പത്തു വര്‍ഷത്തിനിടെ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്. 2000ന് ശേഷം ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 87.63 ലക്ഷം കോടി (1,033.40 ബില്യണ്‍ ഡോളര്‍) ആയി.  

To advertise here,

2000 ഏപ്രിലിനും 2024 സെപ്റ്റംബറിനുമിടയിലെ നിക്ഷേപ കണക്കാണ് ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി) പുറത്തുവിട്ടത്. ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ ജിഡിപി 2024ലെ കണക്കു പ്രകാരം 3.89 ട്രില്യണ്‍ ഡോളര്‍ ആണ്. 

യുഎസില്‍ നിന്നോ യൂറോപ്പില്‍നിന്നോ അല്ല, മൗറീഷ്യസില്‍നിന്നാണ് വിദേശനിക്ഷേപം ഏറ്റവും കൂടുതലെത്തിയത്. 25 ശതമാനം. സിങ്കപൂരില്‍നിന്ന് 24 ശതമാനവും യുഎസില്‍നിന്ന് 10 ശതമാനവും നിക്ഷേപമെത്തി. നെതര്‍ലാന്‍ഡ്‌സ്(ഏഴ് ശതമാനം), ജപ്പാന്‍ (ആറ് ശതമാനം), യുകെ(അഞ്ച് ശതമാനം), യുഎഇ(മൂന്ന് ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍നിന്നെത്തിയ നിക്ഷേപങ്ങള്‍. കേയ്മാന്‍ ഐലന്‍ഡ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍നിന്ന് രണ്ട് ശതമാനവും നിക്ഷേപമെത്തി. 

സേവന മേഖലകളിലേയ്ക്കാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍, അടിസ്ഥാന സൗകര്യവികസനം, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മ എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപവും.

ടെലികോം, മീഡിയ, ഫാര്‍മ, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചാല്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്താന്‍ കഴിയൂ. അതേസമയം, മറ്റ് പല മേഖലകളിലും റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയാല്‍ മതിയാകും. 

ലോട്ടറി, ചൂതാട്ടം, വാതുവെപ്പ്, ചിട്ടി, നിധി കമ്പനി, റിയല്‍ എസ്റ്റേറ്റ്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ വിദേശ നിക്ഷേപം അനുവദനീയമല്ല.