പ്രണയത്തിന് ഒരിക്കലും പ്രായമാകില്ല എന്നാണ് പൊതുവേ പറയാറ്. എന്നാല്‍ പ്രണയിക്കുന്നവര്‍ പലരും അധികകാലം കഴിയുംമുമ്പ് പിരിയുകയും സ്വന്തം പ്രണയത്തെ അകാല മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യാറുമുണ്ട്. എന്നാല്‍ മരണം വരെ നീളുന്ന ദീര്‍ഘകാല പ്രണയങ്ങളും നമുക്ക് ചുറ്റും ഒട്ടേറെയുണ്ട്. അത്തരത്തിലൊരു പ്രണയത്തിന്റെ കഥയാണ് ഇത്.
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംഭോറ ജഹാംഗീര്‍ ഗ്രാമത്തില്‍ നിന്നുള്ള നിവൃത്തി ഷിന്‍ഡേയും ജീവിതപങ്കാളി ശാന്താബായിയുമാണ് ഈ പ്രണയകഥയിലെ നായികാനായകന്മാര്‍. 93-കാരനായ നിവൃത്തി ഷിന്‍ഡേ അടുത്തിടെ ശാന്താബായിയുമായി ഛത്രപതി സാംഭാജി നഗറിലെ (ഔറംഗാബാദ്) ജ്വല്ലറിയിലെത്തി. തന്റെ പ്രിയതമയ്ക്ക് ഒരു താലിമാല (മംഗല്യസൂത്രം) വാങ്ങിക്കൊടുക്കാനായാണ് അദ്ദേഹം ജ്വല്ലറിയിലെത്തിയത്. വെള്ളനിറത്തിലുള്ള ദോത്തിയും കുര്‍ത്തയും ഒപ്പമൊരു തലപ്പാവുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.
ഇരുവരും വരുന്നത് കണ്ട ജ്വല്ലറിയിലെ ജീവനക്കാര്‍ ആദ്യം കരുതിയത് എന്തെങ്കിലും സഹായം ചോദിച്ച് വരുന്നതാകുമെന്നാണ്. എന്നാല്‍ ഭാര്യയ്ക്കായി പരമ്പരാഗതമായ മംഗല്യസൂത്രം വാങ്ങിക്കൊടുക്കാനാണ് നിവൃത്തി ഷിന്‍ഡേ എത്തിയത് എന്നറിഞ്ഞപ്പോള്‍ അത് ജീവനക്കാരുടെ ഹൃദയത്തെ സ്പര്‍ശിച്ചു, അറിയാതെ അവരുടെ കണ്ണ് നനഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ട് ജ്വല്ലറിയുടെ ഉടമയും അവിടെയുണ്ടായിരുന്നു. 93-ാം വയസിലും തന്റെ ജീവിതപങ്കാളിയോടുള്ള നിവൃത്തി ഷിന്‍ഡേയുടെ അഗാധമായ സ്‌നേഹം ജ്വല്ലറി ഉടമയെ ഏറെ ആകര്‍ഷിച്ചു. അത്ഭുതകരമായ കാര്യമാണ് പിന്നീട് അവിടെ നടന്നത്. ഷിന്‍ഡേയില്‍ നിന്ന് വെറും 20 രൂപ മാത്രം വാങ്ങിക്കൊണ്ട് ജ്വല്ലറി ഉടമ ആ നെക്ക്‌ലെയ്‌സ് അവര്‍ക്ക് സമ്മാനമായി നല്‍കി.
'അവര്‍ ഇരുവരും ജ്വല്ലറിയിലെത്തിയ ശേഷം ആ മനുഷ്യന്‍ 1120 രൂപ എന്റെ കയ്യില്‍ തന്നു. എന്നിട്ട് പറഞ്ഞു തന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്ന്. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം കണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ മതിമറന്നുപോയി. തുടര്‍ന്ന് അനുഗ്രഹമെന്നോണം അതില്‍നിന്ന് 20 രൂപ മാത്രം എടുത്ത് അവര്‍ ആവശ്യപ്പെട്ട മംഗല്യസൂത്രം ഞാനവര്‍ക്ക് നല്‍കി.' -ജ്വല്ലറി ഉടമ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ജ്വല്ലറിയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. കുറഞ്ഞ സമയം കൊണ്ട് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. രണ്ട് ദിവസം കൊണ്ട് 26 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. വീഡിയോ ഹൃദയസ്പർശിയാണെന്നും കണ്ട തങ്ങളുടെ കണ്ണ് നിറഞ്ഞുവെന്നുമെല്ലാമായി നൂറുകണക്കിന് കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ജ്വല്ലറി ഉടമ ചെയ്തതിനെ ഒട്ടേറെ പേർ അഭിനന്ദിക്കുകയും അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു.
ദമ്പതികളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചവര്‍ക്ക് ഇപ്പോഴും യൗവനയുക്തമായ അവരുടെ പ്രണയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. നിവൃത്തി ഷിന്‍ഡേയും ശാന്താബായിയും എല്ലായ്‌പ്പോഴും ഒന്നിച്ചാണ് യാത്രചെയ്യാറെന്ന് അവരുടെ ഗ്രാമവാസികള്‍ പറഞ്ഞു. പരസ്പരം താങ്ങായാണ് ഇപ്പോഴും ഇരുവരും ജീവിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ടെങ്കിലും അവനെ ആശ്രയിക്കാറില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കാനാണ് ഇരുവര്‍ക്കുമിഷ്ടം. യാത്രകളില്‍ അപരിചിതരായ നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണവും താമസസ്ഥലവും നല്‍കാറ്. നിലവില്‍ ആഷാദി ഏകാദശി ഉത്സവത്തിനായി പണ്ഢര്‍പുരിലേക്ക് കാല്‍നടയായി പോകുകയാണ് ഇരുവരും.
Content Highlights: 93-Year-Old's Love For His Wife And A Jewellery Shop's 'Priceless' Gesture | Watch Video
Published: 18 Jun 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented