
മലയാള സിനിമയിലെ താരജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. 2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞിന്റേ പേര്.
ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡ് ബബ്ള് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ പ്രണയകഥ പറഞ്ഞത്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയവിവാഹമായിരുന്നു തന്റേതെന്ന് ദുല്‍ഖര്‍ പറയുന്നു.
സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്താണ് ദുല്‍ഖറും അമാലും സുഹൃത്തുക്കളാകുന്നത്. രണ്ടു പേരും പഠിച്ചിരുന്നത് ഒരേ സ്കൂളിലായിരുന്നു. അമാല്‍ ദുല്‍ഖറിനേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായിരുന്നു. ദുല്‍ഖര്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അമാല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. അന്ന് ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും പിന്നീട് അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വന്നശേഷമാണ് അമാലുമായുള്ള കൂടിക്കാഴ്ചയെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നു.
'കുടുംബത്തില്‍ ഒരു പ്രായമാകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ കുടുംബജീവിതം തുടങ്ങണമമെന്ന് പറയും. ഒന്നെങ്കില്‍ കുട്ടിയെ നമ്മള് കണ്ടിപിടിക്കണം. അതല്ലെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആകും. എന്നാല്‍ എനിക്ക് അറേഞ്ച്ഡ് മാര്യേജിനോട് താത്പര്യമില്ലായിരുന്നു. ഒരു പെണ്‍കുട്ടിയെ ആദ്യമായി പോയി കണ്ടിട്ട് അവരെ സ്വീകരിക്കാനോ നിഷേധിക്കാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് വിവാഹാലോചന ഒന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെയിരിക്കയൊണ് അമാലിനെ വീണ്ടും ചെന്നൈയില്‍വെച്ച് കണ്ടുമുട്ടുന്നത്. അപ്രതീക്ഷിതമായി അവള് എന്റെ മുന്നില്‍ വന്നുപെട്ടു. അതിനുമുമ്പ് ഞാന്‍ അധികം അവളെ കണ്ടിട്ടേയില്ലായിരുന്നു. ഒരു സിനിമ കാണാന്‍ പോയാല്‍ അമാല്‍ അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ അമാലിനോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നല്‍. അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്.
അങ്ങനെ ഒരിക്കല്‍ അവള്‍ക്ക് ഞാന്‍ ഫെയ്സ്ബുക്കില്‍ മെസ്സേജ് അയച്ചു. 'ഞാന്‍ നിന്റെ സ്കൂളിലെ സീനിയറാണ്, നിനക്ക് ഓര്‍മയുണ്ടോ എന്നറിയില്ല' എന്ന് പറഞ്ഞു. കുറച്ചു ദിവസം സംസാരിച്ചപ്പോള്‍ പുറത്തുവെച്ച് നേരിട്ട് കാണാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. രണ്ട് സ്കൂള്‍ സുഹൃത്തുക്കള്‍ ഒരു കാപ്പി കുടിക്കാന്‍ ഒരുമിച്ച് പോകുന്നു എന്നേ കരുതിയുള്ളു. അതിനുശേഷം ഞങ്ങള്‍ പോണ്ടിച്ചേരിയിലേക്ക് ഒരുമിച്ച് ഒരു യാത്ര പോയി. പരസ്പരം കൂടുതല്‍ മനസിലാക്കി. ഇരുവീട്ടുകാരോടും കാര്യങ്ങള്‍ അവതരിപ്പിക്കുകയും അവര്‍ വിവാഹവുമായി മുന്നോട്ടുപോകുകയും ചെയ്തു.' ദുല്‍ഖര്‍ പറയുന്നു.
Content Highlights: dulquer salmaan talks about love story with his wife amal sufiya
Published: 24 Aug 2023, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented