
ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഉഷ എന്ന ഇന്ത്യന്‍ പോപ് ചക്രവര്‍ത്തിനിയുടെ പേരിനുപിന്നില്‍ ഉതുപ്പ് കൂടിച്ചേര്‍ന്നതിനുപിന്നില്‍ പ്രണയത്തിന്റെ രസകരമായ ഒരു കഥ കൂടിയുണ്ട്. 1969 ല്‍ കൊല്‍ക്കത്തയിലെ ട്രിന്‍കാസ് നൈറ്റ് ക്ലബില്‍ ഉഷ പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. അന്ന് ഉഷയുടെ ആദ്യഭര്‍ത്താവ് രാമുവും ഉഷയ്‌ക്കൊപ്പമുണ്ടായിരുന്നു.
ജീവിതകഥയിലുണ്ടായ ട്വിസ്റ്റിനെക്കുറിച്ച് വികാസ് ഝാ എഴുതിയ ഉഷ ഉതുപ്പിന്റെ ജീവചരിത്രപുസ്തകത്തില്‍ (ദ ക്വീന്‍ ഓഫ് ഇന്ത്യന്‍ പോപ്) പറയുന്നുണ്ട്. ട്രിന്‍കാസിലെ പരിപാടിക്കായി ഉഷ കരാറൊപ്പിട്ടിരുന്നു. ഹേര്‍പ് ആല്‍ബര്‍ട്ടിന്റെ എ ടേസ്റ്റ് ഓഫ് ഹണി പാടുന്നതിനിടെയാണ് ജാനിയെ ഉഷ ആദ്യമായി കാണുന്നത്. തുടര്‍ന്ന് രാമുവും ജാനിയും തമ്മില്‍ എന്തോ സംസാരിക്കുന്നതും ഉഷ കണ്ടു. കൊല്‍ക്കത്തയില്‍ ഭര്‍ത്താവിന് ഒരു സൗഹൃദമുണ്ടായതില്‍ ഉഷ മനസ്സാ സന്തോഷിച്ചു. അടുത്തദിവസം രാമുവിനെ ഭക്ഷണത്തിനായി ജാനി ക്ഷണിച്ചു. അന്ന് സന്ധ്യയ്ക്ക് ട്രിന്‍കാസില്‍ ജാനിയെ മാത്രമാണ് ഉഷ കണ്ടത്. രാമുവിനെ അവിടെയൊന്നും കണ്ടതുമില്ല. ഷോ കഴിഞ്ഞപ്പോള്‍ ജാനി ഉഷയ്ക്ക് കാറില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്തു. ആ ചെറിയ യാത്രക്കിടെ അവര്‍ തമ്മിലൊന്നും സംസാരിച്ചതുമില്ല.
വീട്ടിലെത്തി ഉഷ ഡോര്‍ ബെല്ലടിച്ചു, രാമു വാതില്‍ തുറക്കുകയും ചെയ്തു. ഉഷയുടെ പിന്നില്‍ ജാനിയെ കണ്ടതോടെ രാമു ആകെ വിളറിവെളുത്തു. ഉഷ വീട്ടിനുള്ളിലേക്ക് കയറിയയുടനെ കേട്ടത് രാമുവിന്റെ ശബ്ദമാണ്. ''മിസ്റ്റര്‍ ഉതുപ്പ് നിങ്ങള്‍ക്ക് പോകാം'', പക്ഷേ രാമുവിന്റെ ശബ്ദത്തിലെ അസ്വസ്ഥത എന്തു കാര്യത്തിനാണെന്ന് ഉഷയ്ക്ക് മനസ്സിലായില്ലെന്ന് പുസ്തകത്തില്‍ പറയുന്നു. സാധാരണഗതിയില്‍ ശാന്തനായി കാണുന്ന ഭര്‍ത്താവിനിതെന്തുപറ്റിയെന്ന് ഉഷ ചിന്തിക്കുന്നതിനിടെ രാമു വാതില്‍ വലിച്ചടച്ചു.
എന്തുപറ്റിയെന്നുള്ള ഉഷയുടെ ചോദ്യത്തിന് രാമുവിന്റെ മറുപടി ഒരാക്രോശമായിരുന്നു. ''ഉച്ചയ്ക്ക് ആ ചൈനീസ് റെസ്‌റ്റോറന്റില്‍വെച്ച് അയാള്‍ എന്താണ് പറഞ്ഞതെന്ന് നിനക്കറിയാമോ?, എനിക്ക് ഉഷയെക്കുറിച്ചോ അവരുടെ വികാരവിചാരങ്ങളെക്കുറിച്ചോ അറിയില്ല, പക്ഷേ നിങ്ങളുടെ ഭാര്യയോട് എനിക്ക് പ്രണയമാണ്'', രാമു ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. ''ഒകെ, അയാള്‍ അത് നിങ്ങളോട് പറഞ്ഞു, അതുകൊണ്ട് ഇപ്പോ എന്തു സംഭവിച്ചു, എന്നോട് ഇക്കാര്യം പറഞ്ഞില്ലല്ലോ'', ഉഷ ശാന്തമായി പറഞ്ഞു. ''ജാനി പറഞ്ഞത് നേരാണോ? നിനക്കും അയാളോട് പ്രണയമുണ്ടോ?'', രാമു ചോദിച്ചു. ''അതെ!'', ഭയമേതുമില്ലാതെ ഉഷ മറുപടി നല്‍കി.
ഉഷയുടെ മറുപടിയോട് രാമു പ്രതികരിച്ചത് നിലത്തേക്ക് ഒരു പ്ലേറ്റ് വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു. അന്ന് രാത്രി മുഴുവന്‍ ഉഷ കരഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഉഷയില്‍ നിന്ന് രാമു അകലം പാലിച്ചു, പരിപാടികള്‍ക്ക് ഒപ്പം പോകാതെയായി. അഞ്ച് വര്‍ഷം നീണ്ട വിവാഹജീവിതം അസന്തുഷ്ടിയും നിരാശയും നിറഞ്ഞതായി മാത്രം മാറിയതില്‍ ഉഷയ്ക്ക് ദുഃഖം തോന്നി. രാമുവുമായി പിരിയാനും ജാനിയെ വിവാഹം കഴിക്കാനും അങ്ങനെ ഉഷ തീരുമാനിച്ചു.
കോട്ടയം കളത്തിപ്പടി സ്വദേശിയാണ് ജാനി. 1971-ലാണ് ഇരുവരും വിവാഹിതരായത്. കൊല്‍ക്കത്തയില്‍നിന്ന് ജാനിക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ കൊച്ചിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. മക്കള്‍ ജനിച്ചതും ഇവിടെ വെച്ചായിരുന്നു. പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്കു പോയി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.
Content Highlights: When Usha Uthup's second husband Jani Chacko told her first husband I am in love with your wife
Published: 09 Jul 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented