ബ്രിട്ടീഷ് രാജകുടുംബത്തെയൊന്നാകെ പിടിച്ചുലച്ച പ്രണയവും വിവാഹവുമായിരുന്നു ഹാരി രാജകുമാരന്റേയും ഹോളിവുഡ് താരം മേഗന്‍ മെര്‍ക്കലിന്റേയും. രാജകീയ പാരമ്പര്യമോ രാജരക്തമോ ഇല്ലാത്ത, മാതാവ് കറുത്ത വംശജയായ, ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ള മേഗനെ ബക്കിങ്ഹാം കൊട്ടാരത്തിലെ മരുമകളായി വരവേല്‍ക്കാന്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഹാരിക്ക് പ്രണയിക്കാനും പങ്കാളിയാക്കാനും വേറെ ആരേയും കിട്ടിയില്ലേ എന്ന് കൊട്ടാരത്തിലെ ജോലിക്കാര്‍ വരെ മുറുമുറുത്തു. 

To advertise here,

മേഗന്റെ രണ്ടാം വിവാഹമാണ് എന്നതും ഹാരിയേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് എന്നതും ഇരുവരും തമ്മിലുള്ള അന്തരങ്ങളുടെ പട്ടികയുടെ നീളംകൂട്ടി. എന്നാല്‍ ഹാരിയും മേഗനും തമ്മിലുള്ള പ്രണയത്തില്‍ ഈ എതിര്‍പ്പുകളെല്ലാം അപ്പൂപ്പന്‍താടികള്‍ പോലെ പറന്നുപോയി. ഒടുവില്‍ പ്രതിസന്ധികളുടെ കടല്‍ താണ്ടി ഇരുവരും 2018 മെയ് 19-ന് വിവാഹജീവിതത്തിന്റെ തീരം തൊട്ടു.

സിനിമാക്കഥ പോലെ

രാജകുടുംബത്തില്‍ പിറന്നതുകൊണ്ടുതന്നെ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് ഹാരി രാജകുമാരന്‍ വളര്‍ന്നത്. എന്നാല്‍ നടിയും മോഡലുമാകുന്നതിന് മുമ്പ് കയ്പും കണ്ണീരും മാത്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു മേഗന്റേത്. ആഫ്രിക്കന്‍ വംശജയായ ഡോറിയ റാഗ്ലാന്റിന്റേയും അമേരിക്കന്‍ വംശജനായ തോമസ് മെര്‍ക്കല്‍ സീനിയറിന്റേയും മകളായി ലോസ് ആഞ്ജലീസിൽ ജനനം.

മാതാപിതാക്കളുടെ തണലില്‍ കഴിയാന്‍ ആറു വര്‍ഷമേ മേഗന് ഭാഗ്യമുണ്ടായുള്ളൂ. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അത് മേഗന്റെ ജീവിതത്തേയും ബാധിച്ചു. പിന്നീട് അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ ലൈറ്റിങ് ഡയറക്ടറും ഛായാഗ്രാഹകനുമായിരുന്ന അച്ഛൻ തോമസായിരുന്നു അവരുടെ വരുമാനത്തിന്റെ സ്രോതസ്. എന്നാല്‍ അത് മുറിച്ചുമാറ്റപ്പെട്ടതോടെ മേഗനും അമ്മയും കഷ്ടപ്പാടിന്റെ കാട്ടിനുള്ളില്‍പെട്ടു. അച്ഛന്റെ മറ്റൊരു വിവാഹത്തിലെ രണ്ട് സഹോദരങ്ങള്‍ കിലോമീറ്ററുകള്‍ മാത്രം അകലെയുണ്ടായിരുന്നെങ്കിലും അവരുടെ അടുത്ത് സഹായം ചോദിച്ചുപോകാന്‍ ദുരഭിമാനം മേഗനെ സമ്മതിച്ചില്ല.

placeholder
.
ഹാരിയും മേഗനും | Photo: AP

ടീനേജ് പ്രായം കടന്നതോടെ പതുക്കെ മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും മേഗന്‍ ചുവടുവെച്ചു തുടങ്ങി. ഇതിനിടയില്‍ ഒരു ടെലിവിഷന്‍ പരസ്യത്തിലെ ലിംഗവിവേചനത്തിനെതിരേ രംഗത്തുവന്ന് അവര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡിഷ് വാഷ് സോപ്പിന്റെ പരസ്യം ലിംഗസമത്വത്തിന് എതിരാണെന്ന് വ്യക്തമാക്കി ആ കമ്പനിക്ക് മേഗന്‍ കത്തയച്ചു. അന്ന് 11 വയസായിരുന്നു പ്രായം. മേഗന്റെ അഭിപ്രായം ഗൗരവത്തിലെടുത്ത കമ്പനി മൂന്നു മാസത്തിനുള്ളില്‍ പരസ്യം മാറ്റി ചിത്രീകരിക്കുകയും ചെയ്തു.

ചെറിയ ടെലിവിഷന്‍ ഷോകളിലും പരസ്യങ്ങളിലും മേഗന്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍,  മാതാപിതാക്കളുടെ വംശപാരമ്പര്യത്തിലുള്ള വ്യത്യാസം ജീവിതത്തിലുടനീളം അവരെ പിന്തുടര്‍ന്നു. കറുപ്പിനും വെളുപ്പിനുമിടയിലെ മേഗന്റെ നിറം എല്ലായിടത്തും ചോദ്യം ചെയ്യപ്പെട്ടു. കറുത്ത വര്‍ഗക്കാരിയായി അഭിനയിക്കാന്‍ വേണ്ട കറുപ്പ് നിറമോ വെളുത്തവര്‍ഗക്കാരിക്ക് വേണ്ട വെളുപ്പ് നിറമോ ഇല്ലാത്തത് കാരണം പല കഥാപാത്രങ്ങളും മേഗന് നിഷേധിക്കപ്പെട്ടു. പ്രതിഫലം കുറഞ്ഞുപോയതോടെ ഫ്രീലാന്‍സായി കാലിഗ്രാഫിയും മേഗന്‍ ചെയ്തുതുടങ്ങി. ഇതിനിടയില്‍ 2003-ല്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.

ട്രവര്‍ എംഗ്ലേല്‍സനുമായുള്ള വിവാഹം

ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന കാലത്താണ് പ്രൊഡ്യൂസറായ ട്രവര്‍ എംഗ്ലേല്‍സനുമായുള്ള മേഗന്റെ പ്രണയം തുടങ്ങുന്നത്. ഒമ്പത് വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ 2011 സെപ്റ്റംബര്‍ പത്തിന് ഇരുവരും വിവാഹിതരായി. ജമൈക്കയില്‍ നടന്ന ആഡംബരം നിറഞ്ഞ ബീച്ച് വെഡ്ഡിങ്ങിലൂടേയാണ് ഇരുവരും ഒന്നിച്ചത്. അച്ഛന്‍ തോമസിന്റെ കൈപിടിച്ച്, വെള്ള ഗൗണ്‍ അണിഞ്ഞ്, ഒരു രാജകുമാരിയെപ്പോലെ ട്രവറിന് അടുത്തേക്ക് മേഗന്‍ നടന്നുവന്നു. വിവാഹത്തിനുശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നാല് ദിവസം നീണ്ട കോക്ക്‌ടെയ്ല്‍ പാര്‍ട്ടിയും നടത്തി.

എന്നാല്‍ ഈ സ്വപ്ന വിവാഹത്തിന് മൂന്നു വര്‍ഷത്തെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളു. 2013 ഓഗസ്റ്റില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ലോകത്തിന്റെ രണ്ട് ഭാഗങ്ങളിലെ ജീവിതം മടുത്തതിനെ തുടര്‍ന്ന് ഇരുവരും രണ്ട് വഴി തിരഞ്ഞെടുക്കുകയായിരുന്നു. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ പ്രൊഡ്യൂസറായതിനാല്‍ ട്രവറിന് ലോസ് ആഞ്ജലീസിൽ നിന്ന് മാറിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ അഭിനയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാകാനുള്ള ഒരുക്കത്തിലായിരുന്നു ആ സമയത്ത് മേഗന്‍. സ്യൂട്ട്സ് എന്ന സീരീസില്‍ അഭിനയിക്കാന്‍ അവര്‍ കാനഡയിലെ ടൊറൊന്റോയിലേക്ക് പറന്നു.

placeholder
.
ട്രവര്‍ എംഗ്ലേല്‍സനും മേഗനും | Photo: getty images

ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങി. ലോസ് ആഞ്ജലീസിൽ  നിന്ന് ടൊറൊന്റോയിലേക്കുള്ള അഞ്ച് മണിക്കൂര്‍ വിമാനയാത്ര രണ്ടുപേരേയും മടുപ്പിച്ചു. സ്യൂട്ട്സിന്റെ ഏഴ് സീസണുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പെ മേഗനും ട്രവറും വഴിപിരിഞ്ഞിരുന്നു.

ഫസ്റ്റ് സൈറ്റ് അറ്റ് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ വെറുതേ സ്‌ക്രോള്‍ ചെയ്തു പോകുന്നതിനിടയിലാണ് മേഗനെ ആദ്യമായി ഹാരി കാണുന്നത്. ഒരു സുഹൃത്തിനൊപ്പമുള്ള മേഗന്റെ വീഡിയോയായിരുന്നു അത്. ആ സുഹൃത്തിനെ ഹാരിക്കും പരിചയമുണ്ടായിരുന്നു. വീഡിയോ കണ്ടതോടെ മേഗന്‍ ആരാണെന്ന് അറിയാന്‍ ഹാരിക്ക് ആകാംക്ഷയായി. ഒട്ടും സമയം പാഴാക്കാതെ സുഹൃത്തിനെ വിളിച്ച് വീഡിയോയില്‍ കൂടെയുള്ള പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു. അവരുടെ പേര് മേഗനാണെന്നും നടിയും മോഡലുമാണെന്നുമെല്ലാം സുഹൃത്ത് ഹാരിക്ക് പറഞ്ഞുകൊടുത്തു. ഇതിനിടയില്‍ ഹാരി മേഗന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും കണ്ണോടിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും സുഹൃത്ത് പറയുന്നതുവരെ മേഗന്‍ അറിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് രാജകുമാരനായ ഹാരി തന്നെ കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിച്ചിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ മേഗന്‍ അമ്പരന്നുപോയി. തന്നെ കാണാന്‍ ഹാരിക്ക് ആഗ്രഹമുണ്ടെന്നും സുഹൃത്ത് അറിയിച്ചതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി മേഗന്‍.

ഒടുവില്‍ സുഹൃത്ത് വഴി ഹാരിയെ പരിചയപ്പെടാന്‍ മേഗന്‍ തീരുമാനിച്ചു. 2016 ജൂലായില്‍ ഇരുവരും ഒരു മേശയ്ക്ക് ഇരുവശവും ആദ്യമായി ഇരുന്നു. ഒരു ഡ്രിങ്കിലൂടെയായിരുന്നു തുടക്കം. ആദ്യ കൂടിക്കാഴ്ച്ചയില്‍തന്നെ രണ്ടുപേരും ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അടുത്ത ദിവസങ്ങളിലും നമുക്ക് ഒരുമിച്ച് കറങ്ങി നടന്നാലോ എന്ന് ഹാരി ചോദിച്ചു. പെട്ടെന്ന് 'യെസ്' പറയാനാണ് മേഗന് തോന്നിയത്. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് അതിന്റെ ഗൗരവം മേഗന്‍ ആലോചിക്കുന്നത്.

placeholder
.
മേഗനും ഹാരിയും | Photo: AP

ട്രവറുമായുള്ള വിവാഹമോചനത്തിന്റെ വേദനയില്‍ നിന്ന് മേഗന്‍ പുറത്തുകടക്കുന്ന സമയമായിരുന്നു അത്. ആ വേര്‍പിരിയല്‍ കഴിഞ്ഞിട്ട് രണ്ട് വര്‍ഷം മാത്രമേ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളൂ. വീണ്ടുമൊരു പ്രണയത്തെ കുറിച്ച് മേഗന് ആലോചിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല. പക്ഷേ ഹാരിയോട് സമ്മതം പറഞ്ഞതിനാല്‍ തൊട്ടടുത്ത ദിവസങ്ങളിലും അദ്ദേഹത്തെ കാണാന്‍ മേഗന്‍ പോയി. ഒരു സുഹൃത്തുക്കളെപ്പോലെ ഇരുവരും തുറന്നു സംസാരിച്ചു. ചായ കുടിച്ച് പിരിഞ്ഞു.

ബോട്‌സ്വാനയിലെ രാത്രികള്‍

ഹാരിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബോട്‌സ്വാന. ഒരു ദിവസം ഹാരി മേഗനെ ബോട്‌സ്വാനയിലേക്ക് ക്ഷണിച്ചു. അവിടെ നക്ഷത്രങ്ങള്‍ താഴെ ഒരു ടെന്റില്‍ കുറച്ച് ദിവസം ചെലവഴിക്കാനായിരുന്നു ഹാരിയുടെ പദ്ധതി. മേഗനും ഒരു യാത്ര ആഗ്രഹിച്ചിരുന്ന സമയമായിരുന്നു അത്. അങ്ങനെ ഇരുവരും ബോട്‌സ്വാനയിലേക്ക് പറന്നു. അവിടെ അഞ്ച് ദിവസങ്ങള്‍ ചെലവഴിച്ചു. പരസ്പരം മനസിലാക്കി. തുറന്ന് സംസാരിച്ചു. ജീവിതത്തില്‍ താന്‍ അനുഭവിച്ച വേദനയും അപമാനവുമെല്ലാം മേഗന്‍ ഹാരിയുമായി പങ്കുവെച്ചു. ഇരുവരുടേയും ജീവിതത്തിലെ നിര്‍ണായകമായ ദിവസങ്ങളായിരുന്നു അത്. മേഗനായിരിക്കും തന്റെ ജീവിതപങ്കാളിയെന്ന് ഹാരി ഉറപ്പിച്ചതും ബോട്‌സ്വാനയിലെ ആ രാത്രികളിലൊന്നിലായിരുന്നു.

2016 ഒക്ടോബറിലാണ് ഹാരിയും മേഗനും തമ്മിലുള്ള പ്രണയം ലോകമറിഞ്ഞത്. മേഗനൊപ്പം ഹാലോവീന്‍ ആഘോഷിക്കാന്‍ ടൊറന്റോയില്‍ എത്തിയതായിരുന്നു ഹാരി. കൂടെ കസിന്‍ യൂജെനിയും അവരുടെ ഭര്‍ത്താവ് ജാക്കുമുണ്ടായിരുന്നു. അപ്പോകാലിപ്‌സ് തീമില്‍ വസ്ത്രം ധരിച്ച് നാല് പേരും ഹാലോവീന്‍ പാര്‍ട്ടിക്കെത്തി. എന്നാല്‍, പാപ്പരാസികള്‍ ഹാരിയെ തിരിച്ചറിഞ്ഞു. പിറ്റേന്ന് ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ഹാരിയും മേഗനും തമ്മിലുള്ള പ്രണയമായിരുന്നു.

ഇതിന് പിന്നാലെ ഹാരിയുടെ സുഹൃത്തിന്റെ വാക്കുകള്‍ ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. മേഗനുമായുള്ള ബന്ധം ഹാരി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സുഹൃത്ത് വെളിപ്പെടുത്തി. രണ്ട് പേരും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സാമ്യമുണ്ടെന്നും അതിനാല്‍ ഒരുമിച്ചുള്ള ജീവിതം മനോഹരമായിരിക്കുമെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. 

placeholder
.
മേഗനും ഹാരിയും രാജകുടുംബത്തോടൊപ്പം | Photo:AP

2016 നവംബറില്‍ മേഗനുമായുള്ള പ്രണയം ഹാരിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇരുവരും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നോര്‍ത്തേണ്‍ ലൈറ്റ്‌സിലേക്ക് ഇരുവരും നടത്തിയ യാത്രയും വാര്‍ത്തയായി. 

പ്രൊപ്പോസലും വിവാഹനിശ്ചയവും

ഹാരിയും മേഗനും തമ്മിലുള്ള പ്രണയം പരസ്യമായതോടെ ബ്രിട്ടീഷ് രാജകുടുംബത്തിലും അതിന്റെ അലയൊലികള്‍ ചെന്നെത്തി. മേഗനെ ഭാര്യയായി ഹാരി തിരഞ്ഞെടുത്തത് ആദ്യം ആര്‍ക്കും അത്ര ദഹിച്ചിരുന്നില്ല. രാജകുടുംബത്തിന്റെ പാരമ്പര്യത്തിനും അഭിമാനത്തിനും കോട്ടംവരുത്തുന്ന ബന്ധമാണ് ഹാരിയുടേതെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എന്നാല്‍, പുറത്ത് നിന്നുള്ള സമ്മര്‍ദങ്ങളൊന്നും ഹാരിയുടെ മനസ് മാറ്റിയില്ല. മേഗനുമായുള്ള ഹാരിയുടെ ബന്ധം അത്രത്തോളം ആഴത്തിലുള്ളതായിരുന്നു. കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മയുടെ സ്‌നേഹം ഹാരിക്ക് തിരിച്ചുകിട്ടിയത് പോലും മേഗനിലൂടെയാണ്.

ഹാരിയുടെ വാശിക്ക് ഒടുവില്‍ രാജകുടുംബം വഴങ്ങി. അങ്ങനെ മേഗനുമായുള്ള കൂടിക്കാഴ്ച്ചക്ക് എലിസബത്ത് രാജ്ഞി സമ്മതം മൂളി. അങ്ങനെ ഒക്​ടോബർ 19-ന് മേഗനും ഹാരിയും എലിസബത്ത് രാജ്ഞിയ്‌ക്കൊപ്പം ഒരു മേശയ്ക്ക് ഇരുവശവും ഇരുന്നു. ആ കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ഒരു മാസത്തിനുശേഷം ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞു. ഒരു ദിവസം രാത്രി വീട്ടില്‍വെച്ചാണ് ഹാരി മേഗനെ പ്രൊപ്പോസ് ചെയ്തത്. ആ സമയത്ത് മേഗന്‍ ചിക്കന്‍ വിഭവമുണ്ടാക്കുകയായിരുന്നു. അടുക്കളയിലെത്തിയ ഹാരി മുട്ടുകുത്തി നിന്ന് മേഗന് നേരെ മോതിരം നീട്ടി. 'ഇപ്പോള്‍ യെസ് പറയണോ' എന്ന അവസ്ഥയിലായിരുന്നു മേഗന്‍. ഒരിക്കലും അങ്ങനെ ഒരു പ്രൊപ്പോസല്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. 

placeholder
.
മേഗനെ പ്രൊപ്പോസ് ചെയ്ത് ഹാരി അണിയിച്ച മോതിരം | Photo: AP

മേഗന് ഹാരി അണിയിച്ച മോതിരത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഇരുവരുടേയും പ്രണയത്തിന്റെ അടയാളമായ ബോട്‌സ്വാനയില്‍ നിന്നുള്ള വജ്രമാണ് ആ മോതിരത്തിന്റെ മധ്യത്തില്‍ ഉപയോഗിച്ചത്. അതിന് ചുറ്റുമുള്ള രണ്ട് ഡയമണ്ടുകള്‍ ഹാരിയുടെ അമ്മ ഡയാനയുടെ കളക്ഷനില്‍ നിന്നുള്ളതായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷം ഹാരിയും മേഗനും നോട്ടിങ്ഹാം കോട്ടേജിലേക്ക് താമസം മാറുകയും ചെയ്തു. 

ആഡംബരം നിറഞ്ഞ വിവാഹം

2018 മെയ് 19-ന് എല്ലാവരുടേയും അനുഗ്രഹത്തോടെ ഹാരിയും മേഗനും ഒന്നിച്ചു. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലായിരുന്നു ചടങ്ങുകള്‍. വൈദികന്റെ പ്രാര്‍ഥനയ്ക്ക് ശേഷം ഇരുവരും വിവാഹമോതിരം കൈമാറി. അലങ്കാരപ്പൂക്കളുള്ള മുഖപടം നീക്കി ഹാരി മേഗന്റെ കണ്ണുകളിലേക്ക് നോക്കി. ചാപ്പലിന്റെ പടവുകളില്‍ നിന്ന് ആചാരപ്രകാരം ചുംബിച്ചു. ആകാശവും ജനസാഗരവും സാക്ഷിയായി.

ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന മേഗന്റെ പിതാവ് തോമസിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജാവാണ് പുതിയ മരുമകളെ ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്ക് മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. ബ്രിട്ടീഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വെള്ള ഗൗണില്‍ മേഗന്‍ അതിമനോഹരിയായിരുന്നു. അഞ്ച് മീറ്റര്‍ നീളമുള്ള മുഖപടത്തില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള പൂക്കളുടെ അലങ്കാരപ്പണി ചെയ്തിരുന്നു. മേരി രാജ്ഞിയുടെ വജ്രം പതിപ്പിച്ച ടിയാറയാണ് മേഗന്‍ തലയിലണിഞ്ഞത്. വിവാഹവേളയില്‍ അണിയാന്‍ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയാണ് ഇത് ടിയാറ മേഗന് സമ്മാനിച്ചത്.

പ്രശസ്തരുടെ വന്‍നിരയാണ് വിവാഹത്തിന് സാക്ഷികളായത്. ഓപ്ര വിന്‍ഫ്രി, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യയും പോപ് താരവുമായ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്ല്യംസ്, നടി പ്രിയങ്ക ചോപ്ര തുടങ്ങി സെലിബ്രിറ്റികളുടെ ഒരു നീണ്ട പട്ടിക തന്നെ വിവാഹത്തിനുണ്ടായിരുന്നു. 

placeholder
.
വിവാഹദിനത്തില്‍ മേഗനും ഹാരിയും | Photo: AP

റോയല്‍ സ്ട്രഗിൾ

വിവാഹത്തിന് പിന്നാലെ ഹാരിക്കൊപ്പം മേഗനും രാജകുടുംബത്തിന്റെ ഭാഗമായി. സസക്‌സ് പ്രഭു, സസക്‌സ് പ്രഭ്വി എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചു. എന്നാല്‍ 'പുറത്തു നിന്നുള്ള വ്യക്തി' എന്ന ലേബല്‍ മേഗനില്‍ നിന്ന് മാറ്റപ്പെട്ടില്ല. രാജകൊട്ടാരത്തിനുള്ളിലും അവഗണനയിലൂടേയും അപമാനത്തിലൂടേയും കടന്നുപോയതായി മേഗന്‍ വെളിപ്പെടുത്തി. ഹാരിയും മേഗനും ഓപ്ര വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തിലും ഹാരി എഴുതിയ സ്‌പെയര്‍ എന്ന ആത്മകഥയിലും രാജകുടുംബത്തിനെതിരായ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം മേഗന്‍ ഗര്‍ഭിണിയായതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കറുത്ത വംശജയായ അമ്മയുടെ മകള്‍ക്ക് ജനിക്കുന്ന കുഞ്ഞിന്റെ നിറം കറുപ്പാകുമോ എന്ന ഭീതിയുടെ അന്തരീക്ഷം കൊട്ടാരം മുഴുവന്‍ നിറഞ്ഞുനിന്നിരുന്നുവെന്നും മാനസികസംഘര്‍ഷങ്ങളുടെ കുത്തൊഴുക്കിലൂടെയാണ് ഗര്‍ഭകാലം കടന്നുപോയതെന്നും അഭിമുഖത്തില്‍ മേഗന്‍ വെളിപ്പെടുത്തി. പിറക്കാനിരിക്കുന്ന മകന്റെ നിറമെന്താകുമെന്ന ആകുലത ചുറ്റിലുമുള്ളവര്‍ തന്നിലേക്ക് പകര്‍ത്തിയപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചു എന്നു വരെ മേഗന്‍ പരസ്യപ്പെടുത്തി. ഈ മാനസിക സംഘര്‍ഷങ്ങളെ 'റോയല്‍ സ്ട്രഗിൾ' എന്നാണ് അവര്‍ പേരിട്ട് വിളിച്ചത്.

2019 മെയ് ആറിന് ഇരുവരുടേയും ജീവിതത്തിലേക്ക് ആര്‍ച്ചിയെന്ന മകനെത്തി. എന്നാല്‍ മകനെ സന്തോഷത്തോടെ മുലയൂട്ടാന്‍പോലും മേഗന് കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും കരഞ്ഞുവീര്‍ത്ത മുഖവുമായി മകനെ ലാളിച്ചു. ഒടുവില്‍ ഇരുവരും ഒരു കടുത്ത തീരുമാനത്തിലെത്തി. എല്ലാ പദവികളും ഉപേക്ഷിച്ച് എന്നെന്നേക്കുമായി കൊട്ടാരം വിടുക. സ്വസ്ഥവും സമാധാനവുമായി ജീവിക്കുക.അങ്ങനെ 2020 ജനുവരിയില്‍ ഇരുവരും കൊട്ടാരത്തിന്റെ പടികളിറങ്ങി. 'മുതിര്‍ന്ന അംഗങ്ങള്‍' എന്ന പദവി ഉപേക്ഷിച്ച് താമസം വടക്കേ അമേരിക്കയിലേക്ക് മാറ്റി. ഇതോടെ കൊട്ടാരം അനുവദിച്ചിരുന്ന സാമ്പത്തിക ഉറവിടങ്ങള്‍ റദ്ദാക്കപ്പെട്ടു. പിതാവ് ചാള്‍സ് രാജാവ് ഹാരിയുടെ ഫോണ്‍കോളുകള്‍ എടുക്കാതെ തീര്‍ത്തും അവഗണിച്ചു. 

placeholder
.
ഓപ്ര വിന്‍ഫ്രിയുടെ അഭിമുഖത്തിനിടെ മേഗനും ഹാരിയും | Photo: AP

തന്റെ പിതാവും സഹോദരന്‍ വില്യമും ഈ രാജകീയജീവിതത്തിന്റെ ഭ്രമത്തിന് അടിമപ്പെട്ടുപോയെന്നും അവര്‍ക്ക് സ്വകാര്യജീവിതം നഷ്ടപ്പെട്ടുവെന്നും ഹാരി അഭിമുഖത്തില്‍ വെളിപ്പെടുത്തി ''അമ്മ ഡയാനാ രാജകുമാരി ഈ റോയല്‍ സ്ട്രഗിളില്‍ കുരുങ്ങിപ്പോയി. അവര്‍ എവിടെ ചെന്നാലും നാലുപാടും ഫ്‌ളാഷ്‌ലൈറ്റുകള്‍ മാത്രമായിരുന്നു. സ്വകാര്യജീവിതമില്ലാത്തതില്‍ കോപാകുലയായിരുന്നു പലപ്പോഴും അമ്മ. എലിസബത്ത് രാജ്ഞിയുമായി മൂന്നു തവണയും ചാള്‍സ് രാജകുമാരനുമായി രണ്ടു തവണയും കൊട്ടാരം വിടുന്നതിനു മുമ്പ് സംസാരിച്ചു. മിശ്രവംശജയായ മേഗന്‍ ജന്മം നല്‍കുന്നത് എന്റെ കുഞ്ഞിനാണെന്ന് ചിന്തിക്കാന്‍ കഴിയാത്തവണ്ണം കൊട്ടാരത്തിലുള്ളവര്‍ അന്ധരാണ്''- ഹാരിയുടെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിച്ചു.

കാലിഫോര്‍ണിയയിലെ സമാധാന വീട്

കൊട്ടാരം വിട്ടതോടെ എല്ലാ തരത്തിലുള്ള ആഡംബര, അലങ്കാരങ്ങളില്‍ നിന്നും ഹാരിയും മേഗനും മുക്തരായി. അവര്‍ സന്തോഷത്തോടെയുള്ള ജീവിതം ആരംഭിച്ചു. അവിടെ സംശയമുനകളോ സമ്മര്‍ദ്ദങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ ഇരുവരുടേയും ജീവിതത്തില്‍ വേദനയുണ്ടാക്കുന്ന ഒരു കാര്യം സംഭവിച്ചു. രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഇരുവര്‍ക്കും അതിനുള്ള ഭാഗ്യമുണ്ടായില്ല. മേഗന്റെ ഗര്‍ഭം അലസിപ്പോയി. ആശ്വാസവാക്കുകളോടെ ഹാരി അരികിലുണ്ടായിരുന്നതായിരുന്നു മേഗന്റെ കരുത്ത്. അന്നത്തെ ആ ദുരന്ത ദിവസത്തെ കുറിച്ച് മേഗന്‍ മനസ് തുറക്കുന്നുണ്ട്.

'ആര്‍ച്ചിയുടെ ഡയപ്പര്‍ മാറ്റുകയായിരുന്നു ഞാന്‍. അതിനിടയില്‍ എനിക്ക് ഭയങ്കര വേദന തോന്നി. മകനെ കൈകളില്‍ പിടിച്ച് ഞാന്‍ താഴേക്ക് വീണു. അവന് ഭയം തോന്നാതിരിക്കാനായി വേദനക്കിടയിലും ഞാന്‍ താരാട്ട് പാടിക്കൊണ്ടേയിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് ആ സമയത്ത് തോന്നിയിരുന്നു. എന്റെ ആദ്യ കുഞ്ഞിനെ ഞാന്‍ കൈയില്‍ മുറുകെപ്പിടിച്ചപ്പോള്‍, രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുകയാണെന്ന് ഞാന്‍ മനസിലാക്കി.' മേഗന്‍ അന്നത്തെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്.

placeholder
.
മേഗനും ഹാരിയും മക്കളോടൊപ്പം | Photo: instagram/ alexilubomirski

ഇതിനുശേഷം ആകെ തകര്‍ന്നുപോയെ മേഗന് ഒരു മാറ്റം എന്ന നിലയില്‍ ഹാരി കാലിഫോര്‍ണിയയിലെ മൊന്റെസിറ്റോയില്‍ ഒരു ആഡംബര വില്ല വാങ്ങി. 116 കോടി രൂപയോളം വിലമതിക്കുന്ന ഒരു വില്ല. പതുക്കെ മേഗന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആറു മാസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഗര്‍ഭിണിയായി. 2021 ജൂണ്‍ നാലിന് മകള്‍ ലിലിബെറ്റിന് മേഗന്‍ ജന്മം നല്‍കി. 

കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതോടെ രാജകുടുംബവുമായുള്ള പിണക്കത്തില്‍ ഇരുവരും അല്‍പം അയവ് വരുത്തി. ജൂണില്‍ ഇരുവരും രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സെലിബ്രേഷന്റെ ഭാഗമായി. സെപ്റ്റംബര്‍ എലിസബത്ത് രാജ്ഞി വിട വാങ്ങിയപ്പോള്‍ സംസ്‌കാരച്ചടങ്ങുകളിലും പങ്കെടുത്തു. എന്നാല്‍ അതിനുശേഷം ഇംഗ്ലണ്ടുമായി തങ്ങള്‍ക്കുണ്ടായിരുന്ന ഒരു കണ്ണി കൂടി അവര്‍ അറുത്തുമാറ്റി. തങ്ങളുടെ റോയല്‍ ഭവനം ഇരുവരും ഉപേക്ഷിച്ചു. ഇനി കാലിഫോര്‍ണിയയില്‍ നിന്നൊരു തിരിച്ചുവരവില്ലെന്ന് പറയാതെ പറയുന്നതായിരുന്നു ആ തീരുമാനം!