
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ ദാമോദരന്റെ ചരമ വാര്‍ഷികദിനമാണ് ജൂലൈ മൂന്ന്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച നാല്‍വര്‍ സംഘത്തില്‍ ഒരാളായിരുന്ന ദാമോദരന്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രധാനിയും വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ കൃതികളുടെ രചയിതാവുമായിരുന്നു.
കേരള മാര്‍ക്‌സ് എന്നായിരുന്നു കെ ദാമോദരന്‍ അറിയപ്പെട്ടിരുന്നത്. പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കേരളത്തിലെ നവോത്ഥാനാന്തര രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സര്‍ഗാത്മകതയുടെ പോരാട്ടവീര്യം സമ്മാനിക്കാനും അദ്ദേഹത്തിനായി. നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയിലെ തിരൂര്‍ വില്ലേജില്‍ പൊറൂര്‍ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായര്‍ കുടുംബത്തില്‍ കിഴക്കിനിയേടത്ത് തുപ്പന്‍ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ദാമോദരന്‍ ജനിച്ചത്. സ്‌കൂള്‍ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്‌കൂള്‍ തിരൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും, കോളേജ് പഠനം കോഴിക്കോട്ടെ സാമൂതിരി കോളേജിലുമായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടതിന് 1931 ല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയുമുണ്ടായി.
1937 ലാണ് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളില്‍ വളരെ രഹസ്യമായി പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എസ് വി ഘാട്ടെ എന്നിവര്‍ ചേര്‍ന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. അതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പാര്‍ട്ടി അംഗമായിരുന്നു. 1938 ല്‍ പൊന്നാനിയില്‍ നടന്ന ബീഡി തൊഴിലാളികളുടെ സമരത്തിന്റെ നായകന്‍ കെ ദാമോദരന്‍ ആയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട വര്‍ഗ്ഗ സമരങ്ങളില്‍ ഒന്നായിരുന്നു അത്.
1951 ല്‍ മലബാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറിയായി. അതേവര്‍ഷം തന്നെ നിയമസഭയിലേക്കും 1957 ല്‍ ലോകസഭയിലേക്കും മത്സരിച്ചു. 1960 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവയുഗം വാരികയുടെ പത്രാധിപ ചുമതലയും വഹിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ ഉറച്ച് നിന്നെങ്കിലും അവസാന കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രാസംഗികനായിരുന്ന കെ ദാമോദരന്‍ ഇംഗ്ലീഷ്, റഷ്യന്‍, ഫ്രഞ്ച്, ഹിന്ദി, സംസ്‌കൃതം, തെലുങ്ക്, തമിഴ് തുടങ്ങി അനേകം ഭാഷകളില്‍ പണ്ഡിതനായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തില്‍ ആദ്യമായി വിവര്‍ത്തനം ചെയ്തത് കെ ദാമോദരനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ഐ.സി.എച്ച്.ആര്‍ ഫെലോഷിപ്പില്‍ ജെ.എന്‍.യുവില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രമുഖ ചലച്ചിത്ര-ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ.പി. ശശി ദാമോദരന്റെ മകനാണ്. നിരവധി വിഷയങ്ങളിലായി നാല്‍പ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: K Damodaran death anniversary
Published: 03 Jul 2020, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented