കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിയോട് അനൗചിത്യമായി പെരുമാറിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഫാറൂഖ്  കോളേജില്‍ വ്യാഴാഴ്ച്ച നടക്കേണ്ടിയിരുന്ന പെന്‍ ക്ലബ്ബിന്റെ ഉദ്ഘാടനത്തില്‍ നിന്നും ഡോ. ഖദീജ മുംതാസ് പിന്‍മാറി. സംവിധായകന്‍ ജിയോ ബേബിയെ വിളിച്ചുവരുത്തി അപമാനിതനാക്കിയ സംഭവത്തെ ന്യായീകരിക്കാനാവില്ലെന്ന് ഖദീജ മുംതാസ് വ്യക്തമാക്കി.

To advertise here,

ഫാറൂഖ് കോളേജിലെ പെന്‍ ക്ലബ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വരുന്നില്ല എന്ന് എന്റെ പ്രതിഷേധ കുറിപ്പോടെ അവരെ അറിയിക്കലാണ് ഇന്ന് രാവിലെ ആദ്യം ചെയ്ത കാര്യം - ഡോ. ഖദീജ മുംതാസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

അതേസമയം സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളേജിന്റെ ഫിലിം ക്ലബ്ബ് ഉദ്ഘാടകനായി ക്ഷണിക്കുകയും പിന്നീട് കോളേജ് വിദ്യാര്‍ഥി യൂണിയന്റെ പ്രതിഷേധത്താല്‍ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയും ചെയ്ത നടപടിയില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ് രംഗത്തെത്തി. വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധിക്കുമെന്നും പരിപാടി നടത്താന്‍ അനുവദിക്കുകയുമില്ലെന്ന കാരണത്താലാണ് ജിയോ ബേബി മുഖ്യാതിഥിയായ പരിപാടി ഉപേക്ഷിച്ചതെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു.

പരിപാടി റദ്ദാക്കിയതിന്റെ കാരണം അന്വേഷിച്ച്‌ ജിയോ ബേബി പ്രിന്‍സിപ്പലിന് മെയില്‍ അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തന്നെ അപമാനിച്ചതില്‍ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണെന്ന് ജിയോ ബേബി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.