ ഇടപാടുകൾ

കമ്പനി/ഫണ്ട്

ഇടപാട്മൂല്യം

തീയതി

Vanguard Dividend

Appreciation ETF

വിൽക്കൽ

$5M –

$25M

ജൂൺ 22

Meta Platforms

വിൽക്കൽ/

വാങ്ങൽ

$1M - $5M

(വിൽക്കൽ)

ജൂൺ 18

Berkshire Hathaway

വാങ്ങൽ/

വിൽക്കൽ

$1M - $5M

ജൂൺ 18, 24

Fidelity National

Info. Services

വാങ്ങൽ

$1M - $5M

ജൂൺ 22

Home Depot

വാങ്ങൽ

$1M - $5M

ജൂൺ 22

ധാർമിക വെല്ലുവിളി

സർക്കാർ കരാറുകളെയും നയങ്ങളെയും ആശ്രയിച്ചു കഴിയുന്ന കമ്പനികളിലെ നിക്ഷേപം ഉയർത്തുന്നത് ധാർമിക വെല്ലുവിളിയാണ്. പ്രതിരോധ, ക്രിപ്‌റ്റോ മേഖലകളിലെ ട്രംപിന്റെ താത്പര്യങ്ങൾ ചെറുതൊന്നുമല്ല.

  • റിപ്പോർട്ടുകൾ പ്രകാരം പലന്തിർ (Palantir) ഓഹരികളുടെ ഇടപാടിൽ വിചിത്രമായ ക്രമമാണുള്ളത്. ജൂൺ 3, 16, 18 തീയതികളിൽ പല ഘട്ടങ്ങളിലായി ഓഹരികൾ വിറ്റഴിച്ചു (5,00,000 മുതൽ 10 ലക്ഷം ഡോളർ വരെ). തൊട്ടുപിന്നാലെ ജൂൺ 23, 24 തീയതികളിൽ വീണ്ടും വാങ്ങുകയും ചെയ്തു.
  • ജൂൺ 12-ന് പ്രതിരോധ ഭീമനായ RTX-ൽ 100,001-250,000 ഡോളറിന്റെ നിക്ഷേപം നടത്തി. അതേ ദിവസം തന്നെ നോർത്രോപ്പ് ഗ്രുമ്മന്റെ (Northrop Grumman) ഓഹരികൾ വിറ്റഴിക്കുകയും ജൂൺ 23-ന് വീണ്ടും വാങ്ങുകയും ജൂൺ 24-ന് വീണ്ടും വിൽക്കുകയും ചെയ്തു.
  • ക്രിപ്‌റ്റോ നയത്തിൽ ഭരണകൂടം മാറ്റം വരുത്തുമ്പോൾ തന്നെ കോയിൻബേസിൽ വ്യാപാരം നടന്നു. ട്രംപ് കുടുംബത്തിന് സ്വന്തമായി 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ', 'TRUMP മെംകോയിൻ' തുടങ്ങിയ താൽപ്പര്യങ്ങളുണ്ടെന്നത് ഇടപാടുകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വ്യക്തിതാത്പര്യവും വൈറ്റ് ഹൗസും

പ്രസിഡന്റ് വ്യക്തിഗത ഓഹരികൾ കൈവശം വയ്ക്കുന്നത് ഭരണഘടനാപരമായ 'താൽപ്പര്യ വൈരുദ്ധ്യങ്ങൾക്ക്' (Conflict of Interest) കാരണമാകുമെന്നത് പരസ്യമായ വസ്തുതയാണ്. എന്നാൽ ഇത് 'ഡിസ്‌ക്രീഷണറി അക്കൗണ്ടുകൾ' ആണെന്നും ഡൊണാൾഡ് ട്രംപ് ജൂനിയർ മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.

കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചാണ് ട്രേഡുകൾ നടക്കുന്നതെന്നും പ്രസിഡന്റിന് നേരിട്ട് പങ്കില്ലെന്നും വാദിക്കുന്നുണ്ടെങ്കിലും ഇത് പരമ്പരാഗതമായ 'ബ്ലൈൻഡ് ട്രസ്റ്റ്' (Blind Trust) രീതിയിൽ നിന്ന് വ്യത്യസ്തമാണ് എന്ന് കണ്ടെത്താം. ബ്ലൈൻഡ് ട്രസ്റ്റിൽ ആസ്തികൾ എന്താണെന്ന് ഭരണാധികാരി അറിയാൻ പാടില്ല. എന്നാൽ ഇവിടെ കൃത്യമായ ഇടവേളകളിൽ ഓരോ ഓഹരിയുടെയും വെളിപ്പെടുത്തലുകൾ നടക്കുന്നത് പൊതുജനവിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്.

ട്രംപിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും സർക്കാർ നയങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. 2025ലെ 21,000 ട്രേഡുകളും 2026-ലെ തുടർച്ചയായ വൻകിട ഇടപാടുകളും വിരൽ ചൂണ്ടുന്നത് ഇക്കാര്യത്തിലേക്കാണ്. കമ്പ്യൂട്ടർ അധിഷ്ഠിത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി സുതാര്യത ഉറപ്പാക്കുന്നുണ്ടെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും വിപണിയിലെ ഓരോ നിശബ്ദ നീക്കവും രാഷ്ട്രീയ സ്വാധീനത്തിന്റെ നിഴലിലാണ്. കാനഡയുമായുള്ള വ്യാപാര യുദ്ധവും പുതിയ ക്രിപ്‌റ്റോ നയങ്ങളും ട്രംപിന്റെ പോർട്ട്ഫോളിയോയിൽ ഇനിയും മാറ്റങ്ങൾ വരുത്തിയേക്കാം. സാമ്പത്തിക തീരുമാനങ്ങളും രാഷ്ട്രീയ അധികാരവും കൈകോർക്കുന്ന രീതി ഭാവിയിൽ ഭരണഘടനാപരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.