തൃശ്ശൂര്‍: എഴുത്തു വേണോ, കഴുത്തു വേണോ എന്നു ചോദിച്ചാല്‍ എഴുത്തു വേണമെന്ന് പറയാനുള്ള ആര്‍ജവം എഴുത്തുകാര്‍ കാണിക്കണമെന്ന് വൈശാഖന്‍. മനുഷ്യന് സമാധാനമായി കഴിയാനുള്ള അവസ്ഥയാണ് വേണ്ടത്. അതെല്ലാവരുടെയും ഉത്തരവാദിത്വവുമാണ്. തൃശ്ശൂരില്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വൈശാഖന്‍.

To advertise here,

അനീതിക്കെതിരേ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കാനുള്ള ബാധ്യത എഴുത്തുകാര്‍ക്കുണ്ടെന്ന് പുരസ്‌കാരം സമ്മാനിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

നിലവില്‍ അങ്ങനെ ചെയ്യുന്നുണ്ടോയെന്ന് അവര്‍ സ്വയം ചോദിക്കണം. ആവാസവ്യവസ്ഥയിലെ മാറ്റം പ്രതിസന്ധിയാകുമ്പോള്‍ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജീവിതത്തിന്റെ ആര്‍ദ്രത മുഖമുദ്രയാക്കി സ്വന്തം വഴിവെട്ടിയ എഴുത്തുകാരാണ് പുതൂരും വൈശാഖനുമെന്ന് പ്രഭാഷണം നടത്തിയ കെ.പി. രാമനുണ്ണി നിരീക്ഷിച്ചു. സാഹിത്യപ്രസ്ഥാനങ്ങളുടെ കാരണവസ്ഥാനമാണ് കഥയ്‌ക്കെന്ന് അധ്യക്ഷനായിരുന്ന ഡോ. എസ്.കെ. വസന്തന്‍ വിലയിരുത്തി.

പുതൂരിന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ്ല് ഹാളിലെ ചടങ്ങിലായിരുന്നു പുരസ്‌കാരദാനം.

ഗുരുവായൂരിലെ പത്രപ്രവര്‍ത്തനരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജനു ഗുരുവായൂരിനെ ആദരിച്ചു.

ഷാജു പുതൂര്‍, പി. ദ്യുതി, ഡോ. പി. രേഖ എന്നിവരും പ്രസംഗിച്ചു.