പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയുടെ ഒരു ഭാഗത്തെ സീലിങ്ങിൽ വിള്ളൽ വീണ് അടർന്നു വീഴാറായ നിലയിൽ. അഞ്ചാം നിലയിൽ നിന്ന് ആറാം നിലയിലേക്ക് കയറുന്ന റാംപിനു മുകളിലെ സീലിങ്ങിലാണ് വിള്ളൽ ഉള്ളത്. രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം ആശ്രയിക്കുന്ന ഭാഗമാണ്. ചക്രക്കസേരകളിൽ രോഗികളെ കൊണ്ടുവരുന്നതും റാംപ് വഴിയാണ്. വിള്ളൽ അടർന്ന് ഏത് സമയത്തും ആളുകളുടെ തലയിൽ വീഴാനുള്ള സാധ്യത ഉണ്ട്.
ലിഫ്റ്റുകൾ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ
രോഗികളും കൂട്ടിരിപ്പുകാരും ഇവിടെത്തിയാൽ നട്ടം തിരിയുന്ന അവസ്ഥയാണ്. നാല് ലിഫ്റ്റുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. രോഗികളെ കൂട്ടിയും ഭക്ഷണം വാങ്ങുന്നതി നുമൊക്കെ കയറിയിറങ്ങി തളരുകയാണ് കൂട്ടിരിപ്പുകാർ
ശോചനീയം ശൗചാലയങ്ങൾ
ആസ്പത്രിയിലെ ശൗചാലയങ്ങളുടെ ദുരവസ്ഥ നേരത്തെയും ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. വാതിലടയ്ക്കാൻ ഒരാളെ പുറത്തു നിർത്തേണ്ട അവസ്ഥയാണ്. മിക്ക ശൗചാലയങ്ങളുടെ വാതിലുകൾ കൊളുത്തില്ലാത്തവയും പൊട്ടിപ്പൊളിഞ്ഞവയുമാണ്. പൈപ്പുകളും ബക്കറ്റുകളും കപ്പുകളും നഷ്ടമാവുകയും നശിപ്പിക്കപ്പെടുകയും പതിവാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇതിനുള്ളിൽ കൊണ്ടിടുന്നതും പതിവാണ്. വൃത്തിയും സൗകര്യങ്ങളും ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.
കുടിവെള്ളത്തിന് നെട്ടോട്ടം
കുടിവെള്ളത്തിന് സ്ഥാപിച്ച സംവിധാനങ്ങൾ എല്ലാ നിലയിലും തകരാറിലാണ്. ഇതിൽ മിക്കതിലും ചൂടുവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ചൂടുവെള്ളത്തിനായി ദിവസം മൂന്നും നാലും തവണ കാൻറിനിലേക്ക് പോയി വരണമെന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
വാപ്കോസിന്റെ അനാസ്ഥ
വാപ്കോസിന്റെ അനാസ്ഥയാണ് പ്രധാന കാരണമെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു. 30 കോടി രൂപയ്ക്ക് വാപ്കോസിന് നിർമാണ കരാർ നൽകിയതാണ്. എന്നാൽ നാല് മാസത്തിലധികമായി അറ്റകുറ്റപ്പണി പോലും നടത്താത്ത അവസ്ഥയാണ്. ലിഫ്റ്റുകളും നിയോ നേറ്റൽ വിഭാഗത്തിൽ എസികളും പ്രവർത്തനരഹിതമായിട്ടും തിരിഞ്ഞു നോക്കിയില്ല. ആസ്പത്രി എൻജിനീയറിങ് വിഭാഗത്തിന് ഇത്തരം പ്രവൃത്തികളിൽ ഇടപെടാൻ സാധിക്കില്ല. ആസ്പത്രി വികസന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു എന്നും സൂപ്രണ്ട് വ്യക്തമാക്കി.
Content Highlights: Patients and bystanders at Kannur Government Medical College face severe hardships due to damaged ceilings, broken lifts, and poor amenities.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented