ഞാന്‍ പാടുന്നത് കേള്‍ക്കുമ്പോള്‍
നിങ്ങള്‍ ആയുധം താഴെ വെയ്ക്കുന്നു.
എന്റെ തലച്ചോറ് ലക്ഷ്യംവെച്ച്
നിങ്ങള്‍ മിന്നല്‍വെട്ടമടിക്കുന്നു..
പക്ഷേ, എപ്പോഴും ഉന്നം തെറ്റുന്നു!

To advertise here,

നിങ്ങള്‍ 
വിഷക്കെണിയൊരുക്കി വെയ്ക്കുമ്പോഴോ
മുന്നറിയിപ്പെന്നപോല്‍
ഞാനതിന്മേല്‍ മൂത്രമൊഴിക്കുന്നു!

'അത് വല്യ വിരുതയാണല്ലോ?'
'ഇവള്‍ വല്യ അപകടകാരിയാണല്ലോ?'
എന്നൊക്കെ കരുതി
നിങ്ങള്‍ വശംകെടുന്നു.

കൊലക്കത്തിക്കിരയാവാന്‍
ഞാന്‍ നിന്നുതരാത്തിടത്തോളം കാലം
എന്നെ നിങ്ങള്‍ വിരൂപയെന്ന് വിളിച്ചോളൂ.
എന്റെ പഞ്ഞിരോമങ്ങളും
പലകപ്പല്ലുകളും
ആറുമുലക്കൂമ്പുകളും
പാമ്പിന്‍വാലും
കണ്ടില്ലെന്ന് നടിച്ചോളൂ.

എന്നാല്‍
എനിക്കാകെ വേണ്ടത്
പരജീവിക്കാരുണ്യം മാത്രമാണെന്റെ
വിഡ്ഢിയായ മനുഷ്യസ്നേഹീ 
കാണൂ... കണ്ണുതുറന്നു നോക്കൂ....