എന്താണ് ജെൻസികൾക്കിടയിലെ ഈ ടാഗിങ്. ബന്ധങ്ങളിലെ ഓരോ സൂക്ഷ്മമായ വികാരങ്ങൾക്കും സന്ദർഭങ്ങൾക്കും ഇന്ന് അവർ പുതിയ വാക്കുകൾ നൽകി. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ രൂപപ്പെട്ട അവരുടെ ഡേറ്റിങ് നിഘണ്ടുവിലെ പുതിയ ചില പദങ്ങളിലൂടെ പുതിയതലമുറ ബന്ധങ്ങളെ ലളിതവത്കരിക്കുന്നു.

തിരുവനന്തപുരം : “മനസ്സുകളുടെ പൊരുത്തമാണ് അന്നത്തെ പ്രണയം. ഇന്നത് സാഹചര്യങ്ങളുടേതായി മാറി.” പ്രണയം പുഴപോലെ ഒഴുകിയ കാലത്തെക്കുറിച്ച് 50-കാരി സബിത ഓർത്തെടുത്തു. സുഹൃത്ത് കൃഷ്ണനെ വിവാഹം കഴിച്ച സബിതയുടെ സന്തോഷകരമായ ദാമ്പത്യം കാൽനൂറ്റാണ്ടിലേക്കടുക്കുകയാണ്.
‘ഈ ഫാമിലി സെറ്റപ്പൊന്നും നമുക്ക് പറ്റില്ല. പാർട്ണർ എങ്ങനെ എപ്പോൾ വേണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.” -അടുത്തിരുന്ന 20-കാരൻ നിഹാലിന്റെ വാക്കുകൾ പക്ഷേ, പുതുതലമുറയുടെ ശബ്ദമായിരുന്നു. കാലം മാറുമ്പോൾ ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങൾ രൂപപ്പെടുന്നു. പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച് ലിവിങ് ടുഗദറും ലിവ് ഇൻ റിലേഷൻഷിപ്പുമൊക്കെ പ്രചരിക്കുമ്പോൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബങ്ങൾ. അതുപോലെതന്നെ പ്രണയത്തിനു രഹസ്യാത്മകത നഷ്ടപ്പെടുന്നു. ബന്ധങ്ങൾ ചങ്ങല പൊട്ടിച്ചോടുന്നു.
‘നിയമത്തിന്റെ ചട്ടക്കൂടില്ലാതെ പരസ്പരം ജീവിക്കാം. മനസ്സിലാക്കാം. എപ്പോൾ വേണമെങ്കിലും പുറത്തുകടക്കാം. അവിടെ ചൂഷണം ഉണ്ടാകില്ല. പരസ്പരമുള്ള ബഹുമാനം മാത്രം’ -മാധ്യമപ്രവർത്തകയായ തന്റെ സുഹൃത്തിനൊപ്പം ലിവ് ഇൻ ടുഗദർ ബന്ധം തുടരുന്ന അജയ് പറഞ്ഞു. എന്നാൽ വിശ്വാസത്തിന് കോട്ടം സംഭവിച്ച് ഇത്തരക്കാർ വേർപിരിയുമ്പോൾ പരിഹാരം നിർദേശിക്കാനാവാതെ കുഴങ്ങുകയാണ് നിയമസംവിധാനം. അതുകൊണ്ടുതന്നെ ഈ ബന്ധങ്ങൾ തകരുമ്പോൾ നഷ്ടം സംഭവിക്കുക കൂടുതലും സ്ത്രീകൾക്കാണ്.
വീട്ടുകാരുടെ ആശീർവാദത്തോടെ നടക്കുന്ന വിവാഹങ്ങളിലും മുൻകാലങ്ങളിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ മാറിയിട്ടുണ്ട്. ആളുകളെ തിരഞ്ഞെടുക്കുന്നതിൽ പരസ്പരധാരണയും വിശ്വാസവുമാണ് മറ്റെന്തിനേക്കാളും പരിഗണിക്കുന്നത്. അനുയോജ്യമായ ആളെ കണ്ടെത്തുന്നതുവരെ എത്ര കാത്തിരിക്കാനും ഇന്നത്തെ യുവത്വം തയ്യാറാണ്. അതുകൊണ്ടാണ് ശരാശരി വിവാഹപ്രായം ഇന്ന് മുകളിലേക്കുയരുന്നത്.
വിവാഹസങ്കല്പങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിനടന്ന സംരംഭകയും സാഹിത്യപ്രവർത്തകയുമായ ഊർമിള അഗസ്ത്യ തന്റെ തീരുമാനം മാറ്റിയത് 30-ാം വയസ്സിലാണ്. ‘എന്റെ ആഗ്രഹങ്ങൾക്ക് ഒപ്പംനിൽക്കുന്ന ഒരു പങ്കാളി വേണമെന്നുള്ളത് എനിക്ക് നിർബന്ധമായിരുന്നു. സ്വാതന്ത്ര്യം മറ്റൊരാൾ തരേണ്ടതല്ലെന്ന തിരിച്ചറിവ് പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും എനിക്കുണ്ടായിരുന്നു. പരസ്പര ബഹുമാനവും പരിഗണനയും സ്നേഹവും പ്രോത്സാഹനവും കിട്ടുന്ന ഒരാളെയാണ് ഞാൻ അന്വേഷിച്ചത്. സുഹൃത്തായി തുടരുന്ന പങ്കാളിയെ കിട്ടിയതിൽ സന്തോഷം. പരസ്പരം തുറന്നു സംസാരിക്കുവാനും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാനും ഇരുവർക്കും സാധിക്കണം. ഒപ്പം നമ്മുടേത് മാത്രമായ സ്വകാര്യതകൾ സൂക്ഷിക്കുകയും വേണം’ - ഊർമിള അഗസ്ത്യ ചൂണ്ടിക്കാട്ടുന്നു. ദാമ്പത്യത്തിന്റെ ചട്ടക്കൂടുകളിൽനിന്നുകൊണ്ടു കൂടുതൽ പരസ്പരസ്വാതന്ത്ര്യം പങ്കാളികൾ ഇന്ന് ആസ്വദിക്കുന്നുമുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ലോകത്ത് പ്രണയബന്ധങ്ങളും ഡേറ്റിങ്ങുമെല്ലാം ജെൻസി തലമുറ പുതിയ വാക്കുകളിലൂടെയും ശൈലികളിലൂടെയും പൊളിച്ചെഴുതുകയാണ്. പതിനെട്ടുകാരിയായ ഐറിന് വിവാഹമെന്ന പരമ്പരാഗത വ്യവസ്ഥയോടു വിയോജിപ്പാണ്. ‘ബന്ധങ്ങൾക്ക് സമൂഹം കൽപ്പിച്ചിരിക്കുന്ന നിർവചനമാണ് വിവാഹം. എനിക്കതിൽ വിശ്വാസമില്ല. ബന്ധങ്ങൾക്ക് കൃത്യമായ ടാഗ് കിട്ടിയാൽ ഞാൻ അതിൽ തുടരും.’
തുറന്ന സംഭാഷണം വേണം
‘തലമുറകളുടെയും സാമൂഹികമൂല്യങ്ങളുടെയും മാറ്റം ജെൻസി ബന്ധങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും വൈകാരിക പരീക്ഷണത്തിനുള്ള അവസരവുമാണ് ഇതിനുള്ള കാരണം. വ്യക്തമായ അതിരുകളുടെ അഭാവം പലപ്പോഴും ആശയക്കുഴപ്പത്തിനും സുരക്ഷിതമില്ലായ്മയ്ക്കും കാരണമാകാം. പങ്കാളികൾ തമ്മിലുള്ള തുറന്ന സംഭാഷണങ്ങൾ ആരോഗ്യകരമായ ബന്ധങ്ങൾക്ക് വഴിയൊരുക്കും. പുതുതലമുറ അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ്. നീതി ലഭിക്കാത്ത ഇടങ്ങളിൽനിന്ന് ഇറങ്ങിപ്പോകാനുള്ള സാമ്പത്തികസ്വാതന്ത്ര്യം അവർക്കുണ്ട്. വ്യത്യസ്ത ചുറ്റുപാടുകളിൽനിന്നുള്ളവർ ഒന്നിച്ച് ജീവിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം. സ്വയം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. പരസ്പര ബഹുമാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ സാധിച്ചാൽ ബന്ധങ്ങളിൽ തുടരാം. കടമകളിൽ കുടുങ്ങിക്കിടന്നു സ്വന്തം ജീവിതം നശിപ്പിക്കേണ്ടതില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഉതകുന്ന പരിശീലന പരിപാടികൾ യുവജനങ്ങൾക്കു ലഭിക്കണം. കുടുംബവ്യവസ്ഥിതിക്ക് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അമിതസ്വാതന്ത്ര്യം സാമൂഹികപ്രശ്നങ്ങൾ വർധിപ്പിക്കും. ഇവയ്ക്ക് രണ്ടിനുമിടയിൽ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടത് ആവശ്യമാണ്.”
-ഡോ. സീമ പി. ഉത്തമൻ
അസിസ്റ്റന്റ് പ്രൊഫസർ സൈക്യാട്രിക്
സോഷ്യൽവർക്ക് വിഭാഗം, ഇംഹാൻസ്,
കോഴിക്കോട്.
ജൻസിയുടെ ഡേറ്റിങ് നിഘണ്ടുവിലെ ചില രസകരമായ പദങ്ങൾ പരിചയപ്പെടാം
ഓർബിറ്റിങ്
സോഷ്യൽ മീഡിയയിൽ നിങ്ങളുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, സ്റ്റോറികൾ കാണുക, കമന്റുകൾ ഇടുക തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായി ചെയ്യുന്നതാണിത്
ലവ് ബോംബിങ്
ഒരു ബന്ധത്തിന്റെ തുടക്കത്തിൽ, പങ്കാളിയെ അമിതമായി സ്നേഹിക്കുന്ന രീതിയാണിത്. പങ്കാളി ബന്ധത്തിൽ അടിമപ്പെട്ടാൽ ഇത്തരക്കാർ വിട്ടുമാറുകയും വൈകാരികമായി ചൂഷണം ചെയ്യുകയും ചെയ്യും.
സോഫ്റ്റ് ലോഞ്ചിങ്
ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ, ആളുകൾക്ക് ഊഹിക്കാൻ കഴിയുന്ന വിധത്തിൽ സാമൂഹികമാധ്യമത്തിൽ സൂചന നൽകുന്ന രീതി.
ഫേക്കപ്സ്
പങ്കാളിയുടെ വിശ്വസ്തതയും പ്രതിബദ്ധതയും മനസ്സിലാക്കുന്നതിനുവേണ്ടി സാങ്കൽപ്പികമായി വേർപിരിയുന്ന രീതിയാണ് ഫേക്കപ്പ്.
കമിലീയണിങ്
പങ്കാളിയെ ആകർഷിക്കുന്നതിനുവേണ്ടി ഒരാളുടെ വ്യക്തിത്വവും താത്പര്യങ്ങളും പൂർണമായും മാറ്റി പ്രകടിപ്പിക്കുന്ന രീതിയാണിത്.
ഗോസ്റ്റിങ് ആൻഡ് സോംബിയിങ്
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരാളുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷനാകുന്നതാണ് ‘ഗോസ്റ്റിങ്’. അതിന്റെ പുതിയ പതിപ്പാണ് സോംബിയിങ്. മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് യാതൊരു വിശദീകരണവുമില്ലാതെ മെസേജ് അയച്ചോ സോഷ്യൽ മീഡിയയിൽ ലൈക്ക് അടിച്ചോ ബന്ധത്തിലേക്ക് തിരികെവരാൻ ശ്രമിക്കുന്നതാണിത്.
സിറ്റുവേഷൻഷിപ്പ്
പ്രണയത്തിനും സൗഹൃദത്തിനും ഇടയിലുള്ള അവസ്ഥ.
ഡെല്യൂഷൻഷിപ്പ്
പ്രണയബന്ധത്തിൽപ്പെട്ട രണ്ടുപേർ പരസ്പരം മിഥ്യാധാരണകളും പ്രതീക്ഷകളും വെച്ചുപുലർത്തുന്ന അവസ്ഥ.
Content Highlights: Explore evolving relationship dynamics, from traditional love to modern living arrangements and dating trends.
Published: 07 Jan 2026, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented