എഴുപതുകളിലെ പരിമിതമായ സാഹചര്യങ്ങളില്‍നിന്നു ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീര്‍ത്തി അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയത് ഡോ. എം.എസ് വല്യത്താനാണ്. ശ്രീചിത്ര സ്വന്തമായി നിര്‍മിച്ച ഹൃദയവാല്‍വിനു പിന്നിലെ പ്രയത്‌നങ്ങളെക്കുറിച്ച് വി.ഡി സെല്‍വരാജ് തയ്യാറാക്കി ചിന്ത ബുക്‌സ് പ്രസിദ്ധീകരിച്ച ' മയൂരശിഖ: ഡോ. വല്യത്താന്‍ ജീവിതം, അനുഭവം, അറിവ് 'എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. ഡോ. വല്യത്താന്റെ വിയോഗം ആരോഗ്യരംഗത്തെ തീരാനഷ്ടമാണ്. സാധാരണക്കാരന് താങ്ങാവുന്ന തരത്തില്‍ ഹൃദയശസ്ത്രക്രിയയുടെ മുഖം മാറ്റിമറിച്ച വല്യത്താനെക്കുറിച്ചുള്ള പുസ്തകത്തില്‍നിന്നും ഒരു ഭാഗം.
1972: മടങ്ങിവരവിന്റെ കഥ
അമേരിക്കയില്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ഗോട്ട്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഹഫ്നഗല്‍ എന്നീ പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധരുടെ കീഴിലായിരുന്നു എന്റെ ഉപരിപഠനവും പരിശീലനവും. ലോകത്ത് ആദ്യ കൃത്രിമവാല്‍വ് വികസിപ്പിച്ച് ആഗോളശ്രദ്ധ നേടിയിരുന്നു ഡോ. ഹഫ്നഗല്‍.
ഡോ. ഗോട്ടിന് കീഴില്‍ എന്റെ ആദ്യകാല പരിശീലനം കഴിഞ്ഞ് ഡോ. ഹഫ്നഗലിന്റെ ശിഷ്യനായി 1966-ല്‍ എത്തുമ്പോള്‍ പുതിയ ഹൃദയവാല്‍വിന്റെ രൂപകല്പനയിലായിരുന്നു അദ്ദേഹം. അക്കാലത്ത് 'ഹഫ്നഗല്‍ വാല്‍വ്' എന്നപേരില്‍ അദ്ദേഹത്തിന്റെ കൃത്രിമ വാല്‍വ് വിപണിയില്‍ പേരെടുത്തിരുന്നു. ഈ പശ്ചാത്തലം എന്റെ മനസ്സിലും ഗവേഷണ വികസനത്വര ഉണര്‍ത്തി. 1972 ലാണ് ഞാന്‍ ഇന്ത്യയില്‍ മടങ്ങിവന്നത്. ഇവിടെ ജോലിയും ഗവേഷണവും നടത്തണമെന്ന ആഗ്രഹമാണ് മടങ്ങാനുള്ള പ്രേരണ. ഗവേഷണവും കണ്ടുപിടുത്തവുമൊന്നും ഇവിടെ നടക്കില്ലെന്നും എല്ലാം വിദേശികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണെന്നും ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഉറച്ച് വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്.
ഒരു കത്തും ചര്‍ച്ചകളും
ഇന്ത്യയില്‍ ഒരു ഹാര്‍ട്ട് സെന്ററും ഹാര്‍ട്ട് വാല്‍വ് ഗവേഷണ പദ്ധതിയും തുടങ്ങേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി ഞാന്‍ സി എസ് ഐ ആറിന്റെ അന്നത്തെ ഡയറക്ടര്‍ക്ക് ഒരു കത്തെഴുതി. ഇറക്കുമതി ചെയ്ത ഹൃദയവാല്‍വാണ് ഇന്ത്യയിലെ രോഗികള്‍ക്ക് ആശ്രയം. അതിന്റെ വിലയാകട്ടെ സാധാരണ രോഗികള്‍ക്ക് താങ്ങാനുമാവില്ല. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തൊറാസിക്ക് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച് വൈകാതെ തന്നെ ഈ ദയനീയാവസ്ഥ എനിക്ക് മനസ്സിലാക്കാനായി. നേരിട്ടുള്ള അനുഭവം കൂടിയായപ്പോള്‍ ഹൃദയവാല്‍വ് വികസനപദ്ധതി നടപ്പില്‍ വരാനായി എന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു എന്നത് ആലങ്കാരികമല്ല. സി എസ് ഐ ആര്‍ ഡയറക്ടര്‍ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് 4 പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് ഡയറക്ടര്‍ അയച്ചുകൊടുത്തിരുന്നു. അങ്ങനെയാണ് എസ് രാമശേഷന്‍ എന്നെ ബന്ധപ്പെടുന്നത്. അന്ന് അദ്ദേഹം ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ്. താന്‍ വൈകാതെ ഡല്‍ഹിക്ക് വരുമെന്നും അപ്പോള്‍ കാണാമെന്നും അദ്ദേഹം അറിയിച്ചു. സി എസ് ഐ ആറിന്റെ ഓഫീസില്‍, മണിക്കൂറുകള്‍ നീണ്ട ആ കൂടിക്കാഴ്ചയില്‍ എന്റെ ആശയങ്ങള്‍ അദ്ദേഹവുമായി പങ്കിട്ടു. ഏറെ താല്പര്യത്തോടെ കേട്ട രാമശേഷന്‍ വലിയ പ്രോത്സാഹനമാണ് തന്നത്. സി വി രാമന്റെ അനന്തരവനാണ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായിരുന്ന എസ് രാമശേഷന്‍. ശ്രീചിത്രയുടെ ഹൃദയവാല്‍വ് വികസനപദ്ധതിയില്‍ ഏറെ തല്പരനും ഉപദേശകനുമായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയുമായി. തിരുവനന്തപുരത്തെ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ പെന്‍പാളിന്റെ തുടക്കകാലത്ത് രാമശേഷനെയാണ് മേധാവിയായി, സ്ഥാപകന്‍ ബാലഗോപാല്‍ നിയോഗിച്ചത്. അദ്ദേഹത്തിന്റെ 80 ാം പിറന്നാളിന് കറന്റ് സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ ആ വലിയ മനുഷ്യനെപ്പറ്റി ഞാന്‍ എഴുതിയിരുന്നു.
മദ്രാസ് ഐ ഐ ടിയിലേക്ക് എന്നാല്‍ ഹാര്‍ട്ട് വാല്‍വ് നിര്‍മ്മാണ പദ്ധതിയിലേക്ക് എത്തിച്ചേരാന്‍ പിന്നെയും രണ്ടുമൂന്നു വര്‍ഷം വേണ്ടിവന്നു. അത് തികച്ചും യാദൃച്ഛികമായിരുന്നുതാനും.
സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നും മദ്രാസ് ഐ ഐ ടി ബയോമെഡിക്കല്‍ വിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി എനിക്ക് നിയമനം കിട്ടുന്നത് 1973 ലാണ്. ഇതോടൊപ്പം മദ്രാസ് റെയില്‍വെ ആശുപത്രിയില്‍ ഹാര്‍ട്ട് സര്‍ജനായും പ്രവര്‍ത്തിച്ചു. അന്ന് ഹൃദയശസ്ത്രക്രിയാ രംഗത്ത് പ്രശസ്തനായിരുന്ന ഡോ. ടി ജെ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു റെയില്‍വെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ താല്പര്യം കൊണ്ടുമാത്രം അവിടെ ഹൃദയശസ്ത്രക്രിയാവിഭാഗം ആരംഭിക്കുകയും തിരക്കേറിയ യൂണിറ്റായി അത് മാറുകയും ചെയ്തു. ചെറിയാന്റെ ആശുപത്രി എന്ന നിലയില്‍പ്പോലും റെയില്‍വെ ആശുപത്രി അറിയാന്‍ തുടങ്ങി. ഐ ഐ ടിയില്‍ പഠിപ്പിക്കാമെന്നല്ലാതെ പരിശീലനമൊന്നുമില്ല. ഹൃദയശസ്ത്രക്രിയയെക്കുറിച്ച് ക്ലാസ് എടുക്കാം, മനുഷ്യഹൃദയം തുറന്നു കാണാന്‍പോലും വഴിയില്ല. അതായിരുന്നു ആ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ വൈരുദ്ധ്യം. അപ്പോഴും എന്റെ സ്വപ്നപദ്ധതി എങ്ങുമെത്തിയില്ലല്ലോ എന്ന സങ്കടം തുടര്‍ന്നു. രാമശേഷനുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തുകയും അദ്ദേഹം പ്രോത്സാഹനം തുടരുകയും ചെയ്തത് മാത്രമായിരുന്നു ആശ്വാസം. അങ്ങനെയിരിക്കെയാണ് ഡോ. ടി ജെ ചെറിയാന് കേരളസര്‍ക്കാരിന്റെ ഒരു ക്ഷണം കിട്ടുന്നത്. തിരുവനന്തപുരത്ത് തുടങ്ങാന്‍പോകുന്ന ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടര്‍ പദവി. അന്ന് കേരളത്തിന്റെ പ്ലാനിങ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന ഡോ. പി കെ ഗോപാലകൃഷ്ണന്‍ മദ്രാസിലെത്തിയാണ് ചെറിയാനെ ക്ഷണിച്ചത്. ചെറിയാന്‍ സര്‍വ്വീസില്‍നിന്നും വിരമിക്കുന്നു എന്നറിഞ്ഞായിരുന്നു വരവ്. ക്ഷണം സ്വീകരിച്ച ചെറിയാന്‍, സ്റ്റാഫ് നിയമനകാര്യത്തിലുള്ള ചില താല്പര്യങ്ങള്‍കൂടി ഗോപാലകൃഷ്ണനെ അറിയിക്കുകയും അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ചെറിയാന്‍ എന്നെയും ശ്രീചിത്രയിലേക്ക് ക്ഷണിച്ചു. എനിക്ക് സമ്മതമായിരുന്നു. ചെറിയാന്‍ ഇവിടം വിട്ടാല്‍ എനിക്ക് ആ ആശുപത്രിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഐ ഐ ടിയും റെയില്‍വെ ആശുപത്രിയിലെ ജോലിയും എനിക്ക് മടുത്തുതുടങ്ങിയിരുന്നു.
ഡോ. ചെറിയാന്‍ പിന്മാറുന്നു
എം ബി ബി എസ് പൂര്‍ത്തിയാക്കി കേരളം വിട്ടിട്ട് 17 വര്‍ഷമായിരിക്കുന്നു. ഒരു മടങ്ങിവരവാണല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായി. ഡോ. ചെറിയാന്‍, ശ്രീചിത്രയിലേക്കില്ലെന്ന് പെട്ടെന്ന് നിലപാട് മാറ്റി. കേരളത്തില്‍ കടുത്ത രാഷ്ട്രീയമത്സരമാണെന്നും ഒന്നും നടക്കില്ലെന്നും വന്നാല്‍ ഭാവി നഷ്ടമാകുമെന്നുമൊക്കെ നാട്ടില്‍നിന്നും ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ചെറിയാന്റെ മനംമാറ്റം.
ഒരാള്‍ക്ക് വാക്കുകൊടുത്താല്‍ പിന്മാറുന്ന രീതി എനിക്ക് ഇല്ലാത്തതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. പക്ഷേ, അന്വേഷിക്കാനും അറിയാനും പലതും ശേഷിക്കുന്നുണ്ടായിരുന്നു. ശ്രീചിത്ര ആശുപത്രി എന്ന പദ്ധതി എന്താണെന്ന് വ്യക്തമായി അറിയണം. ഡോ. പി കെ ഗോപാലകൃഷ്ണനെ, ചെറിയാന്റെ അടുത്തുവച്ച് ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നെ കേരളത്തില്‍ ആര്‍ക്കും അറിയില്ലല്ലോ.
വീണ്ടും മദ്രാസിലെത്തിയ ഗോപാലകൃഷ്ണനോട് ചെറിയാന്‍ വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം വല്ലാതെ ഉലഞ്ഞു. ചെറിയാന്റെ ഡിമാന്റുകളെല്ലാം നടപ്പാക്കാമെന്ന് സര്‍ക്കാരില്‍നിന്നും ഉറപ്പ് നേടിയ ശേഷമാണല്ലോ ഗോപാലകൃഷ്ണന്റെ വരവ്. ചെറിയാന്റെ മുറിയില്‍ നിന്നിറങ്ങിയ ഗോപാലകൃഷ്ണന്‍ നേരെ ഐ ഐ ടി ക്വാര്‍ട്ടേഴ്സില്‍വന്ന് എന്നെ കണ്ടു. ഇപ്രാവശ്യം താങ്കളെ നേരിട്ടു വിളിക്കാനാണ് വന്നിരിക്കുന്നത്. ശ്രീചിത്രയുടെ ഡയറക്ടര്‍ പദവി ഏറ്റെടുക്കണം. സര്‍ക്കാരിന്റെ പ്രസ്റ്റീജ് സ്ഥാപനമാണിത്, ഉപേക്ഷ വിചാരിക്കരുത് എന്നൊക്കെയായി അദ്ദേഹം. ധര്‍മ്മസങ്കടത്തിലായ ഞാന്‍ ഒന്നാലോചിക്കട്ടെ എന്നുപറഞ്ഞു. ഡയറക്ടറായി ഒരു സ്ഥാപനം നടത്തുന്നതിന്റെ ഭരണപരിചയമൊന്നുമില്ലല്ലോ.
ഇന്ത്യാ ഗവണ്മെന്റിന്റെ ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ജനറലായിരുന്ന കേണല്‍ ഡോ. ആര്‍ ഡി അയ്യരെ ഞാന്‍ സമീപിച്ചു. നെഹ്രുവിന്റെ പേഴ്സണല്‍ ഫിസിഷ്യനായിരുന്ന ഇദ്ദേഹമാണ് ന്യൂഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി തുടങ്ങാന്‍ സര്‍ക്കാരിന് മുഖ്യ പ്രചോദനമായത്. ശ്രീചിത്രയുടെ കാര്യത്തില്‍ അയ്യര്‍ രണ്ടു കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം തുടങ്ങാന്‍ കേരള സര്‍ക്കാര്‍ നീക്കിവച്ചതിനപ്പുറം തുക വേണ്ടിവരും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് താല്പര്യം ഉണ്ടോ എന്നറിയണം. ഗവേഷണ കേന്ദ്രത്തിനാവശ്യമായ സാങ്കേതിക വിദഗ്ദ്ധരെ കേരളത്തില്‍ കിട്ടിയെന്നുവരില്ല, അവരെ അഖിലേന്ത്യാതലത്തില്‍ റിക്രൂട്ട് ചെയ്യേണ്ടിവരും. അവര്‍ക്ക് ഉയര്‍ന്ന ശമ്പളവും കൊടുക്കണം. ഇതിനെല്ലാം സര്‍ക്കാര്‍ സന്നദ്ധമാണോ? അച്യുതമേനോനെ നേരില്‍ കണ്ട് സംസാരിക്കൂ എന്നായിരുന്നു ഉപദേശം.
തിരുവനന്തപുരത്തെ പ്രസിദ്ധ ഫിസിഷ്യനായിരുന്ന ഡോ. ശങ്കരരാമന്റെ അനുജനാണ് ഡോ. അയ്യര്‍. പീഡിയാട്രിക്ക് സര്‍ജന്‍ എന്ന നിലയിലും അയ്യര്‍ പേരെടുത്തിരുന്നു. ബാലനായ രാജീവ് ഗാന്ധിക്ക് അപ്പന്‍ഡിസൈറ്റിസ് സര്‍ജറി നടത്തിയ കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
അച്യുതമേനോനുമായി 5 മിനിട്ട്; പ്രശ്നം തീരുന്നു
എന്റെ മുന്നില്‍ പ്രധാനമായി രണ്ട് സംശയങ്ങളായിരുന്നു. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ലക്ഷ്യമിട്ട സര്‍ക്കാര്‍ 30 ലക്ഷം രൂപമാത്രമാണ് വക കൊള്ളിച്ചിരിക്കുന്നത്. ഇത്തരമൊരു ആശുപത്രിക്ക് ഇതിന്റെ പത്തുമടങ്ങെങ്കിലും വേണം. അനുവദിച്ച തുക നോക്കിയാല്‍, പദ്ധതിയെപ്പറ്റി ധാരണയില്ലെന്ന് വ്യക്തം. രണ്ടാമതായി കാര്‍ഡിയാക്ക് സര്‍ജറി വിഭാഗം വിപുലമായി നടപ്പാക്കണമെങ്കില്‍ സര്‍ജന്‍ മാത്രം പോരാ. പരിചയസമ്പന്നരായ കാര്‍ഡിയോളജിസ്റ്റും സാങ്കേതിക വിദഗ്ദ്ധനും നഴ്സും മറ്റും വേണം. ഇവരെയൊന്നും കേരളത്തില്‍ അന്നു കിട്ടാനില്ല. രാജ്യത്തെ പ്രധാന ആശുപത്രികളില്‍നിന്നും കണ്ടെത്തുകയേ മാര്‍ഗ്ഗമുള്ളൂ. അപ്പോള്‍ നിയമവും അഖിലേന്ത്യാ ശമ്പള സ്‌കെയിലുമൊക്കെ പ്രശ്നമാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ബാക്കികാര്യം എന്നുറപ്പിച്ചു.
ഡോ. പി കെ ഗോപാലകൃഷ്ണന്‍ വഴി മുഖ്യമന്ത്രിയെ കാണാനുള്ള സമയം തരപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യമായി ഒരു മന്ത്രിയെ, അതും മുഖ്യമന്ത്രിയെ തന്നെ നേരില്‍ കാണുകയാണ്. ഔപചാരികതയൊന്നുമില്ലാതെ, വീട്ടുകാരണവരെപ്പോലെ ഒരു ബനിയന്‍ ധരിച്ചാണ് അച്യുതമേനോന്‍ മുന്നിലെത്തിയത്. എന്റെ സംശയങ്ങള്‍ക്ക് 5 മിനുട്ടിനുള്ളില്‍ അദ്ദേഹം മറുപടി പറഞ്ഞു: ശ്രീചിത്ര സെന്ററിന് 30 ലക്ഷം രൂപയെന്നത് അവസാന കണക്കല്ല. എത്ര പണം വേണമെന്ന് ആരും പറഞ്ഞിട്ടില്ല. ബജറ്റില്‍ അങ്ങനെ ഒരു തുക എഴുതി. ഇപ്പോള്‍ തന്നെ 6 മാസം പിന്നിട്ടിരിക്കുന്നു. തുക ചെലവായിട്ടില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫലം കണ്ടാല്‍ കൂടുതല്‍ തുക അനുവദിക്കും.
നിയമനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും റിക്രൂട്ട്മെന്റ് ആകാം. കേരളശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ (സിഡിഎസ്) ഈ രീതിയില്‍ നിയമനത്തിന് അനുമതിയുണ്ട്. കൗണ്‍സിലിന് കീഴില്‍ തന്നെ ആരംഭിച്ച ശ്രീചിത്രയിലും ഇതുതന്നെ മാര്‍ഗ്ഗരേഖയെന്ന് അച്യുതമേനോന്‍ സ്പഷ്ടമാക്കി.
ആശുപത്രികള്‍ സാധാരണയായി ആരോഗ്യവകുപ്പിന് കീഴിലാണല്ലോ. എന്നാല്‍ ശ്രീചിത്ര, കേരള ശാസ്ത്രസാങ്കേതിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ തുടങ്ങാനായിരുന്നു തീരുമാനം. അതൊരു പുതിയ ദിശാസൂചനയുടെ ചുവടുവയ്പായിരുന്നു.
1974 ഒക്ടോബറില്‍ ശ്രീചിത്രയില്‍
ശ്രീചിത്തിരതിരുനാളിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് രാജകുടുംബം നിര്‍മ്മിച്ച് സംഭാവന നല്കിയതാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ കെട്ടിടം. മെഡിക്കല്‍ കോളേജ് കാമ്പസിലായിരുന്നു അത്. വിയന്നയിലെ എല്ലുരോഗാശുപത്രി സന്ദര്‍ശിച്ച ശ്രീചിത്തിരതിരുനാളിന് ഇതേപോലൊരു സ്പെഷ്യാലിറ്റി ആശുപത്രി ഇവിടെയും വേണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 1974 ഒക്ടോബര്‍ ഒന്നിനാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. എന്റെ നിയമനത്തിനെതിരെ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സ്വാഗതം ആശംസിച്ചത്. മെഡിക്കല്‍ കോളേജിന് അടുത്തായിരുന്നു എന്നല്ലാതെ സ്വയംഭരണ സ്ഥാപനമായ ശ്രീചിത്രയ്ക്ക് മെഡിക്കല്‍ കോളേജുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
ജോയിന്‍ ചെയ്യുമ്പോള്‍ അവിടെ അതുവരെ ഒരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. ഓഫീസോ ഫര്‍ണിച്ചറോ ഒന്നുമില്ല. ഒരു കെട്ടിടം മാത്രമുണ്ട്. കേരള സര്‍ക്കാരില്‍നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ 5 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. എന്റെ സെക്രട്ടറിയായി പിന്നീട് പ്രവര്‍ത്തിച്ച നാരായണസ്വാമി, ഡ്രൈവര്‍ അശോകന്‍ തുടങ്ങിയവര്‍. മെല്ലെ പ്രവര്‍ത്തനം തുടങ്ങി 6 മാസം പിന്നിടുംമുമ്പേ ഗവേഷണപദ്ധതിക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റിന് അപേക്ഷിച്ചു. ഒരു ആശുപത്രിക്ക് ഗവേഷണത്തിനായി കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് പണം അനുവദിക്കണമെങ്കില്‍ തക്കതായ കാരണം വേണം. ഹൃദയവാല്‍വ് വികസിപ്പിക്കണമെങ്കില്‍ ആശുപത്രി സംവിധാനം ഉണ്ടാകണം. മെഡിസിനും സാങ്കേതികവിദ്യയും ഒന്നിച്ചു എന്നതാണ് ശ്രീചിത്രയുടെ പ്രത്യേകത. ഈ യോജിപ്പ് ഇല്ലാത്തതിനാലാണ് പല ഗവേഷണസ്ഥാപനങ്ങളും മുന്നോട്ട് പോകാത്തത്. അപേക്ഷപ്രകാരം 8 ലക്ഷം രൂപയുടെ ഗ്രാന്റ് കേന്ദ്രം തന്നു. തുടര്‍ന്ന് വാല്‍വ് വികസന പദ്ധതിക്കായി വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധരെ റിക്രൂട്ട് ചെയ്തു. വാല്‍വിന്റെ പ്രധാന ശില്പികളില്‍ ഒരാളായ എന്‍ജിനീയര്‍ ഭുവനേശ്വര്‍ ശ്രീചിത്രയിലേക്ക് വരുന്നത് അങ്ങനെയാണ്. അദ്ദേഹത്തെ മദ്രാസ് ഐ ഐ ടിയില്‍ ഞാന്‍ പഠിപ്പിച്ചിരുന്നു. വാല്‍വ് ഗവേഷണ, വികസന പദ്ധതിക്ക് ആദ്യ ചുവട് വയ്ക്കുമ്പോള്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. സര്‍ജനായ ഞാനും എന്‍ജിനീയറായ ഭുവനേശ്വറും വെറ്ററിനറി ഡോക്ടറായ ആര്‍തര്‍ വിജയന്‍ ലാലുമായിരുന്നു ആദ്യ ടീമിലെ അംഗങ്ങള്‍. പിന്നീട് എന്‍ജിനീയര്‍മാരായ രമണി, വെങ്കിടേഷ്, മുരളി എന്നിവര്‍ ചേര്‍ന്നു (രമണി ഇപ്പോള്‍ ടി ടി കെയുടെ വൈസ് പ്രസിഡന്റാണ്. ശ്രീചിത്ര വിട്ട വെങ്കിടേഷ് വിദേശത്ത് പോയി. മുരളി ശ്രീചിത്രയില്‍ പ്രധാന പദവിയില്‍ തുടരുന്നു). അന്ന് വാല്‍വ് വികസനം എന്നൊക്കെ പറഞ്ഞാല്‍ ആളെ കിട്ടില്ല. പോരാത്തതിന് ഡോക്ടര്‍മാരുടെയും സഹപ്രവര്‍ത്തകരുടെയും ഒക്കെ പുച്ഛവും. 'ഇതൊക്കെ ഒരു പടം' എന്ന് കളിയാക്കും. മെഡിക്കല്‍ രംഗത്തുള്ളവര്‍ ഇത്തരം ഗവേഷണത്തെ പിന്തുണയ്ക്കില്ല. ഇതൊന്നും ഇന്ത്യയില്‍ നടക്കില്ലെന്നാണ് അവരുടെ ഉറച്ച വിശ്വാസം. അത്യാവശ്യമാണെങ്കില്‍ വിലയ്ക്ക് വാങ്ങാമല്ലോ എന്നാണ് നിലപാട്.
പൂജപ്പുരയിലെ സതല്‍മൗണ്ട് പാലസിലായിരുന്നു ഗവേഷണത്തിന്റെ ആദ്യചുവടുകള്‍. ഇപ്പോള്‍ ശ്രീചിത്രയുടെ ബയോ മെഡിക്കല്‍ ഗവേഷണ കേന്ദ്രമായി വളര്‍ന്നു. അവിടെയും ഔട്ട് ഹൗസിലുമായിരുന്നാണ് ആദ്യ ഡ്രോയിങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കൃത്യം 5 ഗ്രാമാണ് വാല്‍വിന്റെ തൂക്കം. കുറയാനോ കൂടാനോ പാടില്ല. മൂന്ന് ഭാഗങ്ങളാണ് വാല്‍വിനുള്ളത്. കൂട്, അടയ്ക്കാനും തുറക്കാനുമുള്ള ഡിസ്‌ക്, ഹൃദയത്തില്‍ തുന്നിച്ചേര്‍ക്കാനുള്ള ഭാഗം. ഇതിനാവശ്യമായ മെറ്റീരിയല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നതിനാല്‍ ഗവേഷണത്തിന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ല. വിവിധതരം ലബോറട്ടറി പരിശോധനകള്‍ക്ക് രാജ്യത്തെ പ്രധാന ലാബുകളെ ആശ്രയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വാല്‍വിന് തകരാറുണ്ടായെങ്കില്‍ അതിന്റെ കാരണം മനസ്സിലാക്കാന്‍ ബാംഗ്ലൂരിലെ നാഷണല്‍ എയ്റോനോട്ടിക്കല്‍ ലാബില്‍ പോയി. ഫാബ്രിക്കേഷന്‍ ആവശ്യത്തിനും ബാംഗ്ലൂര്‍ ആയിരുന്നു ആശ്രയം. വാല്‍വ് ഹൃദയത്തില്‍ തുന്നിച്ചേര്‍ക്കണമല്ലോ. സര്‍ജന്‍ അങ്ങനെ ചെയ്യണമെങ്കില്‍ അതിന് പറ്റിയ പ്രതലം വാല്‍വില്‍ വേണം. അതിനാവശ്യമായ മെറ്റീരിയലിന് ആശ്രയിച്ചത് കോയമ്പത്തൂരിലെ സൗത്ത് ഇന്ത്യന്‍ ടെക്സ്റ്റയില്‍ റിസര്‍ച്ച് ലാബിനെയാണ്. പോളിയസ്റ്റര്‍ ആണ് ശ്രീചിത്ര വാല്‍വില്‍ ഉപയോഗിച്ചത്. പൂനയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയെയും ആശ്രയിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ പ്രധാന ലബോറട്ടറികള്‍ ചേര്‍ന്നു വികസിപ്പിച്ചതാണ് ശ്രീചിത്ര വാല്‍വ് എന്ന് ഉറപ്പിച്ചുപറയാം.
'ഏറ്റവും സംഘര്‍ഷഭരിതം'
ആദ്യത്തെ മൂന്ന് മോഡലും ലാബില്‍ത്തന്നെ പരാജയപ്പെട്ടിരുന്നു. മൂന്നാമത്തെ മോഡലിന്റെയും പരാജയം ഹൃദയഭേദകമായിരുന്നു എന്നുതന്നെ പറയാം. 1988ലാണിത്. വളരെയേറെ വിമര്‍ശനങ്ങള്‍ ഉണ്ടായി. ശ്രീചിത്രയില്‍നിന്നുതന്നെ രൂക്ഷമായ ആക്ഷേപവും കളിയാക്കലും വന്നു. പണവും സമയവും മുടക്കുന്നു എന്നുപറഞ്ഞ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു. ദ വീക്ക് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം 4 പേജ് റിപ്പോര്‍ട്ട് എഴുതി. എല്ലാ വിമര്‍ശനങ്ങളുടെയും ഉന്നം ഞാനായിരുന്നു. 7 വര്‍ഷം രാവും പകലുമായി ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയായിരുന്നു ഞങ്ങള്‍. പരാജയം തുറന്നുപറയാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ലോകത്ത് ഏത് ഗവേഷണപദ്ധതിയുടെ കാര്യം എടുത്താലും തുടര്‍ച്ചയായ പരാജയശേഷം ലക്ഷ്യം കൈവരിച്ചതായി കാണാം. പരാജയ കഥ തുറന്നുപറയുന്നത്, പിന്നാലെ വരുന്ന ഗവേഷകര്‍ക്ക് വഴികാട്ടിയാകും. ഇന്ത്യയുടെ കന്നി റോക്കറ്റായ എസ് എല്‍ വിയുടെ ആദ്യ പരാജയത്തെപ്പറ്റി അതിന്റെ ശില്പിയായ ഡോ. എ പി ജെ അബ്ദുള്‍ കലാം തുറന്നുപറഞ്ഞിട്ടുണ്ട്. ആ പരാജയം വിശകലനം ചെയ്ത കലാമിന് അടുത്ത വിക്ഷേപണം വിജയിപ്പിക്കാനും ഇന്ത്യയുടെ അഭിമാനം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടാനുമായി.
മൂന്നാം മോഡലിന്റെ പരാജയവേളയില്‍ ധൈര്യം പകര്‍ന്ന് ഒപ്പം നില്ക്കാന്‍ ഡോ. രാമശേഷനും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായിരുന്ന പാര്‍ത്ഥസാരഥിയും ഉണ്ടായിരുന്നു എന്നത് ഏറെ ആഹ്ലാദത്തോടെ ഇപ്പോഴും ഓര്‍ക്കുന്നു.
മൃഗങ്ങളിലെ പരീക്ഷണം
വാല്‍വ് വികസനത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ഘട്ടം മൃഗങ്ങളില്‍ അവ പരീക്ഷിക്കുന്നതാണ്. വാല്‍വിന്റെ വികസനത്തിനും പരീക്ഷണത്തിനും അന്തര്‍ദ്ദേശീയ ചട്ടങ്ങള്‍ ഉണ്ട്. അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. വാല്‍വ് വികസന പദ്ധതി തുടങ്ങി ഏഴാം വര്‍ഷമാണ് മൃഗങ്ങളില്‍ പരീക്ഷിച്ചത്. മൃഗങ്ങളില്‍ പരീക്ഷിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കിയ ശേഷമേ മനുഷ്യരില്‍ പാടുള്ളൂ. ആടിലോ പന്നിയിലോ പരീക്ഷിക്കാന്‍ അനുമതിയുണ്ട്. ആടിന്റെയും മനുഷ്യന്റെയും ഹൃദയത്തിന്റെ പമ്പിങ് ഏതാണ്ട് സമാനമാണ്. ഒരു മിനുട്ടില്‍ 5 ലിറ്റര്‍ രക്തമാണ് മനുഷ്യഹൃദയം പമ്പു ചെയ്യുന്നത്. കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്ന 40 കിലോ തൂക്കമുള്ള 4 ആടുകളിലാണ് ശ്രീചിത്ര വാല്‍വിന്റെ മൂന്നാമത്തെ മോഡല്‍ പരീക്ഷിച്ചത്. മൂന്നുമാസം ആരോഗ്യത്തോടെ കഴിയണം എന്നതാണ് അന്താരാഷ്ട്ര മാനദണ്ഡം. രണ്ടു മാസത്തിനുശേഷം ഒരെണ്ണം അപ്രതീക്ഷിതമായി ചത്തു. ശേഷിച്ചവ ഉത്സാഹത്തോടെ ജീവിച്ചിരുന്നു. അതോടെ മൂന്നാം മാതൃക മനുഷ്യരില്‍ പരീക്ഷിക്കാന്‍ പറ്റില്ല എന്നുറപ്പായി. അതേസമയം എന്‍ജിനീയര്‍ ഭുവനേശ്വര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. മൃഗങ്ങളില്‍ വാല്‍വ് പരീക്ഷിച്ച് വിജയിപ്പിക്കുക വളരെ പ്രയാസമാണ്. 4 എണ്ണത്തില്‍ 3 ഉം ജീവിച്ചിരിക്കുമ്പോള്‍ വാല്‍വ് വികസനം വിജയിച്ചു എന്നല്ലേ അര്‍ത്ഥമെന്ന് അദ്ദേഹം വാദിച്ചു. അത് ശരിയാണെന്ന് സമ്മതിച്ച ഞാന്‍, മെഡിക്കല്‍ എത്തിക്സിനെപ്പറ്റി അദ്ദേഹത്തോട് വിശദീകരിച്ചു. മൃഗങ്ങളില്‍ പരീക്ഷിച്ച് പരാജയപ്പെട്ടത് മനുഷ്യരില്‍ പറ്റില്ല, മരണകാരണമാകും. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. സങ്കടത്തോടെയാണെങ്കിലും ആ വാദം ഭുവനേശ്വര്‍ സ്വീകരിച്ചു. ചത്ത ആടിന്റെ വാല്‍വ് പരിശോധിച്ചപ്പോള്‍ ഡിസ്‌കിനുണ്ടായ ഒടിവാണ് കാരണമെന്ന് വ്യക്തമായി.
സഫയര്‍ (സിന്തറ്റിക്ക് പവിഴം) കൊണ്ടു നിര്‍മ്മിച്ച ഡിസ്‌കായിരുന്നു അത്. ആഭരണം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പവിഴം തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. സാധാരണ നിലയില്‍ അതു പൊട്ടാറില്ല. 24 മണിക്കൂറില്‍ ഒരുലക്ഷം പ്രാവശ്യം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാണ് ഹൃദയവാല്‍വ്. ആ പ്രവര്‍ത്തനസമ്മര്‍ദ്ദം അതിജീവിക്കാനാവാതെയാണ് ഡിസ്‌ക് പൊട്ടിയത്. ഒരു അത്ഭുതപ്രതിഭാസമാണല്ലോ ഹൃദയം. ഒരു വര്‍ഷം 360 ലക്ഷം പ്രാവശ്യം ഹൃദയവാല്‍വ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് കൃത്രിമ ഹൃദയവാല്‍വ് 10 വര്‍ഷം പ്രവര്‍ത്തിക്കണം. ഇത് ഉറപ്പാക്കാന്‍ വേഗംകൂട്ടി കൃത്രിമവാല്‍വ് പരീക്ഷിക്കാറുണ്ട്.
സഫയര്‍ ഡിസ്‌ക് ഒടിഞ്ഞതിനെത്തുടര്‍ന്ന് പ്ലാസ്റ്റിക് ഡിസ്‌ക് നിര്‍മ്മിച്ച് പരീക്ഷിച്ചു. റബ്ബറിന് അടുത്ത് നില്ക്കുന്ന പ്ലാസ്റ്റിക്കാണ് ഇതിന് ഉപയോഗിച്ചത്. ഇതിനായി നാഷണല്‍ കെമിക്കല്‍ലാബിന്റെ സഹായം തേടിയിരുന്നു. വിള്ളല്‍ വീഴാത്ത നാലഞ്ച് പ്ലാസ്റ്റിക്കിന്റെ പേരുവിവരം വേണമെന്ന് ലാബിന്റെ ഡയറക്ടര്‍ ഡോ. മഷേല്‍ക്കറോട് ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അടുത്ത പ്രഭാതത്തില്‍ 5 പട്ടിക എന്റെ മുന്നിലെത്തി.
പ്ലാസ്റ്റിക്ക് ഡിസ്‌കുള്ള വാല്‍വ് നിര്‍മ്മിക്കുന്നു
പ്ലാസ്റ്റിക്ക് ഡിസ്‌കുള്ള മോഡലിന്റെ വികസനവും പരീക്ഷണവും വേഗത്തിലായിരുന്നു. മൂന്നാമത്തെ പരാജയം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം നാലാം മോഡല്‍ വികസിപ്പിക്കാനായി എന്നുമാത്രമല്ല അത് ജന്തുക്കളിലും തുടര്‍ന്ന് മനുഷ്യരിലും പരീക്ഷിക്കാനുമായി. 1990- ല്‍ രോഗികളില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞു. ശ്രീചിത്രയിലെ ഒരു കൂട്ടം മനുഷ്യരുടെ വിജയകഥയായി ഇത് രേഖപ്പെടുത്തുമ്പോള്‍ പരീക്ഷണ ജീവികളായി ജീവന്‍ ബലിനല്കിയ ആടുകളെയും നാം നന്ദിയോടെ ഓര്‍ക്കണം. ഹൃദയവാല്‍വ് പരീക്ഷണത്തില്‍ വിജയിച്ച ആടുകളെ ഓട്ടോപ്സി ചെയ്തു. വാല്‍വ് ഘടിപ്പിച്ച ശേഷം കരളിനും വൃക്കയ്ക്കും മറ്റ് ആന്തരാവയവങ്ങള്‍ക്കും എന്ത് മാറ്റമുണ്ടായി എന്നറിയാനായിരുന്നു ഇത്. പൂജപ്പുര ക്യാമ്പസിലെ ആടുകളുടെ ദീനരോദനം തീരാസങ്കടമായി ഇന്നും മനസ്സില്‍ ഉയരുന്നുണ്ട്. റീയല്‍ അണ്‍സങ് ഹീറോസ്.
ഹൃദയവാല്‍വ് നിര്‍മ്മാണത്തിന്റെ ലോകചരിത്രത്തില്‍ ശ്രീചിത്ര വാല്‍വിന് പ്രത്യേകസ്ഥാനം ഉണ്ട്. വിദേശപരിശീലനമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ വിജയഗാഥയാണത്. 30 വര്‍ഷമായി യാതൊരു തകരാറുമില്ലാതെ അത് പ്രവര്‍ത്തിക്കുന്നു. ആദ്യ മോഡല്‍ തന്നെയാണ് ടി ടി കെ കമ്പനി നിര്‍മ്മിച്ചുവരുന്നത്. ഈ മോഡല്‍ വിജയത്തിലിരിക്കെ പുതിയത് പരീക്ഷിക്കുന്നത് എന്തിന് എന്ന ചോദ്യം സ്വാഭാവികം. പുതിയ മോഡലിനുള്ള പരീക്ഷണം, ഞാന്‍ ശ്രീചിത്ര വിടുന്നതിന് മുമ്പുതന്നെ അവിടെ തുടങ്ങിയിരുന്നു.
വില മൂന്നിലൊന്ന്
ശ്രീചിത്രവാല്‍വ് ആദ്യം വിപണിയിലെത്തുമ്പോള്‍ ഏകദേശം 15,000 രൂപയാണ് വില. ഇറക്കുമതി ചെയ്തതിന് മൂന്നിരട്ടിയും. ഇറക്കുമതി വിലയുടെ മൂന്നിലൊന്ന് നിരക്കില്‍ ശ്രീചിത്ര വാല്‍വ് രോഗികളില്‍ നല്കാനായത് രാജ്യത്തിന് തന്നെ അഭിമാനം പകര്‍ന്നതായി. ഒരു ചെറു സംഘത്തിന്റെ ഏഴരവര്‍ഷത്തെ രാപകലില്ലാത്ത അദ്ധ്വാനത്തിന്റെ ഫലം ഇന്ത്യയുടെ സാങ്കേതികവിദ്യാമുന്നേറ്റമായി അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടത് ചെറിയ കാര്യമല്ലല്ലോ.
വാല്‍വ് വികസനത്തിന്റെ ഭാഗമായി ശ്രീചിത്രയില്‍ ആരംഭിച്ച 'ടെക്നോ പ്രൂവ്' വിഭാഗം കേരളത്തിലെ ആദ്യത്തെ ടെക്നോളജി ഇങ്കുബേഷന്‍ സെന്റര്‍ ആണെന്ന കാര്യവും ഓര്‍മ്മിക്കാം. വാല്‍വ് സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനായി തമിഴ്നാട്ടിലെ ടി ടി കെ കമ്പനിക്ക് കൈമാറിയെങ്കിലും ആദ്യഘട്ടത്തിലെ പൈലറ്റ് പ്രൊഡക്ഷന് നേതൃത്വം നല്കിയത് 'ടെക്നോ പ്രൂവ്' ആയിരുന്നു.
തിരുവനന്തപുരത്തെ പരീക്ഷണം വിജയിച്ചതോടെ അഖിലേന്ത്യാ തലത്തില്‍ വാല്‍വ് പരീക്ഷണത്തിന് തീരുമാനിച്ചു. ഇതിനായി ജസ്റ്റിസ് സുകുമാരന്റെ നേതൃത്വത്തില്‍ എത്തിക്സ് കമ്മിറ്റി രൂപീകരിച്ചു. ബോംബെ കെ ഇ എം ആശുപത്രി, പൂന ആര്‍മി ഹോസ്പിറ്റല്‍, പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂരിലെയും കല്‍ക്കട്ടയിലെയും ആശുപത്രികള്‍ എന്നിവിടങ്ങളിലായി 250 വാല്‍വുകള്‍ പരീക്ഷിച്ചു.
ആദ്യരോഗി തൃശൂര്‍ക്കാരന്‍ മുരളി
തൃശൂരില്‍നിന്നുള്ള മുരളി ആയിരുന്നു ശ്രീചിത്ര വാല്‍വ് സ്വീകരിച്ച ആദ്യ രോഗി. ഞാന്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. സൗജന്യമായിരുന്നു വാല്‍വ്. പുറത്തുനിന്നുള്ള വാല്‍വ് വാങ്ങാനോ ഇവിടെ നിന്നുള്ളത് സ്വീകരിക്കാനോ ഉള്ള സ്വാതന്ത്ര്യം രോഗിക്ക് വിട്ടുനല്കി. ശ്രീചിത്ര വാല്‍വിന്റെ വികസനത്തെപ്പറ്റിയും അതിന്റെ ജയപരാജയ സാദ്ധ്യതകളെപ്പറ്റിയും മുരളിയോടും ബന്ധുക്കളോടും ഏറെ വിശദീകരിച്ചിരുന്നു. 'എനിക്ക് ഒരു പ്രയാസവുമില്ല' എന്നുപറഞ്ഞാണ് മുരളി ശ്രീചിത്ര വാല്‍വ് സ്വീകരിച്ചത്. 1990 ഡിസംബര്‍ ആറിനായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ 30 വര്‍ഷമാകുന്നു. എല്ലാ ഡിസംബര്‍ ആറിനും മുരളിയുമായി ഫോണില്‍ സംസാരിക്കും. ശ്രീചിത്രയുടെ വാല്‍വ് ആദ്യത്തെ 40 രോഗികളില്‍ ഞാന്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ 1.6 ലക്ഷം ശ്രീചിത്ര വാല്‍വ് രോഗികളില്‍ ഉപയോഗിച്ചിട്ടുണ്ട്. വാല്‍വ് ഘടിപ്പിച്ച ഹൃദയവുമായി വിവിധ രാജ്യങ്ങളില്‍ ആരോഗ്യത്തോടെ കഴിയുന്നവരുടെ ഹൃദയസ്പന്ദനം ശ്രീചിത്രയുടെ അഭിമാന കഥകൂടിയാണ് ലോകത്തോട് പറയുന്നത്.
Content Highlights: dr ms valiathan excerpts from autobiography mayoorasikha chintha books
Published: 18 Jul 2024, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented