കാഞ്ഞങ്ങാട് : മലിനജലം ഒഴുക്കിവിട്ട് റോഡിൽ ദുർഗന്ധം പരത്തി കടന്നുപോകുന്ന മീൻവണ്ടികൾ പൊതു സാമൂഹികപ്രശ്നമായി മാറുന്നു. വാഹനത്തിരക്കേറിയ ദേശീയപാതയിലൂടെയും സംസ്ഥപാതയിലൂടെയും മലിനജലം ഒഴുക്കിവിട്ട് കടന്നുപോകുന്ന മീൻലോറികൾക്ക് പുറമെ ഓട്ടോ അടക്കമുള്ള ചെറുവാഹനങ്ങളിൽ യാതൊരുവിധ ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ മീൻവില്പന നടത്തുന്നവരും ഇപ്പോൾ പെരുകിവരികയാണ്.
മീൻവില്പനയ്ക്കായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകൃത മീൻചന്തകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ കച്ചവടം നടത്താൻ പല മീൻകച്ചവടക്കാരും തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.
പിറകുവശത്തെ പൈപ്പിലൂടെയാണ് മീൻലോറികൾ ഓട്ടത്തിനിടെ കണ്ടൈനറുകൾക്കുള്ളിൽ കെട്ടിനിൽക്കുന്ന മലിനജലം ഒഴുക്കിവിടുന്നത്. ഉടമകൾ അറിഞ്ഞുകൊണ്ട് മനപ്പൂർവമാണ് മലിനജലം തള്ളൽ നടത്തുന്നത്.
മീൻലോറികൾ കടന്നുപോയ വഴിയിലൂടെ വരുന്നവാഹനങ്ങളാണ് മലിനജലത്തിന്റെ ദുരിതം പേറേണ്ടിവരുന്നത്. അളിഞ്ഞ മീൻവെള്ളത്തിന്റെ അസഹ്യമായ നാറ്റമാണ് ആദ്യത്തേത്. വാഹനചക്രങ്ങൾ വെള്ളത്തിൽ തെന്നിവീണുള്ള അപകടങ്ങളും പതിവാണ്. ഇത്തരം ലോറികൾ നിർത്തിയിടുന്ന റോഡരികിൽ മീൻവെള്ളം തളംകെട്ടിനിൽക്കുന്നത് കാണാം.
വേനൽകനക്കുന്നതോടെ കണ്ടെയ്നറുകൾക്കുള്ളിലെ ഐസ് ഉരുകി വെള്ളത്തിന്റെ അളവും കൂടുന്നതോടെ മലിന്യംതള്ളലും കൂടുതലാണ്. ചുരുക്കം ലോറികൾ മാത്രമാണ് നിയമം പാലിച്ച് മലിനജലം ഒഴുക്കിവിടാതെ സഞ്ചരിക്കുന്നത്. ആളൊഴിഞ്ഞ റോഡ് പരിസരം നോക്കി മലിനജലം ഒഴുക്കിവിടുന്നവരാണ് കൂടുതൽ.
പട്ടണപ്രാന്തപ്രദേശങ്ങളിൽ ചെറുവാഹനങ്ങളിൽ മീൻവില്പന നടത്തുന്നവർ സന്ധ്യമയങ്ങുന്നതോടെ സമീപപട്ടണങ്ങളിലെ റോഡരിക് കൈയ്യടക്കുന്നതും പതിവായിട്ടുണ്ട്.
സർവീസ് റോഡിലേക്കും സമീപ ഓവുചാലുകളിലേക്കുമാണ് ഇക്കൂട്ടർ മാലിന്യം ഒഴുക്കിവിടുന്നത്. ഇത് പകൽനേരങ്ങളിലും പട്ടണത്തിൽ ദുർഗന്ധം പരത്തുന്നു.
പോലീസും മോട്ടോർവാഹനവകുപ്പും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ പുലർത്തിവരുന്ന ജാഗ്രതക്കുറവാണ് ഇത്തരം പ്രവണത കൂടുന്നതിന് ഇടയാക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. മീൻ പെട്ടെന്ന് അളിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ പലപ്പോഴും ഉദ്യോഗസ്ഥ പരിശോധന പേരിനുമാത്രമായി മാറുന്നതായും പരാതിയുണ്ട്.
പലപ്പോഴും യാത്രക്കാരുടെയും നാട്ടുകാരുടെയു പരാതി ഉയരുമ്പോഴാണ് നിവൃത്തിയില്ലാതെ ഉദ്യോഗസ്ഥനടപടി ഉണ്ടാകുന്നതെന്ന ആക്ഷേപമാണ് റോഡരികിലെ താമസക്കാരായ നാട്ടുകാരും കച്ചവടക്കാരും പങ്കുവെക്കുന്നത്.
മാലിന്യമൊഴുക്കി മീൻവില്പന; രണ്ടുപേർക്കെതിരേ കേസ്
പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കി പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം മത്സ്യവില്പന നടത്തിയ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു.
കോട്ടച്ചേരി ട്രാഫിക് കവലയിലും പുതിയകോട്ട ടി.ബി.റോഡിലും ഗുഡ്‌സ് ഓട്ടോറിക്ഷയിൽ മത്സ്യവില്പന നടത്തിയവർക്കെതിരേയാണ് പോലീസ് കേസെടുത്തത്.
അജാനൂർ കാറ്റാടിയിലെ ഷംസുദ്ദീൻ (25), കല്ലൂരാവിയിലെ കെ. അസിനാർ (63) എന്നിവർക്കെതിരേയാണ് ഹൊസ്ദുർഗ് എസ്.ഐ. നീതു തച്ചഞ്ചേരി കേസെടുത്തത്.
Published: 25 Sept 2026, 04:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented