സാഹിത്യ നോബൽ ജേതാവിന് ഒരു കാഴ്സൺ ആരാധികയുടെ ഓർമ്മക്കുറിപ്പ്

ഇനിയെന്തുചെയ്യണം, എങ്ങോട്ടുപോകണം എന്നറിയാതെ ജീവിതത്തിൽ സ്റ്റക്കായി നിൽക്കുന്ന നിമിഷങ്ങളിൽ പലതിലും സാഹിത്യം നമ്മെ തേടിയെത്തുന്നതേടിയെത്തുന്ന അനുഭവം സുപരിചിതമാണല്ലോ. ഒരുപക്ഷെ ഈ അതിഥി, നൂറ്റാണ്ടുകൾ പഴക്കമുള്ള ഏതെങ്കിലും ക്ലാസ്സിക്കില്ലെ ഖണ്ഡികയാവാം. ഏതെങ്കിലും പുസ്തകത്തിന്റെ തുടക്കത്തിലുള്ള വാക്യങ്ങളാവാം. അല്ലെങ്കിൽ, ഏതെങ്കിലുമൊരു കഥയിലെയോ കവിതയിലെയോ വരികൾ. അങ്ങനെയൊരു നിമിഷത്തിൽ വായനക്കാരിയെത്തേടിയെത്തിയ കവിതാഭാഗം ഇങ്ങനെയായിരുന്നു:
“You remember too much,
my mother said to me recently.
Why hold onto all that? And I said,
Where can I put it down?”
കനേഡിയൻ എഴുത്തുകാരിയായ ആൻ കാഴ്സന്റെ ഗ്ലാസ്സ് എസ്സേ എന്ന കവിതയിലെ വരികളാണിവ. 2026 ഒക്ടോബർ 8-ന്, തന്റെ എഴുപത്തിയാറാം വയസ്സിൽ, സാഹിത്യത്തിനുള്ള നൊബേൽ ജേതാവായി കാഴ്സൺ തിരഞ്ഞെടുക്കപ്പെടുമ്പോൾ, ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിലേക്ക് ഈ വരികൾ ഒരിക്കൽക്കൂടി ഒഴുകിയെത്തിയിട്ടുണ്ടാവണം. കാരണം, എവിടെയും ഇറക്കിവയ്ക്കാൻ പറ്റാത്ത ഭാരങ്ങൾ ചുമന്നുകൊണ്ട്, എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.
കാഴ്സന്റെ കവിതകൾ വായിക്കുമ്പോൾ, മനസ്സിലാക്കിയെടുക്കാൻ കഴിയാത്ത അനുഭവങ്ങൾക്ക് അർത്ഥമുണ്ടാകുന്നതായ് ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകൾക്കതീതമെന്ന് തോന്നിക്കുന്ന എല്ലാത്തിനെയും ചുരുങ്ങിയ വാക്കുകൾകൊണ്ട് വരച്ചുകാട്ടിത്തരാൻ അവരുടെ കവിതകൾക്ക് കഴിയുന്നു. ഇതുതന്നെയാണ് കാഴ്സന്റെ പോപ്പുലാരിറ്റിക്ക് കാരണവും എന്ന് ഞാൻ വിശ്വസിക്കുന്നു. തങ്ങളെ മനസ്സിലാക്കുന്ന, തങ്ങൾക്കുതന്നെ മനസ്സിലാക്കിത്തരുന്ന, വാക്കുകളിലേക്ക് നാമോടിയടുക്കുന്നു. അവയിൽ അഭയംപ്രാപിക്കുന്നു. വിട്ടുപിരിയാൻ കഴിയാതെയാകുന്നു.
ക്ലാസ്സിക്-കൺടെംപററി ലിറ്ററേച്ചറുകളുടെ കോറിഡോറിൽ, ആ ഇടനാഴികളിലെ ഇരുൾവെളിച്ചങ്ങളിൽ, കാഴ്സണ് മാത്രം സ്വന്തമായ ഒരിടമുണ്ട്. ആയിടത്തിലേക്ക് ഇടയ്ക്കിടെ ഞാൻ യാത്ര ചെയ്യാറുമുണ്ട്. അവിടെ ചിലവഴിക്കുന്ന നേരങ്ങൾ, ആനന്ദം, ദുഃഖം, മോഹം, വേദന, വിരഹം, സ്നേഹം, തുടങ്ങിയ വികാരങ്ങളിലൂടെയുള്ള അത്യന്തം മനുഷ്യസഹജമായ ഒരു അലഞ്ഞുതിരിയലാണെന്ന് പറയാം. ലക്ഷ്യമേതുമില്ലാത്ത ആ നടത്തത്തിൽ കാഴ്സന്റെ കൂടുതൽ കവിതകൾ എന്നിലേക്കുവന്നുചേർന്നിട്ടുണ്ട്.
“Here we go mother on the shipless ocean.
Pity us, pity the ocean, here we go.”
—from Decreation: Poetry, Essays, Opera
ഒരുകണക്കിന്, കപ്പലുകളില്ലാത്ത സമുദ്രത്തിലൂടെ സഞ്ചരിക്കുന്നതുപോലെതന്നെയാണ് കാഴ്സനെ വായിക്കുന്നതും. ഓരോ കവിതയുടെയും ഏറ്റിറക്കങ്ങളെ തൊട്ടറിഞ്ഞ്, ഇടയ്ക്കിടെ മുങ്ങിത്താണ്, ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് വലിച്ചിഴക്കപ്പെട്ട്, ഏതെങ്കിലുമൊരു തീരത്ത് വന്നടിയുന്നതുപോലെ... കീഴടങ്ങുമ്പോൾ മാത്രം സ്വീകരിക്കുന്ന, ഉൾക്കൊള്ളുന്ന, തീക്ഷ്ണമായ വരികൾ.
പറയാനാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. ഏതൊക്കെ ഘട്ടങ്ങളിൽ അവരെന്നെ തേടിയെത്തി, എങ്ങോട്ടൊക്കെ കൂട്ടിക്കൊണ്ടുപോയി, എന്തൊക്കെ പറഞ്ഞാശ്വസിപ്പിച്ചു എന്നതിനെക്കുറിച്ചൊക്കെ മണിക്കൂറുകളോളം സംസാരിച്ചിരിക്കാം. പക്ഷെ, ചുരുങ്ങിയ വാക്കുകളിൽ ഇവയെല്ലാം ഉൾക്കൊള്ളിക്കാൻ ഞാൻ കാഴ്സണല്ലല്ലോ.
എന്നിരുന്നാലും പറയാതെവയ്യ, ഇത്രയധികം പ്രിയപ്പെട്ട, ഹൃദയത്തോടടുത്തുനിൽക്കുന്ന, എഴുത്തുകാരി നൊബേൽ ജേതാവാകുന്നതിന്റെ സന്തോഷം വലുതാണ്. ആ സന്തോഷം ലോകമെമ്പാടുമുള്ള എത്രയോ മനുഷ്യരുടേതാണ്! അവരിലൂടെ സ്വയം കണ്ടെത്തിയ, ലോകത്തെ മനസ്സിലാക്കിയ, മനുഷ്യനാകാൻ പഠിച്ച, കോടിക്കണക്കിന് സാധാരണക്കാരായ മനുഷ്യർ… അലഞ്ഞുതിരിയുന്ന വായനക്കാർ…
വശ്യമായ ആ എഴുതുഭൂമികയിലൂടെ സഞ്ചരിക്കാനിനിയും ബാക്കിയുണ്ട്. ബാക്കിയുണ്ടാകട്ടെ. കാഴ്സണെ വായിച്ചുകൊണ്ടേയിരിക്കാൻ കഴിയട്ടെ!
“To be running breathlessly, but not yet arrived, is itself delightful, a suspended moment of living hope.”
—from Eros the Bittersweet
Content Highlights: Canadian writer Anne Carson wins the 2026 Nobel Prize in Literature at age 76., Explores the emotional resonance and profound impact of Carson's poetry like 'Glass Essay' and 'Decreation'., Reflects on how literature provides comfort and meaning to lost or overwhelmed readers.
Published: 15 Oct 2026, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented