എതിര്‍ക്കുന്നവരെ സംഘിയായി മുദ്രകുത്തുക എന്നതാണ് ഡി.എം.കെയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രീതിയെന്ന് എഴുത്തുകാരന് ജയമോഹന്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ചുകൊണ്ട് മലയാളികളെ 'പെറുക്കികള്‍' എന്നു വിശേഷിപ്പിച്ച എഴുത്തുകാരനെതിരെ തമിഴ്- മലയാളം സാംസ്കാരിലോകം നിശിതമായ വിമര്‍ശനത്തോടെ പ്രതികരിച്ചതിനു പിന്നാലെ ജയമോഹന് മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു. ജയമോഹന് പറയുന്നു...
''എന്തുകൊണ്ടാണ് ചിലര്‍ എന്നെ സംഘി എന്നു വിളിക്കുന്നത്? അത് ഡിഎംകെയുടെയും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെയും ഒരു രീതിയാണ്. കമ്യൂണിസ്റ്റുകാരനോ ഡിഎംകെയോ അല്ലാത്ത എല്ലാവരും അവര്‍ക്ക് സംഘിയാണ്. അങ്ങനെ പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രാഷ്ട്രീയം. ഒരുപാട് കാലമായി ഇതാണ് ഇവിടെ നടന്നുവരുന്നത്. ഞാന്‍ ഡിഎംകെ അല്ല, കമ്യൂണിസ്റ്റുകാരനുമല്ല. മതേതര ചിന്ത ഉള്ള ഒരാളാണ്. അതുകൊണ്ടാണ് ഹിന്ദുത്വപോലുള്ള കാര്യങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നത്. കഴിഞ്ഞ മുപ്പത് കൊല്ലമായി അവരെ നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുന്നതും അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതും അതുകൊണ്ടാണ്. അവരുടെ സര്‍ക്കാര്‍ പത്മശ്രീ തന്നപ്പോള്‍ പോലും അത് നിരസിച്ച് എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം, ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാട് എടുത്തയാളാണ് ഞാന്‍. ഇന്നും തമിഴ്നാട് സര്‍ക്കാറില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരുടെ ലൈബ്രറി ഓര്‍ഡറുകളില്‍ ഒന്നുപോലും എനിക്ക് കിട്ടാറില്ല. അവരുടെ മീറ്റിങ്ങുകളില്‍ ഞാന്‍ പോവാറില്ല. ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യസംരക്ഷണമാണ്. പക്ഷേ വിമര്‍ശനം അവര്‍ക്ക് ദഹിക്കില്ല. ഹൈന്ദവതയെ എതിര്‍ത്തുകൊണ്ട് തമിഴ് വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? ദ്രാവിഡ വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? അതെങ്ങനെയാണ് പ്രോഗ്രസീവ് ആവുക? അതുപറയുമ്പോള്‍ ഞാന്‍ ഡിഎംകെയെ എതിര്‍ക്കുന്നു. ഡി.എം.കെയെ എതിര്‍ക്കുമ്പോള്‍ സംഘി എന്നുവിളിക്കുന്നു.
മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെ ഒരുപാട് പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന ആളാണ് ഞാന്‍. അവരുടെ മനുഷ്യത്വ പ്രവര്‍ത്തനങ്ങളെ വളരെയെറേ അനുകൂലിക്കുന്നുണ്ട്. പക്ഷേ പ്രകൃതി- വന സംരക്ഷണംപോലുള്ള കാര്യങ്ങളിലെ അവരുടെ സമീപനങ്ങള്‍ എനിക്ക് ഒട്ടും സ്വീകാര്യമല്ല. സോവിയറ്റ് റഷ്യയില്‍ നടന്ന അടിച്ചമര്‍ത്തലുകളെപ്പറ്റി ഒരു ശക്തമായ നോവല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ദളിതുകള്‍ക്കെതിരായിട്ടുള്ള അക്രമത്തെക്കുറിച്ച് ആദ്യം തമിഴില്‍ എഴുതിയ ആളാണ് ഞാന്‍.
ഇവരുടെയൊക്കെ രീതി എന്നത് ഒപ്പം നില്ക്കുകയാണെങ്കില് തലച്ചോറ് ഊരി മാറ്റി അടിമയായി ഒപ്പം നില്ക്കുക എന്നുള്ളതാണ്. അത് എനിക്ക് പറ്റില്ല. ഞാന്‍ ഏകാകിയാണ് ഒരു നല്ല എഴുത്തുകാരന്. ആ നിലപാട് എടുക്കുമ്പോള്‍ ഇവരുടെ എതിര്‍ചേരിയില്‍ നമ്മെ കൊണ്ടുപോയി ചേര്‍ത്തുകെട്ടുകയാണ് ചെയ്യുന്നത്. തമിഴിലും ഇംഗ്ലീഷിലും അനവധി ലേഖനങ്ങള്‍ എന്നെക്കുറിച്ച് നിങ്ങള്ക്കുകാണാം. കമ്യൂണിസ്റ്റുകാരന് എന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനിയെന്നും എന്നെക്കുറിച്ച് എഴുതുന്നു. ഈയടുത്ത കാലത്ത് ഞാന്‍ കുടുംബത്തോടൊപ്പം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു. അതെന്റെ ആത്മീയതയാണ്. നിത്യഗുരുവിന് ഏറ്റവും അടുത്ത സ്ഥലമാണ് അജ്മീര്‍. ഉടനെ തന്നെ ഞാന്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റ് ആണ് എന്ന വിശേഷണത്തോടെ ലേഖനം വന്നു. രാഷ്ട്രീയക്കാരുടെ രീതി അതാണ്. മറ്റൊന്നും അവര്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല, മറ്റൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കാനും പാടില്ല.''
Content Highlights: Jayamohan, Manjummal Boys, Mathrubumi
Published: 12 Mar 2024, 05:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented