'പാലക്കാട്ടെ ഒരു മനയ്ക്കല് വര്ഷാവര്ഷം ആയുര്വേദ ചികിത്സ പതിവായിരുന്നു വി.കെ.എന്. സി.പി.ഐ നേതാവായിരുന്ന ഇന്ത്യനൂര് ഗോപി എന്ന സുഹൃത്താണ് അതിനുവേണ്ട ഏര്പ്പാടുകള് ചെയ്തത്. ദിവസവും വികെയെന്റെ മുറിയിലെത്തി കാര്യങ്ങള് അന്വേഷിച്ചുപോകും.
വികെയെനും സ്ഥലം ഇഷ്ടപ്പെട്ടു. ധാര, , കിഴി, മൂട്ട, ഏകാന്തത, മരക്കട്ടില്, നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്...അടുത്ത വര്ഷത്തേക്കുള്ള ചികിത്സകൂടി ഓവര്ഡ്രാഫ്റ്റെടുത്താലോ എന്നും ചിന്തിച്ചു.
സമയാസമയം ആഹാരം കൊണ്ടുവരും. ശാസ്ത്രമറിഞ്ഞും രുചി- പാചകമറിഞ്ഞും വ്യാകരണനിരൂപണബുദ്ധ്യാ ആഹാരം കഴിക്കുന്ന വികെയെന് രണ്ടാം ദിവസത്തെ കളി ആയപ്പോള് ഒരു പന്തികേട്.
പ്രാതല്, ലഞ്ച്, അത്താഴം എന്നീ മധുരസങ്കല്പങ്ങളൊക്കെ ഏതാണ്ടൊരുപോലെ. ഇത്രകാലം നളന്റെ പാചകക്കുറിപ്പു വായിച്ചിട്ടും ഭാര്യവീട് പാലക്കാട് ജില്ലയിലായിട്ടും ഇതൊരു കേരളീയഭക്ഷണമാണെന്ന് തോന്നുന്നില്ല.
പഴയൊരു ശ്ലോകം പെട്ടെന്നോര്മിച്ചു-
'എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ
ചുണ്ണാമ്പുചോറും പുഴുക്കൂട്ടം തത്തുമുപ്പിലിട്ടതും
കൈപ്പേറുമുപ്പേരിയും പൊട്ടച്ചക്കയില്
മോരൊഴിച്ചു വഷളാക്കിത്തീര്ത്ത മട്ടില്
ഭക്ഷണമുണ്ടു ഛര്ദ്ദിവരുമാറെറണാകുളം ഹോട്ടലില്'
ഇത് അതുമല്ല അതിനുമപ്പുറം- ഒടുവില് കുഞ്ഞികൃഷ്ണ മേനോനോട് അസൂയ തോന്നി വികെയെന്.
നല്ല വിശപ്പുണ്ടായിരുന്നതിനാല് കൂടുതല് ഗവേഷണത്തിനും ശ്ലോകത്തിനും നില്ക്കാതെ വി കെ എന് ലഞ്ചവര്കളെ വായില്ക്കയറ്റി തൊണ്ട തൊടാതെ വയറ്റില് കുഴിച്ചിട്ടു.
ഉച്ചതിരിഞ്ഞ് ക്ഷേമാന്വേഷണവുമായി ഉടമസ്ഥനും പ്രധാന ചികിത്സകനുമായ തിരുമേനി വന്നപ്പോള് വി.കെ യെന് ചോദിച്ചു- ഇവിടത്തെ ആഹാരമൊക്കെ പുറത്തുനിന്നുകൊണ്ടുവരുന്നതാണോ?
ഏയ് അതൊന്നും പാടില്ല. ഇവിടത്തെ വളപ്പിലെ കായ്കറി. ഇവടത്തെ വെള്ളം, വിറക് , ഇവടത്തെ അടുക്കള.
ഇവടത്തെ തീയും അല്ലെ?
വി.കെ.എന് പൂരിപ്പിച്ചു.
അതെ. ഒക്കെ മനവക. നമ്പൂരി അറിയിച്ചു
അപ്പോ മരുന്നുകളോ?
അതും ഈ പറഞ്ഞപോലെ ഇവടത്തെ മണ്ണ്. ഇവടത്തെ വെള്ളം...എലേം കായേം വേരും പൂവും ഒക്കെ...മര്ന്ന്ണ്ടാക്കണ ഫാക്ടറീം ഈ വളപ്പിലന്നെ.
അതിര് വിട്ട് ഒന്നൂല്യാന്നര്ഥം. അല്ലെ?
അതെ. അദന്യാ പറയണ്ട്. ഉടമസ്ഥന് നമ്പൂരി ശരിവെച്ചു.
അപ്പൊ ഒരു സംശയം തിരുമേനി, വി.കെ.എന് ചോദിച്ചു: രണ്ടും ഒരാളന്യാണോ വെപ്പ്?
ഏത് രണ്ടും?
മരുന്നും ചോറും...അടുക്കള ഒന്നാണോന്നൊര് സംശയം...
ഏയ് അങ്ങനേണ്ടാവ്വോ. അങ്ങനേണ്ടായ്യോ. എവടെ സാധനം?
അതൊരുവിധം അകത്താക്കി.
കിണ്ണോ?
താഴെയിറക്കിവെച്ചിരുന്ന കിണ്ണം വി.കെ.എന് ചൂണ്ടിക്കാട്ടി.
ഈ കിണ്ണോ
അതെ. ഒക്കെ ഈ കിണ്ണത്തിലന്ന്യാ കൊണ്ടന്ന് തരാറ്.
നോക്കട്ടെ. നമ്പൂരി കിണ്ണം പരിശോധിച്ചിട്ടു പറഞ്ഞു. ഒട്ടും മാറീട്ടില്യ. ഇത് ഇവടത്തെ അടക്കളേലെ കിണ്ണന്തന്നെ. കണ്ടോ അടയാളം.
തീര്ച്ച്യാണോ? വി.കെ.എന് ചോദിച്ചു.
നാല്തരം തീര്ച്ച.
അപ്പോ ഞാനൂഹിച്ചതുതന്നെ ഭാഗ്യം.
ന്ന്വച്ചാ? നമ്പൂരി ചോദിച്ചു.
ന്ന്വച്ചാല് തിരുമേനി എനിക്കിനി പ്രാതലും ലഞ്ചും അത്താഴോം ഒന്നും വേണ്ട. വി.കെ.എന് പറഞ്ഞു.
അതെന്താ വി.കെ.എന്. പഥ്യം വേണ്ടേ, സുഖാവണ്ടേ?
അയ്യോ... മൂന്ന് നേരോം കഷായോം ലേഹ്യോം മാത്രം വെളമ്പ്യാ മതി. എന്താ അതിന്റൊരു സ്വാദ്!
Content Highlights: k raghunathan vkn panchathantram kashayaprathal
Published: 01 Mar 2024, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented