മുടിവെട്ടാനും ഷേവുചെയ്യാനുമെത്തുന്നവരെ വായനയുടെ ലോകത്തേക്ക് നയിക്കുന്ന ചെന്നൈയിലെ പൊന്‍മാരിയപ്പന്‍ എന്ന വ്യത്യസ്തനായൊരു ബാര്‍ബറെ 'സത്യത്തില്‍ എല്ലാവരും തിരിച്ചറിയുകയാണിപ്പോള്‍'. തൂത്തുക്കുടിയിലെ സുശീല്‍ കുമാര്‍ ബ്യൂട്ടി ഹെയര്‍ സലൂണില്‍ എത്തുന്നവര്‍ക്ക് പൊന്‍മാരിയപ്പന്‍ ആയിരത്തോളം പുസ്തകങ്ങളടങ്ങിയ കൊച്ചു ഗ്രന്ഥശാല ഒരുക്കിയിരിക്കുകയാണ്. പുസ്തകം വായിക്കുന്നവര്‍ക്ക് കട്ടിങ്ങിലും ഷേവിങ്ങിലും 30 ശതമാനം കിഴിവുനല്‍കും. പുസ്തകത്തെക്കുറിച്ച് കൊച്ചുനിരൂപണങ്ങള്‍ എഴുതിക്കൊടുക്കുന്നവര്‍ക്കുമുണ്ട് പ്രത്യേക ഇളവുകള്‍.

To advertise here,

ബാര്‍ബര്‍ ഷോപ്പിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഒരു അലമാരനിറയെ പുസ്തകങ്ങളാണ്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള നോവലുകളും ചെറുകഥകളും പ്രമുഖരുടെ ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെ ഇതിലുണ്ട്. മൊബൈല്‍ ഫോണിന്റെ അമിതോപയോഗത്തില്‍നിന്ന് യുവതലമുറയെ പിന്തിരിപ്പിക്കാനും ജനങ്ങളില്‍ വായനശീലം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഗ്രന്ഥശാല ഒരുക്കിയതെന്ന് പൊന്‍മാരിയപ്പന്‍ പറയുന്നു.

സാമ്പത്തിക പരാധീനതമൂലം എട്ടാംക്ലാസില്‍ പഠനം ഉപേക്ഷിച്ചതാണ് ഇദ്ദേഹം. 'വലിയ ഉദ്യോഗം മാത്രമായിരിക്കരുത് പഠനത്തിന്റെ ലക്ഷ്യം. പൊതുവിവരം വേണം. അതിന് വായന വേണം. വായിച്ചാലേ വളരാന്‍ പറ്റൂ'' പൊന്‍മാരിയപ്പന്‍ പറയുന്നു.

ആറുവര്‍ഷംമുമ്പാണ് ബാര്‍ബര്‍ ഷോപ്പിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. വരുമാനത്തില്‍ ഒരു വിഹിതം മാസംതോറും ഇതിനായി മാറ്റിവെച്ചു. പ്രസാധകരില്‍നിന്നും ആക്രിക്കടക്കാരില്‍നിന്നും ഒട്ടേറെ പുസ്തകങ്ങള്‍ വിലകൊടുത്തുവാങ്ങി. തൂത്തുക്കുടി എം.പി. കനിമൊഴി 50 പുസ്തകങ്ങള്‍ മാരിയപ്പന് സംഭാവനയായി നല്‍കി. പുതുതായി പുറത്തിറങ്ങുന്ന 
നല്ല പുസ്തകങ്ങള്‍ ഇന്നും വാങ്ങാറുണ്ട്.

കട്ടിങ്, ഷേവിങ് നിരക്കില്‍ ഇളവുലഭിക്കുമെന്ന് കണ്ടപ്പോള്‍ പലര്‍ക്കും വായിക്കാന്‍ പ്രേരണയുണ്ടായിത്തുടങ്ങി. ഇപ്പോള്‍ കടയില്‍ എത്തുന്നവര്‍ അഞ്ചുമിനിറ്റു കിട്ടിയാല്‍പ്പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വായനയിലേക്കു തിരിയുന്നു. ഇതോടെ തന്റെ ലക്ഷ്യം സഫലമായെന്ന് 37കാരനായ പൊന്‍മാരിയപ്പന്‍ പറയുന്നു. ബാര്‍ബര്‍ ഷോപ്പില്‍ സിനിമാപ്പാട്ടുകള്‍വയ്ക്കുന്നതിനു പകരം പ്രമുഖരുടെ പ്രസംഗവും പ്രഭാഷണവും കേള്‍പ്പിക്കാന്‍ തുടങ്ങിയതും പൊന്‍മാരിയപ്പന്റെ മറ്റൊരു വിജയമാണ്. സ്‌കൂള്‍കോളേജ് കുട്ടികള്‍ക്കുകൂടി പ്രയോജനപ്പെടുന്നവിധം തന്റെ പുസ്തകശേഖരം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോള്‍ 
ഈ ചെറുപ്പക്കാരന്‍.

Content Highlight:Chennai based based barber ponmariyappan promotes reading in his barbershop